Categories: Samskriti

കാവലാളുടെ കാവ്യാദര്‍ശങ്ങള്‍

കാവ്യകാരന്റെ അനുഭൂതിലോകവും മീമാംസകന്റെ ധൈഷണിക വീര്യവും സമന്വയിച്ച വിസ്മയ പ്രതിഭയാണ് അനശ്വരനായ ദണ്ഡി. ഗുജറാത്തിലെ ആനന്ദപുരം ഗ്രാമത്തിലാണ് ദണ്ഡി ജനിച്ചത്. വീരദത്തനും ഗൗരിയുമായിരുന്നു അച്ഛനമ്മമാര്‍. പിന്നീട് നാസിക്കിലുള്ള അചലപുരം നഗരത്തിലാണ് മാറി താമസിച്ചത്.

കാവ്യകാരന്റെ അനുഭൂതിലോകവും മീമാംസകന്റെ ധൈഷണിക വീര്യവും  സമന്വയിച്ച വിസ്മയ പ്രതിഭയാണ് അനശ്വരനായ ദണ്ഡി. ഗുജറാത്തിലെ ആനന്ദപുരം ഗ്രാമത്തിലാണ് ദണ്ഡി ജനിച്ചത്. വീരദത്തനും ഗൗരിയുമായിരുന്നു അച്ഛനമ്മമാര്‍. പിന്നീട് നാസിക്കിലുള്ള അചലപുരം നഗരത്തിലാണ് മാറി താമസിച്ചത്.  

ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിവിധ ദേശങ്ങളില്‍ പഠനമനനങ്ങളുമായി ദണ്ഡി സഞ്ചരിക്കാന്‍ തുടങ്ങി. ആര്‍ജിത ജ്ഞാനത്തിന്റെ അമര പ്രഭയില്‍ ദുര്‍വിനീതന്‍ എന്ന് ഗംഗാ രാജാവിന്റെ കൊട്ടാരത്തില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കാലം കടന്നുപോകവേ കാവ്യകലാ മാര്‍ഗത്തില്‍ തിളങ്ങിയ ദണ്ഡി പല്ലവ രാജാവായ സിംഹവിഷ്ണുവിന്റെ ആസ്ഥാന കവിയായി അവരോധിതനായി.  

കാഞ്ചീപുരമായിരുന്നു രാജ്യതലസ്ഥാനം. പിന്നീട് കൊട്ടാരം വിട്ടുള്ള ജ്ഞാനസഞ്ചാരത്തിലാണ് ദണ്ഡിയുടെ ആത്മസ്വത്വം പൂര്‍ണിമ പ്രാപിക്കുന്നത്. വീണ്ടും കാഞ്ചീപുരത്തില്‍ തിരിച്ചെത്തിയ ആചാര്യന്‍ ഗ്രന്ഥരചനയുടെ  മഹോപാസനയിലായിരുന്നു.  

ലളിത കോമള പദാവലിയില്‍ ദണ്ഡിയുടെ സംസ്‌കൃത ഗദ്യകാവ്യങ്ങള്‍ സഹൃദയരിലേക്ക് മന്ദവായു പോലെ ഒഴുകാന്‍ തുടങ്ങി. ‘ദണ്ഡിന പദലാളിത്യം’ എന്ന് പിന്നീട് നിരൂപകര്‍ വാഴ്‌ത്തിയത് ഈ അക്ഷര മാധുരിയാണ്. ‘അവന്തി സുന്ദരീ കഥ’യും ‘ദശകുമാരചരിത’വും ഉത്തമമായ ഗദ്യകാവ്യങ്ങളുടെ മഹാമാതൃകകളായി പുറത്തുവന്നു. ആഖ്യായികയും കഥയുമായി രൂപശില്പം നേടിയ പ്രകൃഷ്ടരചനകള്‍ ആറാം നൂറ്റാണ്ടിന്റെ ആത്മരൂപപ്രകാശനമായി ഇന്നത്തെ നിലയില്‍ ആഖ്യായിക ആത്മകഥയുടെയും കഥ നോവല്‍ ശില്‍പ്പത്തിന്റെയും രൂപഭാവങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ആ രണ്ടു കൃതികളും ഒരു കഥയുടെ ഇരുഭാഗമായുള്ള ആവിഷ്‌കാരമാണ്. മഗധ രാജ്യം വാണിരുന്ന രാജഹംസന്റെ പുത്രന്‍ രാജവാഹനനും സുഹൃത്തുക്കളായ ഒമ്പത് കുമാരന്മാരും വിധിവശാല്‍ വേര്‍പിരിഞ്ഞ് വിവിധ രാജ്യങ്ങളില്‍ എത്തിപ്പെട്ട് ജീവിതം നയിക്കുന്നു. ഒടുവില്‍ അവരെല്ലാം ആഹ്ലാദപൂര്‍വ്വം ഒന്നിച്ചു ചേരുകയാണ്. തങ്ങളുടെ വൈവിധ്യമേറിയ അനുഭവ മേഖലകളും പിന്നിട്ട പ്രതിസന്ധികളും അവര്‍ പരസ്പരം പങ്കിടുന്ന കഥയാണ് ദശകുമാരചരിതം.  

വിസ്മയ വിഭൂതികളും സാഹസിക ചിത്രണങ്ങളും ചേര്‍ന്ന ദണ്ഡിയുടെ ഗദ്യ കാവ്യങ്ങള്‍ രസനീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓജസ്സുറ്റ ശൈലിയിലാണ് ആ രചനാതന്ത്ര നിര്‍വഹണം. കലാ സാഹിത്യം സാഹിത്യമീമാംസ, സംഗീതം, തച്ചുശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലുള്ള സൂക്ഷ്മമായ അറിവനുഭവവും കാവ്യസംസ്‌കൃതിയും മനുഷ്യ മനസ്സിലേക്കുള്ള അനന്തമായ യാത്രാ പദ്ധതിയും ആ അപൂര്‍വ്വ പ്രതിഭയുടെ ആചാര്യ പദവിയെ വാഴ്‌ത്തുന്നു.  

കാവ്യമീമാംസയില്‍ അനശ്വരമായ സ്ഥാനം നേടുകയാണ് ആചാര്യ ദണ്ഡി. ‘കാവ്യാദര്‍ശം’ എന്ന കാവ്യശാസ്ത്രഗ്രന്ഥം കാലാതീതമായ നിരീക്ഷണ വൈഭവത്തോടെ കവിയെയും കവിതയെയും നവപരിപ്രേക്ഷ്യത്തില്‍ സൂക്ഷ്മസംവേദനത്തിന് വിധേയമാക്കുന്നു. യുക്തിഭദ്രവും ലാവണ്യാത്മകവുമായ പരികല്പനകളും വിചിന്തനവുമായി ആ വിചാര ചര്‍ച്ച മുന്നേറുന്നു. പ്രാചീനരായ രാജാക്കന്മാരുടെ കീര്‍ത്തി നശ്വരമായിരിക്കാം. എന്നാല്‍ അവരെ കുറിച്ചുള്ള പ്രകീര്‍ത്തമായ കാവ്യങ്ങള്‍ കാലാതീതമാണെന്ന് ദണ്ഡി സൂചിപ്പിക്കുന്നത് കവിതയുടെ അതീത മൂല്യ സങ്കല്‍പ്പങ്ങളെയാണ്. നൈസര്‍ഗികമായ പ്രതിഭ, നല്ല വ്യുല്‍പത്തി, അമന്ദമായ അഭ്യാസം എന്നിവയാണ് കാവ്യ സമ്പത്തിന് കാരണമെന്ന് ആചാര്യന്‍ നിരീക്ഷിക്കുന്നു. വൈദര്‍ഭി, ഗൗഡി രീതികള്‍ അഭികാമ്യമായി കരുതുന്ന ദണ്ഡി കാവ്യ സൗന്ദര്യത്തിന് ധര്‍മ്മങ്ങളായാണ് അലങ്കാരത്തെ അംഗീകരിക്കുന്നത്.

അനശ്വരമായ കാവ്യ സങ്കല്‍പങ്ങളെയും കാവ്യമീമാംസാ തത്ത്വത്തെയും ആത്മരേഖയുടെ അവബോധത്തില്‍ സാക്ഷാത്ക്കരിക്കുകയായിരുന്നു ആചാര്യ ദണ്ഡി. ദണ്ഡിക്ക് കാവലാള്‍ എന്നൊരര്‍ത്ഥമുണ്ട്. സൂക്ഷ്മ ബുദ്ധിയുടെയും ഐതിഹാസികമായ പ്രതിഭയുടെയും തിളക്കത്തില്‍ ഭാരതീയ കാവ്യലോകത്തിന്റെ കരുത്തുറ്റ കാവലാളിരൊരാളായി ദണ്ഡിയുടെ നാമധേയം ചിരപ്രതിഷ്ഠ നേടുന്നു.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക