Categories: Kerala

കവലയില്‍ ഇനി ഉടമയില്ല; ‘ബാലന്‍പിള്ള സിറ്റി’ക്ക് പേര് നല്‍കിയത് ഈ ബാലന്‍പിള്ള

കല്ലാര്‍ പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്നു ബാലന്‍പിള്ള. അഞ്ച് വര്‍ഷം മുമ്പാണ് നാട്ടുകാരുടെ ക്ഷണപ്രകാരം സ്ഥലത്ത് അവസാനമായെത്തിയത്. കച്ചവട ആവശ്യങ്ങള്‍ക്കായി അനവധി ആളുകള്‍ വന്ന് പോയിരുന്ന സ്ഥലത്തെ ഇടത്താവളമായി വിലയിരുത്തി വീടിനോട് ചേര്‍ന്ന് തന്നെ പലച്ചരക്ക് കട തുടങ്ങുകയായിരുന്നു. പിന്നീടത് ചായയടക്കം ലഭിക്കുന്ന കടയായി വളര്‍ന്നു.

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം-രാമക്കല്‍ മേട് റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ബാലന്‍പിള്ള സിറ്റിക്ക് ആ പേര് ലഭിക്കാന്‍ കാരണക്കാരനായ ബാലന്‍പിള്ള യാണ്  ഇന്നലെ ആലപ്പുഴ  മാതിരപ്പള്ളി വരുണ്‍ നിവാസില്‍ അന്തരിച്ചത്.

കല്ലാര്‍ പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്നു ബാലന്‍പിള്ള. അഞ്ച് വര്‍ഷം മുമ്പാണ് നാട്ടുകാരുടെ ക്ഷണപ്രകാരം സ്ഥലത്ത് അവസാനമായെത്തിയത്. കച്ചവട ആവശ്യങ്ങള്‍ക്കായി അനവധി ആളുകള്‍ വന്ന് പോയിരുന്ന സ്ഥലത്തെ ഇടത്താവളമായി വിലയിരുത്തി വീടിനോട് ചേര്‍ന്ന് തന്നെ പലച്ചരക്ക് കട തുടങ്ങുകയായിരുന്നു. പിന്നീടത് ചായയടക്കം ലഭിക്കുന്ന കടയായി വളര്‍ന്നു. കരുണാപുരം പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന പ്രശസ്തമായ ചെറുപട്ടണമാണ് ബാലന്‍പിള്ള സിറ്റി. നെടുങ്കണ്ടത്ത് നിന്ന് 12 കിലോമീറ്റര്‍ മാത്രം ദൂരം, തമിഴ്നാട് അതിര്‍ത്തിക്ക് വളരെ അടുത്തുള്ള സ്ഥലം.

ലാല്‍ ജോസ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് സിറ്റി വലിയ പ്രസിദ്ധി നേടിയത്. സിനിമയുടെ ചിത്രീകണം നടന്നത് തൊടുപുഴയിലാണെങ്കിലും കഥയിലെ സിറ്റിയുടെ പേര് ബാലന്‍പിള്ള സിറ്റി എന്നായിരുന്നു. ഇതോടെ സ്ഥലം വാര്‍ത്തകളിലും പുതുതലമുറയുടെ മനസിലും ഇടംപിടിച്ചു.

1955 കല്ലാര്‍ പട്ടം കോളനി രൂപീകരണവുമായി ബന്ധപ്പെട്ട് ആണ് ഇദ്ദേഹം ഇവിടെ എത്തുന്നത്. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായിരുന്നു രാമക്കല്‍മേട്. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന മേഖല. ബാലന്‍പിള്ള സിറ്റിയില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം ദൂരം. അന്നത്തെ തമിഴ്നാട്ടിലെ പ്രധാന കച്ചവട കേന്ദ്രമായ കമ്പം പുതുപ്പെട്ടിയിലേക്ക് സിറ്റിയില്‍ നിന്ന് വനത്തിലൂടെ നടന്ന് പോകാനുള്ള ദൂരം മാത്രം. ഇവിടെ നിന്നെല്ലാം വ്യാപാര ആവശ്യങ്ങള്‍ക്ക് പതിവായി ആളുകളെത്തിയിരുന്നു. ഇതോടെയാണ് 1960 കാലത്ത് ബാലന്‍പിള്ള കച്ചവട സ്ഥാപനം തുടങ്ങുന്നത്. ആവശ്യമായ സാധനങ്ങള്‍ ചെറിയ വിലയില്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചു. വാഹന സൗകര്യം ഇല്ലാത്ത കാലഘട്ടത്തില്‍ കഴുതപ്പുറത്തായിരുന്നു സാധനങ്ങള്‍ കൊണ്ടുവന്നിരുന്നത്. പിന്നീട് കച്ചവടം അവസാനിപ്പിച്ച് 3.5 പതിറ്റാണ്ട് മുമ്പ് ആലപ്പുഴയിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. ബാലന്‍പിള്ള മാറി പോയപ്പോഴും സ്ഥലപ്പേര് അങ്ങനെ തന്നെ തുടര്‍ന്നു.

അന്ന് ഒന്നോ രണ്ടോ കടകള്‍ ഉണ്ടായിരുന്ന സ്ഥലം ഇന്ന് ചെറിയ പട്ടണം തന്നെയാണ്. പോസ്റ്റ് ഓഫീസ്, സ്‌കൂള്‍, ആരാധനലയങ്ങള്‍, ഓഡിറ്റോറിയം എന്നിവ കൂടാതെ എല്ലാത്തരം സാധനങ്ങളും ലഭിക്കുന്ന 50ന് മുകളില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങളും ഇന്ന് ഇവിടെയുണ്ട്. രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലും വലിയ വളര്‍ച്ച സിറ്റി നേടി. ടൗണിന് പരിസരപ്രദേശങ്ങളിലായി ചെറുതും വലുതുമായ അനവധി റിസോര്‍ട്ടുകളുണ്ട്. ഇവിടെ നിന്ന് തമിഴ്നാട്ടിലെ കമ്പം, തേനി, തേക്കടി, മൂന്നാര്‍, കോട്ടയം എന്നിവിടങ്ങളിലേക്കും എത്തിച്ചേരാന്‍ ഇന്ന് വഴികളുണ്ട്.

രാജേഷ്‌കുമാര്‍ ഹരി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക