തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ, സി.കെ. ബൈജു ചുമതലയൊഴിയാതെ ഒരാഴ്ച കൊണ്ട് ഒപ്പിട്ടത് 396 ഉത്തരവുകള്‍. അഴിമതിക്കാരനായ ഉദ്യോഗസ്ഥന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും പുറത്താക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടും ചുമതലയൊഴിയാന്‍ കൂട്ടാക്കാതെയിരുന്ന ഉദ്യോഗസ്ഥനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്‍കിയത് മറയാക്കിയാണ് വ്യാപക അഴിമതി നടന്നത്. ഈ കാലയളവില്‍ ബൈജു നല്കിയ ഉത്തരവുകളുടെ മറവില്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും കോടികളുടെ ലാഭമുണ്ടാക്കി. ബൈജു നല്കിയ ഉത്തരവുകളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിനോദ് ജി. മുല്ലശ്ശേരില്‍ പുതിയ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് പരാതി നല്കി.
ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ നിലവിലുള്ള, മൈനിങ്് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിന് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വി.ജെ. പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 23 ന് ബൈജുവിനെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായത്. എന്നാല്‍ ഉത്തരവ് വന്ന ശേഷവും ബൈജുവിനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്കി. ക്രഷറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍, മൈനിങ് ലീസ്, ക്വാറികള്‍ക്ക് പെര്‍മിറ്റ്, ഖനന അനുമതി എന്നിവ മാര്‍ച്ച് 31 വരെ ഡയറക്ടറുടെ കസേരയിലിരുന്ന് ബൈജു നിര്‍വഹിച്ചു. 392 ക്രഷറുകളുടെ ഫയലുകളാണ് ഒരാഴ്ചക്കാലയളവില്‍ ഒരു പരിശോധനയും കൂടാതെ ബൈജു ഒപ്പിട്ട് ലൈസന്‍സ് പുതുക്കിയത്. രണ്ട് ക്വാറികള്‍ക്ക് ക്വാറി പെര്‍മിറ്റും ഒരു ലീസും ക്വാറി തുടങ്ങാന്‍ വിവിധ വകുപ്പുകളെ സമീപിക്കുന്നതിനുവേണ്ടി അനുമതി പത്രവും ഇക്കാലയളവില്‍ ബൈജു നല്‍കിയതായി വിനോദ് ജി. മുല്ലശ്ശേരില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറായ കാര്ത്തികേയന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ബൈജു നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.
സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ നിയമയുദ്ധം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ വ്യാജപരാതി നല്കിയ ക്വാറി ഉടമകള്‍ക്കുവേണ്ടി ജിയോളജി വകുപ്പില്‍ നിന്ന് നടപടിയുണ്ടാകുവെന്ന് ചൂണ്ടിക്കാട്ടി മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലാണ് മുന്‍ ഡയറക്ടറുടെ അഴിമതികളും പരിശോധിക്കണമെന്ന് വിനോദ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ മുളവൂര്‍ വില്ലേജില്‍ താമസക്കാരനായ വിനോദിന്റെ വീട്ടില്‍ പാറമടയില്‍ നിന്ന് പാറതെറിച്ചുവീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനെതിരെ സമീപത്തെ ക്വാറികള്‍ക്കെതിരെ വിനോദ് നിയമപോരാട്ടം നടത്തിയിരുന്നു. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലുമുണ്ട്. എന്നാല്‍ വിനോദിന്റെ പു
രയിടത്തിലുള്ള പുരാതനമായ കാടുപിടിച്ചുകിടക്കുന്ന പാറക്കുളം വിനോദ് ഖനനം നടത്തിയതെന്ന് കാട്ടി ക്വാറി ഉടമകള്‍ പരാതി നല്‍കുകയായിരുന്നു. പരാതി എറണാകുളം ആര്‍ഡിഒയും ഹൈക്കോടതിയും തള്ളിയിരുന്നു. 2015ല്‍ ജിയോളജി വകുപ്പും പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി ഫയല്‍ അവസാനിപ്പിച്ചു. ഈ പരാതിയില്‍ വീണ്ടും വിനോദ് ഹാജരാകണമെന്നു കാട്ടി ജിയോളജി വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ നല്കിയ പരാതിയിലാണ് സി.കെ. ബൈജു അനുമതി നല്കിയ ക്വാറികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദ് നിയമയുദ്ധം നടത്തിയ കാറ്റാടി ഗ്രാനൈറ്റ്സ്, പരത്തുവയലില്‍ ഗ്രാനൈറ്റ്സ് എന്നിവ വിവാദ കാലയളവില്‍ സി.കെ. ബൈജു നിയമവിരുദ്ധമായി പെര്‍മിറ്റ് നല്കിയവയില് ഉള്‍പ്പെടുന്നതാണെന്നും ഇതടക്കമുള്ള ഉത്തരവുകളില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: