തൃശ്ശൂർ: കുട്ടികളുടെ സാഹിത്യകാരിയായി കഴിഞ്ഞ ആറ് പതിറ്റാണ്ടായി മലയാളി വായനക്കാരുടെ ഭാവനയില്‍സ്സില്‍ ഇടംപിടിച്ച സുമംഗല ഇനി ഓര്‍മ്മ.
പഞ്ചതന്ത്രം കഥകളുടെ ഭാവനാലോകം മുതല്‍ സ്വന്തം നാട്ടുമുറ്റത്തെ കുട്ടികളുടെ ലോകം വരെ ഒരു വലിയ ഭാവനാപ്രപഞ്ചമാണ് സുമംഗല മലയാളി വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവെച്ചത്. മകള്‍ക്ക് ചെറുപ്പത്തില്‍ കഥ പറഞ്ഞുകൊടുത്താണ് ക്രമേണ എഴുത്തുകാരിയായത്. പുരാണങ്ങളിലെ കഥകള്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ ചുറ്റുമുള്ള ജീവിതത്തില്‍ നിന്നും ചെറിയ ചെറിയ കഥകള്‍ ഉണ്ടാക്കി. ഒരു പൂച്ചയുടെ കഥ മകള്‍ക്ക് പറഞ്ഞു കൊടുത്തതില്‍ നിന്നായിരുന്നു തുടക്കം. പൂച്ചയുടെ ഒരു ദിവസം.. ക്രമേണ മിസ്റ്ററികള്‍ കൂട്ടിക്കലര്‍ത്തി ചുറ്റുപാടുമുള്ള ജീവികളുടെയും കുട്ടികളുടെയും ജീവിതലോകത്തിന്റെ മായാപ്രപഞ്ചം സൃഷ്ടിച്ചു.
മരിയ്‌ക്കുമ്പോള്‍ 86 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മകന്‍ അഷ്ടമൂര്‍ത്തിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ശാരീരിക വിഷമതകളെ തുടർന്ന് സുമംഗല ഏറെ നാളായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. സുമംഗല തൂലികാ നാമത്തില്‍ പ്രശസ്തയായ എഴുത്തുകാരിയുടെ യഥാര്‍ത്ഥ നാമം ലീലാ നമ്പൂതിരിപ്പാട്.
കുട്ടികളുടെ സാഹിത്യകാരിയായി വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച സുമംഗല ബാലസാഹിത്യത്തില്‍ 50ഓളം രചനകള്‍ നടത്തിയിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടൂകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നുതീരാത്ത വഴികള്‍ എന്നീ സമാഹാരങ്ങളാണ് സുമംഗലയുടെ പ്രശസ്ത ബാലസാഹിത്യരചനകള്‍. കുട്ടികള്‍ക്കുള്ള കഥകളും ലഘുനോവലുകളുമാണിവ. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് സ്മീത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി വിവര്‍ത്തനം ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീ പത്മനാഭസ്വാമി പുരസ്‌ക്കാരം എന്നിവ ലഭിച്ചു.നടന്നു തീരാത്ത വഴികള്‍ എന്ന രചയ്‌ക്ക് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (ബാലസാഹിത്യം) ലഭിച്ചു.
1934 മെയ് 16ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്‌ക്കലാണ് ജനനം. ഒറ്റപ്പാലം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ല്‍ പത്താം ക്ലാസ്സ് പാസായെങ്കിലും തുടര്‍ന്ന് കോളെജില്‍ പഠിക്കാന്‍ പ്രായമാകാത്തതിനാല്‍ അച്ഛന്‍ ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജില്‍ പോയില്ല.
15ാം വയസ്സില്‍ വിവാഹിതരായി. യുജര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. വിവാഹശേഷം കലാമണ്ഡലത്തില്‍ ചെറിയ ജോലിയില്‍ പ്രവേശിച്ച സുമംഗല ക്രമേണ അവിടുത്തെ പബ്ലിസിറ്റി ഓഫീസറാണ്. മക്കള്‍: ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക