കൊല്ലം: ഇസ്രയേല്‍ നടത്തിവരുന്നത് യുദ്ധമല്ല, മറിച്ചു അതിജീവനത്തിനും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പ്പാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംഘടനാ സെക്രട്ടറി ജെ. നന്ദകുമാര്‍. യഹൂദ സമൂഹത്തെ ഒരു നിമിഷം കൊണ്ട് ഉന്മൂലനം ചെയ്യാനുള്ള വാശിയോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ സമൂഹത്തെ തിരിച്ചറിഞ്ഞ് ഭാരതമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അതിരുകളില്ലാത്ത ഭീകരവാദവും ഇസ്രയേല്‍ സംഘര്‍ഷവും’ എന്ന വിഷയത്തില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം അവലോകനം ചെയ്ത അദ്ദേഹം നിരവധി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര ആക്രമണങ്ങളിലൂടെ വംശഹത്യയെ നേരിട്ട ഒരു ജനതയുടെ അതിജീവന ചരിത്രത്തിനു സമാനതകള്‍ ഇല്ലാത്തതാണെന്നും പറഞ്ഞു.
ഭാരതത്തിന്റെ ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന് ലോകത്തോട് പരസ്യമായി പ്രഖ്യാപിക്കുകയും ഏതു ആവശ്യത്തിനും ഭാരതത്തോടൊപ്പം നിലകൊള്ളാറുമുള്ള ഇസ്രയേലിന്റെ നയങ്ങള്‍ എന്നും സമാധാനത്തിനൊപ്പമാണ്. എന്നാല്‍ അവര്‍ ആയുധം താഴെ വയ്‌ക്കുന്ന നിമിഷം ശത്രു രാഷ്‌ട്രങ്ങള്‍ അവരെ വളഞ്ഞിട്ടാക്രമിച്ച് ഇല്ലാതാക്കുമെന്ന അവരുടെ ആശങ്ക ശരിയാണെന്ന് ലോകം തിരിച്ചറിയണം. സ്വന്തം ജന്മഭൂമി ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകാനിടയായ യഹൂദ വംശത്തിന്റെ അതിദയനീയമായ ചരിത്രം മാനിച്ച് വേണം നാം നിലപാടുകള്‍ രൂപീകരിക്കേണ്ടത്. അല്ലാതെ കേവലം മതത്തിന്റെ നിറം അടിസ്ഥാനമാക്കിയാകരുത്.
ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളും ചെറുത്തുനില്‍പ്പും എല്ലാക്കാലത്തും അന്താരാഷ്‌ട്ര യുദ്ധ നിയമങ്ങളെ മാനിച്ചു കൊണ്ടാണെന്നതും ശ്രദ്ധേയമാണ്. സമാധാനത്തിന് ഇസ്രയേല്‍ അല്ല, മറിച്ചു ഭീകരര്‍ ആയുധം താഴെ വച്ചാല്‍ മതി എന്ന ഇസ്രയേല്‍ നിലപാട് ആഗോള ഭീകരതക്കെതിരെ പോരാടുന്ന ലോകരാഷ്‌ട്രങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന പലസ്തീന്‍ ഹമാസ് ഭീകരാക്രമണത്തില്‍ മരിച്ച നിഷ്‌കളങ്കയായ മലയാളി യുവതിയുടെ മൃത ശരീരത്തിനു മാന്യമായ ആദരം നല്‍കുവാന്‍ കഴിവില്ലാതെ കേരളത്തിലെ ഭരണാധികാരികളും പ്രതിപക്ഷ നേതാക്കളും മാറിയത് മത തീവ്രവാദികളെ പ്രീണിപ്പിക്കാനല്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മലയാളി കൊല്ലപ്പെടുന്നതിനെ അപലപിച്ചത് സൈബര്‍ ലിഞ്ചിങ്ങിനു വിധേയമാക്കപ്പെടുന്ന കാര്യം കേരളത്തിലെ മാത്രം പ്രത്യേകതയാണ്. ഹമാസിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പോലെ കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനം നല്‍കുന്നത് ദുസ്സൂചനകളാണ്. മരണം അപലപിക്കുമ്പോള്‍ പോലും മതഭീകരരുടെ ഇച്ഛക്കനുസരിച്ചുള്ള രാഷ്‌ട്രീയ നേതാക്കളുടെ ചുവടുമാറ്റം വിപത്തിന്റെ സൂചനയുമാണ്. മാധ്യമങ്ങളുടെ മൗനവും ബുദ്ധിജീവികളുടെ നിസ്സംഗതയും ഒരു ബൗദ്ധിക അധിനിവേശത്തിന്റെ പടപ്പുറപ്പാടാണോയെന്നു സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: