തൃശൂര്‍: അധികമാരും കടന്നുചെല്ലാത്ത മേഖലയായ കളരിപ്പയറ്റില്‍ ശ്രദ്ധേയയായി ആതിര കണ്ണന്‍ എന്ന ഇരുപതുകാരി. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട പാലക്കാട് ചന്ദ്രനഗര്‍ ചെമ്പലോട് സ്വദേശിനിയായ ആതിരക്ക് ജീവിക്കാനുള്ള കരുത്താണ് കളരി. പ്രചോദനമായത് അമ്മ വസന്തയും.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആതിര കളരി അഭ്യസിച്ച് തുടങ്ങിയത്. ചന്ദ്രനഗര്‍ കൈരളി കളരി സംഘത്തിലെ ശെല്‍വന്‍ ഗുരുക്കളാണ് ഗുരു. കൈപ്പോര്, കത്തി, ഉറുമി, തുടങ്ങിയ ആയോധന മുറകളിലെല്ലാം ഇതിനകം തന്നെ ആതിര മികച്ച പരിശീലനം നേടിക്കഴിഞ്ഞു. ആയാസ പരിശീലനമുറകള്‍ അനായസേന ചെയ്യുന്നതിലാണ് ആതിരയുടെ മിടുക്ക്.
അഞ്ച് വര്‍ഷം മുന്‍പ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയ ആതിര ഇപ്പോള്‍ ജില്ലയ്‌ക്ക് പുറമേ സംസ്ഥാന, അന്തര്‍ സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. 2017ല്‍ സംസ്ഥാന തലത്തില്‍ വാളും പരിചയിലും അതേ വര്‍ഷം കൈപ്പയറ്റില്‍ ദേശീയതല മത്സരത്തിലും ആതിര പങ്കെടുത്തു.
ധാരാളം ശിഷ്യസമ്പത്തുള്ള ശെല്‍വന്‍ ഗുരുക്കള്‍ക്ക് കളരി അടവുകളിലും പരിശീലന മികവിലും ഏറെ പ്രതീക്ഷയുള്ള ശിഷ്യ കൂടിയാണ് ആതിര. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുരുവും ശിഷ്യയുമിപ്പോള്‍. നിരവധി പരിഹാസങ്ങളും വെല്ലുവിളികളും നേരിട്ട തനിക്ക് പ്രതിസന്ധിയില്‍ തളരാതിരിക്കാനുള്ള കരുത്ത് കൂടിയാണ് കളരിയെന്ന് ആതിര പറയുന്നു.
ഐടിഐ കഴിഞ്ഞ് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദത്തിനും ആതിര പഠിക്കുന്നു. വീടിനടുത്തെ ചെറിയ കടയിലെ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് അമ്മയുടെയും മകളുടേയും ജീവിത മാര്‍ഗം. പ്രതിസന്ധികളെ കളരിയെ കൂട്ട്പിടിച്ച് മുന്നേറാനൊരുങ്ങുന്ന ആതിര ഇപ്പോള്‍ നഗരത്തിലെ സ്‌കൂളില്‍ കളരി അധ്യാപികയാകാനുള്ള ഒരുക്കത്തില്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക