പയ്യന്നൂര്‍: മലബാറിലെ എല്ലാ ദേവസ്വങ്ങള്‍ക്കും മുടങ്ങികിടക്കുന്ന ആന്യുറ്റി കൊടുത്തു തീര്‍ക്കാനും നിലവിലുള്ള കോടതി വിധികള്‍ അനുസരിച്ച് ദേവസ്വങ്ങള്‍ക്ക് ഭൂസ്വത്തില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതം കാലാനുസൃതമായി വര്‍ധിപ്പിച്ച് ഉടന്‍ അനുവദിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള ക്ഷേത്ര ഊരാള സഭ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷേത്രങ്ങളിലെ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തി ജീവനക്കാര്‍ക്കുള്ള വേതന കുടിശ്ശിക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കേണ്ടതാണ്. ദേവസ്വം ഊരാളന്മാരുടെ അധികാര – അവകാശങ്ങളില്‍ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം. അത്തരത്തിലുള്ള നീക്കങ്ങള്‍ നേരിടേണ്ടി വരികയാണെങ്കില്‍ ആവശ്യമായ നിയമ നടപടികള്‍ കൈകൊള്ളുന്നതാണെന്ന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗം തീരുമാനിച്ചു.
ക്ഷേത്രഭൂസ്വത്തു തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണെന്നും ഊരായ്മ ദേവസ്വം ബോര്‍ഡ് രൂപീകരണത്തിനു തീരുമാനമായെന്നും ഭാരവാഹികള്‍ അറിയിച്ചു. എച്ച്എച്ച് ബദരീനാഥ് മുന്‍ റാവല്‍ജി ശ്രീരാഘവപുരം സഭായോഗം അദ്ധ്യക്ഷത വഹിച്ചു. പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചീഫ് കോ.ഓര്‍ഡിനേറ്റര്‍ പേര്‍ക്കുണ്ടി വാദ്ധ്യാന്‍ ഹരി നമ്പൂതിരി, സ്റ്റേറ്റ് കണ്‍വീനര്‍ വി.ജെ.പി. ഈശ്വരവാദ്ധ്യാന്‍, പ്രസിഡണ്ട് കുഞ്ഞി മാധവന്‍ കനകത്തടം, ജന. സെക്രട്ടറി പുതുമന ജി. പ്രസാദ്, ഖജാന്‍ജി രാമദാസ് വാഴുന്നവര്‍, മംഗലശേരി രാജേന്ദ്രന്‍ നമ്പൂതിരി ( സ്റ്റേറ്റ് പിആര്‍ഒ), മാനവര്‍മ്മരാജ (കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട്), മല്ലിശ്ശേരി വാസുദേവന്‍ നമ്പൂതിരി (കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി), ശ്രീകേശ് നമ്പൂതിരി (കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), ഹരിഹരന്‍ നമ്പൂതിരി (മലപ്പുറം ജില്ല ), ശിവപ്രകാശ് വെള്ളാട് ( കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: