പരോപകാരാര്‍ത്ഥമിദം ശരീരം എന്ന കാരുണ്യ വാക്യം നാം കേട്ടിട്ടുണ്ട്. സ്വജീവിതം മറ്റുള്ളവരുടെ നന്മയ്‌ക്കായി മാറ്റിവയ്‌ക്കണമെന്നതാണ് ഇതിന്റെ സന്ദേശം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇങ്ങനെ ചെയ്യുന്ന നിരവധി പേരുണ്ട്. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ പകുത്തു നല്‍കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ നമുക്കു ചുറ്റും നിരവധിയുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവന്‍തന്നെ സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവര്‍ വിരളമാണെന്നല്ല, ഇല്ലെന്നു തന്നെ പറയാം. കഥകളില്‍ മാത്രമായിരിക്കും ഇത്തരക്കാരെ നമ്മള്‍ പരിചയപ്പെട്ടിരിക്കുക. നമുക്കിടയില്‍നിന്ന് ഇങ്ങനെയൊരാള്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞു പോയി. സേവനത്തിന്റെ മഹാമാതൃക എന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ആ മനുഷ്യന്‍ ആര്‍എസ്എസിന്റെ ഒരു സ്വയംസേവകനായിരുന്നു. ”അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍” എന്ന കവി വാക്യം അന്വര്‍ത്ഥമാക്കുകയായിരുന്നു നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദാബദ്കര്‍.
ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ വെല്ലുവിളി ഉയര്‍ത്തി ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരിയില്‍ ലോകജനത ഒന്നടങ്കം വിറങ്ങലിച്ചു നില്‍ക്കുകയാണ്. അപ്പോഴും അശേഷം കുലുങ്ങുന്നില്ല സ്വയംസേവകര്‍. കൊവിഡ് മുന്നണിപോരാളികള്‍ക്കൊപ്പം അവര്‍ കൈകോര്‍ത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. മാസ്‌ക് വയ്‌ക്കാന്‍, സാമൂഹിക അകലം പാലിക്കാന്‍. ജനങ്ങളെ ബോധവത്കരിക്കുകയാണ് ഇതിന് ആദ്യം വേണ്ടതെന്നു മനസ്സിലാക്കി. കൊവിഡ് പ്രതിരോധത്തിനൊപ്പം തന്നെ ബോധവത്കരണവും നടത്തി. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ സ്വന്തം ജീവന്‍ തന്നെ നല്‍കി നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് നാരായണ്‍ ദാബദ്കര്‍ എന്ന സ്വയംസേവകന്‍. എണ്‍പത്തിയഞ്ചുകാരനായ ദാബദ്കര്‍ എന്ന വ്യക്തിക്ക് എന്ത് പ്രത്യേകതയാണുള്ളത്? മനുഷ്യത്വം, ദയ, സഹജീവികളോടുള്ള അനുകമ്പ. ഇതൊക്കെ എല്ലാവര്‍ക്കുമില്ലേ, ഉണ്ടാകാം. എന്നാല്‍ മരണത്തിലേക്കാണ് നീങ്ങുന്നതെന്ന പൂര്‍ണ്ണബോധ്യം ഉണ്ടായിട്ടും മറ്റൊരു ജീവന്‍ രക്ഷിക്കാനായി- അതും തികച്ചും അന്യനായ ഒരാളുടെ-സ്വയം വഴിമാറുക. അത് അത്ര ചെറിയ കാര്യമല്ല. ലക്ഷത്തിലൊരാള്‍ക്കുപോലും കഴിയുന്നതുമല്ല.
നാഗ്പൂര്‍ വാര്‍ധ റോഡിലാണ് നാരായണ്‍ ദാബദ്കര്‍ താമസിച്ചിരുന്നത്. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് ആശയങ്ങളോട് താത്പ്പര്യം പ്രകടിപ്പിക്കുകയും, സ്വയംസേവകനായി മാറുകയും ചെയ്തു. കുട്ടികളോടും ദബാദ്കറിന് വളരെ അടുപ്പമാണ്. പോക്കറ്റില്‍ എന്നും കുട്ടികള്‍ക്കായി എന്തെങ്കിലും കരുതിയിരിക്കും.
ദാബദ്കറിന്റെ ദൃഷ്ടിയില്‍ ഏതെങ്കിലും കുട്ടി പതിഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈ പോക്കറ്റിലേക്ക് നീളുകയും, അതില്‍ കരുതിയിട്ടുള്ള മിഠായി കുട്ടികള്‍ക്കായി നല്‍കുകയും ചെയ്യും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് അദ്ദേഹം ‘ചോക്ലേറ്റ് കാക്ക’ (അപ്പൂപ്പന്‍)യാണ്. മറ്റൊരാളെ സഹായിക്കുക എന്നത് ദബാദ്കറുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. കൊറോണ വൈറസിന്റെ തുടക്കത്തില്‍ സ്വന്തം ആരോഗ്യം വകവയ്‌ക്കാതെ സ്വയംസേവകര്‍ക്കൊപ്പം അദ്ദേഹവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
കൊവിഡ് ആദ്യഘട്ടത്തെ പ്രതിരോധിക്കുന്നതില്‍ ദാബദ്കറും ശക്തനായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പിടിവിട്ടു. അങ്ങനെയാണ് നാഗ്പൂര്‍ സ്വദേശിയായ ദബാദ്കര്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തുന്നത്. പ്രായാധിക്യവും കൊവിഡും കൂടിയായപ്പോള്‍ ദാബദ്കറിന്റെ ശരീരത്തില്‍ ഓക്സിജന്‍ ലെവലും വളരെ താഴ്ന്നു. ഇതോടെ പേരക്കുട്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത ശ്വാസംമുട്ടലുണ്ടായിട്ടും ആരുടേയും സഹായമില്ലാതെ വാഹനത്തില്‍ നിന്നിറങ്ങി സ്വയം നടന്നുതന്നെ അദ്ദേഹം ആശുപത്രിയിലേക്ക് കയറി. ദിനംപ്രതി ആരോഗ്യ നില വഷളായിക്കൊണ്ടിരുന്ന അദ്ദേഹത്തിനായി മക്കള്‍ ഏറെ പണിപ്പെട്ടാണ് ആശുപത്രിയില്‍ കിടക്കയും ഓക്സിജനും ലഭ്യമാക്കിയത്. ചികിത്സ ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ കഴിയവെയാണ്, കൊവിഡ് ബാധിതനായ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന ആവശ്യവുമായി ഒരു സ്ത്രീ മക്കള്‍ക്കൊപ്പം ഡോക്ടറോട് കരഞ്ഞ് അപേക്ഷിക്കുന്നത് ദബാദ്കറുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ നിസ്സഹായരായിരുന്നു. ആശുപത്രിയിലാണെങ്കില്‍ പരിമിത സൗകര്യങ്ങളും. സ്ത്രീയുടേയും മക്കളുടേയും ഏക ആശ്രയമാണ് രോഗബാധിതനായ ആ മനുഷ്യന്‍. എന്തുചെയ്യാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ആലോചിച്ചു. ഒടുവില്‍ അവര്‍ നിസ്സഹായരായി.
ഇതു കണ്ട ദാബദ്കര്‍ തന്റെ കിടക്ക വിട്ടു നല്‍കി ആ രോഗിയുടെ ജീവന്‍ രക്ഷിക്കണമെന്ന് സ്വയം മുന്നോട്ടു വന്ന് അറിയിക്കുകയായിരുന്നു. ദാബദ്കറുടെ ആരോഗ്യനിലയും ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മക്കള്‍ ഏറെ കഷ്ടപ്പെട്ടാണ് ആശുപത്രിയില്‍ തനിക്കായി കിടക്ക സംഘടിപ്പിച്ചത്. താന്‍ അത് മറ്റൊരാളിനായി നല്‍കുമ്പോള്‍ സ്വജീവന്‍ കൂടിയാണ് നല്‍കുന്നത്. എന്നാല്‍ ഇതൊന്നും ആ സ്വയംസേവകന്റെ മനസ്സാന്നിധ്യത്തെ ഇല്ലാതാക്കിയില്ല.
”എനിക്ക് ഇപ്പോള്‍ 85 വയസ്സ്. ഞാന്‍ എന്റെ ജീവിതം ജീവിച്ചു കഴിഞ്ഞു. എനിക്ക് പകരമായി നിങ്ങള്‍ ഈ മനുഷ്യന് കിടക്ക നല്‍കണം, അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്” ഇതായിരുന്നു ദാബദ്കര്‍ സ്വന്തം കിടക്ക വിട്ടുനല്‍കിക്കൊണ്ട് ആശുപത്രി അധികൃതരോടു പറഞ്ഞ വാക്കുകള്‍. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിക്കുകയും, അതിനുള്ള സമ്മതപത്രം ഒപ്പിട്ട് നല്‍കുകയും ചെയ്തു.
ദാബദ്കറിന്റെ ഈ തീരുമാനത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ആശുപത്രി അധികൃതരും ബന്ധുക്കളും ഏറെ ശ്രമിച്ചു. നിങ്ങള്‍ക്കും ചികിത്സ ആവശ്യമുണ്ട്. നിങ്ങളുടെ ആരോഗ്യസ്ഥിതി ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ലഭിച്ച കിടക്ക നഷ്ടപ്പെടുത്തിയാല്‍ മറ്റൊന്ന് ലഭിക്കുമോയെന്ന് പോലും അറിയില്ല. ചിലപ്പോള്‍ അതിന് നിങ്ങളുടെ ജീവന്‍തന്നെ പകരം നല്‍കേണ്ടി വരും. എന്നാല്‍ ഇതൊന്നും ദാബദ്കറിന്റെയുള്ളിലെ സ്വയംസേവകന്റെ മനസ്സു മാറ്റിയില്ല. ബിജെപിയുടെ പ്രാദേശിക നേതാവുകൂടിയായ സ്വന്തം മകളെ അദ്ദേഹം കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചു. തുടര്‍ന്ന് ചികിത്സ മതിയാക്കി താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞു-എല്ലാം ഉറപ്പിച്ചു തന്നെ.
ഓര്‍മവച്ച നാള്‍ മുതല്‍ പരിചയമുള്ള സ്വന്തം പിതാവിന്റെ ഈ സേവന തല്‍പ്പരതയില്‍ നിന്ന് അദ്ദേഹത്തെ ഇനി ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ലെന്ന് മകളും മനസ്സിലാക്കി. വൈകാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. പിന്നീട് മൂന്ന് ദിവസത്തോളം കൊവിഡിനോട് പൊരുതി. അടിയുറച്ച ആത്മവിശ്വാസത്തോടെ. അതിനുശേഷം ലോകത്തോട് വിടപറയുകയായിരുന്നു.
കൊവിഡില്‍ നിരവധി ജീവനുകളാണ് ഇല്ലാതാവുന്നത്. മഹാമാരി ജനങ്ങളെ ആശങ്കയിലാഴ്‌ത്തുമ്പോള്‍ നിസ്വാര്‍ത്ഥ ത്യാഗത്തിന്റേയും സേവനങ്ങളുടേയും വാര്‍ത്തകള്‍ എന്നും പ്രചോദനമാണ്.
അനുനിമിഷം മനുഷ്യരുടെ ജീവനപഹരിക്കുന്ന കൊവിഡ് വ്യാപിക്കുമ്പോള്‍ സ്വയംസേവകര്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്. രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യല്‍ മുതല്‍ കൊവിഡ് ബാധിച്ചവരുടെ സംസ്‌കാരച്ചടങ്ങുകള്‍വരെ നടത്താന്‍ അവര്‍ മുന്നിട്ടിറങ്ങുന്നു. ഇതൊക്കെ ചെയ്യാന്‍ മറ്റാരും തയ്യാറാകാതിരുന്നപ്പോള്‍ സ്വയംസേവകര്‍ അത് ഏറ്റെടുക്കുകയായിരുന്നു.
രാജ്യത്ത് സ്വയംസേവകര്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാഷ്‌ട്രങ്ങളും രംഗത്തു വന്നിരുന്നു. ”ആര്‍എസ്എസ്സിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ കോമണ്‍വെല്‍ത്തിന്റെ മൂല്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധികളാണ്. നഴ്‌സിങ് ഹോമുകള്‍ നടത്തുന്നതിലും, പിപിഇ കിറ്റ് സംഭാവന ചെയ്യുന്നതിലും, ഭക്ഷണാവശ്യത്തിനും എന്നുവേണ്ട, എല്ലാവിധ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും അവര്‍ മുന്നിലുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.” പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വോള്‍ഫ് പ്രകീര്‍ത്തിച്ചത് ഇങ്ങനെയാണ്.
കൊവിഡ് രണ്ടാം തരംഗം അലയടിക്കുമ്പോള്‍ രാജ്യത്തെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് അടിയന്തര വൈദ്യ സഹായം എത്തിക്കുന്നതിനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ സ്വയംസേവകര്‍. ചെറുത്തുനില്‍പ്പിലൂടെ മാത്രമേ കൊവിഡ് എന്ന മഹാമാരിയെ ഇല്ലാതാക്കാന്‍ സാധിക്കൂ. നമുക്കൊപ്പം മറ്റുള്ളവരും രക്ഷപ്പെടണം. അതിന് സഹായമാകണം, അതിനുള്ള മനസ്സും വേണം. കൊവിഡ് രണ്ടാം തരംഗത്തേയും പൊരുതി തോല്‍പ്പിക്കാം. ദാബദ്കറുടെ ജീവിതവും ജീവനും ഇതിന് പ്രചോദനമാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക