Categories: Article

കേരളം എങ്ങോട്ട്?

ചിലത് ചര്‍ച്ച ചെയ്യുകയും ചിലത് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളം മതരാഷ്ട്രീയത്തിന്റെ പിടിയില്‍ അമര്‍ന്നുവെന്ന സാഹചര്യത്തെയാണ് വ്യക്തമാക്കുന്നത്. തീവ്രമുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ മാത്രമല്ല, മാധ്യമങ്ങളെയും സംസ്ഥാനഭരണകൂടത്തെയും നിയന്ത്രിക്കുന്നു.

സുപ്രധാന കാര്യങ്ങള്‍ തമസ്‌കരിക്കുകയും അപ്രസക്തവും അസത്യവുമായ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മാധ്യമങ്ങള്‍,സാമൂഹ്യമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ച് കലാ – സാംസ്‌കാരിക- രാഷ്‌ട്രീയ- സാമുദായിക രംഗത്തെ പ്രമുഖര്‍ നടത്തുന്ന പ്രതികരണങ്ങള്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെന്തെന്ന്  വ്യക്തമാക്കുന്നു. ബംഗാള്‍  അക്രമം, പാലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം, ലക്ഷദ്വീപിലെ വികസനനീക്കങ്ങളിലെ വിവാദം എന്നിവയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിലെല്ലാമുള്ള സമാനത പ്രബുദ്ധ കേരളം ഗൗരമായി ചര്‍ച്ചയ്‌ക്ക് വിധേയമാക്കേണ്ടതാണ്.  

വിഷയങ്ങളുടെ ന്യായാന്യയങ്ങളല്ല വാര്‍ത്തയാകുന്നത്. മറിച്ച് ഏതോ കേന്ദ്രങ്ങളില്‍ നിന്നും തയ്യാറാക്കുന്ന ടൂള്‍ കിറ്റുകളാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. മുസ്ലീം മൗലികവാദ സംഘടനകള്‍ നിര്‍ണ്ണയിക്കുന്ന അജണ്ടകളാണ് ഇതിന്റെ പ്രധാന ഉള്ളടക്കം. ഇരയേയും, അക്രമിയേയും മുന്‍കൂട്ടി നിശ്ചയിക്കുന്ന പ്രവണത മാധ്യമധര്‍മ്മമായി മാറുന്നു. ബംഗാള്‍ സംഘര്‍ഷത്തിലും, ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിലും  മുസ്ലിം സമൂഹം  അറിഞ്ഞോ അറിയാതെയോ അക്രമത്തിന്റെ പക്ഷത്താണെന്ന ആരോപണം വളരെ ശക്തമാണ്. ദേശീയ അന്തര്‍ദേശീയമാധ്യമങ്ങളും, കോടതികളും, ഐക്യരാഷ്‌ട്രസംഘടനയുമൊക്കെ മുന്നോട്ട് വെയ്‌ക്കുന്ന റിപ്പോര്‍ട്ടുകള്‍ ഈ ആരോപണത്തെ സാധൂകരിക്കുന്നുമുണ്ട്.

ലക്ഷദ്വീപ് വിവാദം ലക്ഷ്യംവെക്കുന്നത് ദ്വീപിലെ മുസ്‌ലിം സമൂഹത്തെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന ധാരണപരത്താനാണ്.  അതേസമയം ബംഗാളില്‍ നടന്ന ക്രൂരമായ വംശഹത്യ കേരളം ചര്‍ച്ച ചെയ്യാതെ തമസ്‌കരിച്ചു. ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ച് ഹമാസിനെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിച്ചത്. അതിനെ പാലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന മറയുണ്ടെന്ന് മാത്രം.  

ബംഗാള്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്  ശേഷം പശ്ചിമബംഗാളില്‍ സ്ത്രീകളടക്കം 24 പേര്‍ കൊല്ലപ്പെട്ടു, നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 15000 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 ജില്ലകളില്‍ 16ജില്ലകളിലും അക്രമബാധിത പ്രദേശങ്ങളായി.  ആയിരങ്ങളാണ് അക്രമം ഭയന്ന് അസം, ജാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തത്. ജനാധിപത്യ വ്യവസ്ഥയെ നാണിപ്പിക്കും വിധം പോലീസ് നിര്‍ജ്ജീവമാവുകയോ, നിസ്സംഗത കൈക്കൊള്ളുകയോ ചെയ്തു. മേദിനിപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ ഉള്ള ശ്രീരാമക്ഷേത്ര മുള്‍പടെ നിരവധിക്ഷേത്രങ്ങള്‍അഗ്നിക്കിരയാക്കി. കേന്ദ്രമന്ത്രി വി. മുരളീധരനെയും, ഗവര്‍ണര്‍  ജഗദീപ് ധന്‍കറെയും  തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചു. 24ഫര്‍ഗ്ഗാനാസ്  ജില്ലയിലാണ്  എറ്റവും ക്രൂരവും ഭയാനകവുമായ  അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമത്തിന്റെ ആരംഭ കേന്ദ്രവും, 24ഫര്‍ഗ്ഗാനാസും, മേദനിപൂരുമായിരുന്നു. ഈ കൊടിയ ക്രൂരത കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതേയില്ല. എന്നാല്‍  ബംഗാളില്‍ കണ്ട സംഘികളൊക്കെ കൊല്ലപെട്ടാല്‍ അത് വാര്‍ത്തയാക്കാന്‍  പറ്റില്ല എന്ന നയം ഒരു ചാനലിലെ റിപ്പോര്‍ട്ടറുടെ വായില്‍ നിന്ന് വീണ വാക്കുമാത്രയിരുന്നില്ല, മാധ്യമങ്ങളുടെ തലപ്പത്ത് അടയിരിക്കുന്ന ഇടത് ഫാസിസ്റ്റ് മനോഭാവം തന്നെയാണ്.  ടെലഗ്രാഫ് പത്രാധിപര്‍ ജമാഅത്തെ ഇസ്ലാമി ചാനലിലെത്തി ചോദിച്ചത് കേന്ദ്രമന്ത്രിമാരെന്തിന് ബംഗാളില്‍ പോയി എന്നായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറവില്‍ മതഭീകരസംഘടനകള്‍ അഴിഞ്ഞാടിയത് മലയാളമാധ്യമങ്ങളുടെ വാര്‍ത്തയേ ആയില്ല. .

സൗമ്യസന്തോഷ് എന്ന മലയാളി നഴ്‌സ് മെയ് 12ന് ഹമാസ്  ഭീകരവാദികളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അത് ഹമാസ് ഭീകരതയാണെന്ന് പറയാന്‍ രാഷ്‌ട്രീയ നേതാക്കള്‍ മാത്രമല്ല മാധ്യമങ്ങളും മടിച്ചു. സൗമ്യയുടെ മരണം ചാനല്‍ ചര്‍ച്ചകള്‍ക്ക് വിഷയമായില്ല. ബംഗാള്‍ ജനതയുടെയും സൗമ്യയുടെയും മനുഷ്യാവകാശം മാധ്യമങ്ങളുടെ പരിഗണനയില്‍ വന്നില്ല. ‘ഹമാസ് ‘ ഒരു  രാഷ്‌ട്രത്തെ അല്ല പ്രതിനിധീകരിക്കുന്നത് മറിച്ച്, പലരാജ്യങ്ങളും ഭീകരമുദ്ര ചാര്‍ത്തിയ ഒരു സംഘടനയെയാണ്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ഇസ്രയേലിന് നേരെ  റോക്കറ്റുകള്‍ തൊടുത്തുവിടുന്ന  ഭീകരവാദികളായ’ഹമാസിനെ ‘ഐക്യരാഷ്‌ട്രസഭയില്‍ പാലസ്തീന്‍ തന്നെ തള്ളിപ്പറയുമ്പോഴും ഇവിടെ ഹമാസിന് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളും.  പൊതുവേ ലോകത്തെവിടെയെങ്കിലും ഒരു മലയാളി ഏതെങ്കിലും തരത്തില്‍ കൊല്ലപ്പെട്ടാല്‍ തെരുവുകളില്‍ ഇറങ്ങി മെഴുകുതിരികത്തിക്കുന്നവര്‍, കവിതയെഴുതിയും ഒപ്പുസമാഹരിച്ചും പ്രതികരിക്കുന്നവര്‍ ഇവിടെ മൗനത്തിലായിരുന്നു.

മുഖ്യമന്ത്രിയുംപിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമടക്കമുള്ളവര്‍ അനുശോചന കുറിപ്പുകളില്‍ തിരുത്തുവരുത്തി ലജ്ജയില്ലാതെ പുനപ്രസിദ്ധീകരിക്കുകയായിരുന്നു. ഹമാസ് ഭീകരര്‍ അങ്ങകലെ പാലസ്തീനിലല്ല മറിച്ച് നമുക്ക് ചുറ്റുമുണ്ടെന്ന ഭീതിദമായ സാഹചര്യത്തെയാണ് കേരളം നേരില്‍ കാണുന്നത്. മുസ്ലിം ഭീകരതയെ ഭയപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വിസ്ഡം സ്റ്റഡി സെന്റര്‍  നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ  പരിപാടിയില്‍ പങ്കെടുത്ത സിപിഎം  പോളിറ്റ് ബ്യൂറോ അംഗം  എം എ ബേബി  സൗമ്യസന്തോഷിന്റെ  കൊലപാതകം  ഇസ്രായേലിന്റെ തലയില്‍ കെട്ടി വയ്‌ക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന വ്യക്തമാക്കണം. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ കണ്ട മൗനത്തിന്റെ ആവര്‍ത്തനമാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.  

മെയ് 23ന്  സാമൂഹ്യ മാധ്യമങ്ങള്‍  വഴിയാണ് ലക്ഷദ്വീപ് വികസനവുമായി  ബന്ധപെട്ട വിവാദം വൈറലാവുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായിരുന്നു സിനിമാപ്രവര്‍ത്തകരും രാഷ്‌ട്രീയ നേതാക്കളും മുസ്ലിം മതവര്‍ഗീയ സംഘടനകളും ഒരേ സ്വരത്തില്‍ പ്രചരിപ്പിച്ചതെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളം തിരിച്ചറിഞ്ഞു. ലക്ഷദ്വീപിന്റെ അവികസിതാവസ്ഥ നിലനിര്‍ത്തേണ്ടത് ഏതോ ചില കേന്ദ്രങ്ങളുടെ ആവശ്യമാണെന്ന യാഥാര്‍ത്ഥ്യമാണ് വിവാദത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ലക്ഷദ്വീപ് സമൂഹം ഭാരതത്തെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായപ്രദേശങ്ങളില്‍ ഒന്നാണ്.  പാക്കിസ്ഥാനും ചൈനയും ലക്ഷദ്വീപിനെ ലക്ഷ്യം വെക്കുന്നുണ്ട്. മലബാറും ദക്ഷിണകാനയും ലക്ഷദ്വീപുമടങ്ങുന്ന വിശാല മുസ്ലീം സംസ്ഥാനം വിഭജനകാലഘട്ടത്തില്‍ മുസ്ലിം ലീഗിന്റെ ആവശ്യമായിരുന്നു. അന്നത്തെ മുസ്ലിം ലീഗിന്റെ പാരമ്പര്യം പേറുന്ന പാകിസ്ഥാന്‍ ഭരണാധികാരികള്‍ക്ക് ലക്ഷദ്വീപില്‍ കണ്ണുണ്ടാകാം. എന്നാല്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും സിനിമാപ്രവര്‍ത്തകരും യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് എന്തിനാണ്. ലക്ഷദ്വീപിന്റെ സുരക്ഷയ്‌ക്ക് അതീവ പ്രാധാന്യം നല്‍കുന്ന ഭരണകൂടം ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും അവിടുത്തെ ജനതയുടെ സംരക്ഷണത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്നു.

ഭാരതത്തിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുവാനുംതീവ്രവാദികള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കുന്നതിനും സൗകര്യപ്രദമായ ഇടമായി ലക്ഷദ്വീപിലെ ജനവാസമില്ലാത്ത കേന്ദ്രങ്ങള്‍ മാറ്റിയെടുക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ശക്തികള്‍ക്ക് ചിലര്‍ പിന്തുണനല്‍കുകയാണ്. ഈ സമുദ്രമേഖലയില്‍ നിന്നാണ് കിലോക്കണക്കിന് മയക്കുമരുന്നുംആയുധങ്ങളുമായി ആളുകള്‍ സഹിതമുള്ള ബോട്ടുകള്‍ സുരക്ഷാസേന  കസ്റ്റഡിയിലെടുത്തത്.  

ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനും കുത്തഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമാക്കുവാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ വിദ്വേഷം ജനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു. ചിലത് ചര്‍ച്ച ചെയ്യുകയും ചിലത് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളം മതരാഷ്‌ട്രീയത്തിന്റെ പിടിയില്‍ അമര്‍ന്നുവെന്ന സാഹചര്യത്തെയാണ് വ്യക്തമാക്കുന്നത്. തീവ്രമുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ മാത്രമല്ല, മാധ്യമങ്ങളെയും സംസ്ഥാനഭരണകൂടത്തെയും നിയന്ത്രിക്കുന്നു. നിയമസഭ ഒരിക്കല്‍ കൂടി അതിന് വേദിയാകുന്നുവെന്നതാണ് ലക്ഷദ്വീപിനെ സംബന്ധിച്ച പ്രമേയത്തിന് തയ്യാറാകുന്നുവെന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളമെത്തിനില്‍ക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിന്റെ ആഴം ജനാധിപത്യ സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. ചിലരെ ഭയക്കുകയും ചിലര്‍ക്കുമുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്ന കേരളമാണോ നവകേരളമെന്ന് സംസ്ഥാന ഭരണനേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്.

വി. മഹേഷ്

(ഭാരതീയ വിചാരകേന്ദ്രം

സംസ്ഥാന സംഘടനാ കാര്യദര്‍ശി)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: kerala