എന്താണ് യോഗ? തെറ്റായ വ്യാഖ്യാനങ്ങളുടെ ബാഹുല്യം നിമിത്തം യോഗ എന്തല്ല എന്ന് വിവരിക്കുന്നതാകും അനുയോജ്യം. തലകുത്തി നില്ക്കുന്നതോ, ശ്വാസം അടക്കി പിടിക്കുന്നതോ ശരീരം പലതരത്തില്‍ വളക്കുന്നതോ യോഗയല്ല. ഇവയെല്ലാം യോഗയുടെ പരിശീലനത്തില്‍ പെടുന്ന പ്രവര്‍ത്തനങ്ങളാണ് എന്നത് ശരി തന്നെ. പക്ഷെ ‘യോഗ’ എന്നു പറയുമ്പോള്‍ അതൊരു പ്രത്യേക ‘സ്ഥിതിയെയാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രത്യേക ജീവിതാവസ്ഥ.
‘യോഗ’ എന്ന വാക്കിനര്‍ത്ഥം ‘ഐക്യം’ എന്നാണ്. യോജിപ്പെന്നും പറയാം. യോജിപ്പ് എന്നാല്‍ നിങ്ങള്‍ സ്വന്തം അസ്തിത്വത്തിന്റെ സാര്‍വ്വത്രികത അനുഭവിച്ചു തുടങ്ങുന്നു എന്നര്‍ത്ഥം. ഉദാഹരണമായി, ഈ അസ്തിത്വം ഒരേ ഊര്‍ജത്തിന്റെ പല തരത്തിലുള്ള അവതരണമാണെന്ന് ആധുനിക ശാസ്ത്രം സംശയാതീതമായി തെളിയിച്ചിട്ടുള്ളതാണ്. ഈ ശാസ്ത്രസത്യം ഒരു ജീവിത യഥാര്‍ത്ഥ്യമായി നിങ്ങള്‍ മനസ്സിലാക്കിയാല്‍, അതായത് എല്ലാ വസ്തുക്കളെയും ഒന്നായി കാണുവാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ യോഗ ആരംഭിച്ചു കഴിഞ്ഞെന്നു പറയാം.
എല്ലാം നിങ്ങളാണെന്ന്, അല്ലെങ്കില്‍ നിങ്ങള്‍ എല്ലാമാണെന്ന് അനുഭവിക്കാന്‍ സാധിച്ചാല്‍, ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് ആരും പറഞ്ഞു തരേണ്ടതില്ല. എല്ലാവരും നിങ്ങള്‍ തന്നെ ആണെന്ന് ബോധ്യമായാല്‍, നിങ്ങളെ ആരെങ്കിലും ജീവിതത്തിന്റെ മര്യാദകള്‍ പഠിപ്പിക്കേണ്ടതുണ്ടോ? ‘ഇയാളെ ഉപദ്രവിക്കരുത്, ഇയാളെ കൊല്ലരുത്, ഇയാളെ കൊള്ളയടിക്കരുത്’എന്നെല്ലാം ആരെങ്കിലും പറഞ്ഞു തരേണ്ടതുണ്ടോ? യോഗ പരിശീലിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ എല്ലാത്തിനെയും നിങ്ങളുടെ തന്നെ ഒരു ഭാഗമായി കാണും. അതാണ് മോചനം, മുക്തി. അതാണ് ആത്യന്തികമായ സ=്വാതന്ത്ര്യം.
യോഗ ഒരു മതമല്ല. യോഗ ഒരു ശാസ്ത്രമാണ്. ബാഹ്യമായ സൗഖ്യം സൃഷ്ടിക്കുന്നതിനായി ഭൗതിക ശാസ്ത്രങ്ങള്‍ ഉള്ളതു പോലെ, ആന്തരികമായ സൗഖ്യത്തിനുള്ള ശാസ്ത്രമാണ് യോഗ.
യോഗ എന്ന ശാസ്ത്രം ഉത്ഭവിച്ചതും വളര്‍ന്നതും സിന്ധു നദീ തടത്തിലുള്ള ഈ രാജ്യത്താണ്, ഈ സംസ്കാരത്തിലാണ്. അതുകൊണ്ട് അതിനെ ഹിന്ദു എന്ന പേരുമായി ചേര്‍ത്തു വെച്ചു. കാലം കഴിഞ്ഞപ്പോള്‍ ആളുകള്‍ യോഗയെ ഹിന്ദു മതവുമായി ബന്ധിപ്പിച്ചു. സിന്ധു എന്ന വാക്കില്‍ നിന്നാണ് ഹിന്ദു എന്ന വാക്കുണ്ടായത്. അതൊരു നദിയുടെ പേരാണ്. ഈ സംസ്കാരം സിന്ധു നദിയുടെ തീരത്തു വളര്‍ന്നതു കൊണ്ട് അതിനെ ഹിന്ദു എന്ന് പറഞ്ഞു വരുന്നു.
നമ്മള് മനസ്സിലാക്കേണ്ടത് ഇതാണ്. നിങ്ങള്‍ ഒരു പുരുഷനെ ദൈവമായി പൂജിച്ചു കൊണ്ട് തന്നെ ഒരു ഹിന്ദുവായിട്ടിരിക്കാം, സ്ത്രീ രൂപത്തിനെ പൂജിച്ചുകൊണ്ട് ഹിന്ദുവായിട്ടിരിക്കാം, പശുവിനെ പൂജിച്ചുകൊണ്ട് ഒരു ഹിന്ദുവായിട്ടിരിക്കാം, എന്തിനെയെങ്കിലും പൂജിക്കുന്നത് ഉപേക്ഷിച്ചിട്ടും ഒരു ഹിന്ദുവായിട്ടിരിക്കാം. ഒരു പ്രത്യേക വിശ്വാസ സംഹിതയുമായി അതിനു ബന്ധമില്ല.
നിങ്ങള്‍ക്ക് നല്ലതെന്നു വിശ്വാസമുള്ളതു ചെയ്തു കൊണ്ട് നിങ്ങള്‍ക്കൊരു ഹിന്ദുവായിട്ടിരിക്കാം; എന്തെന്നാല്‍ ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായതും, സാംസ്കാരികവുമായ ഒരു അടയാളമാണ്, മതപരമായുള്ളതല്ല.
അതുകൊണ്ട് യോഗയ്ക്ക് ഏതെങ്കിലുമൊരു മതവുമായി യാതൊരു ബന്ധവുമില്ല. അത് ആന്തരികമായ സൗഖ്യത്തിനുള്ള ശാസ്ത്രം മാത്രമാണ്.
യോഗയെ ഹിന്ദു എന്ന് പറയുന്നത് ആപേക്ഷിക സിദ്ധാന്തത്തെ ജൂതന് എന്ന് പറയുന്നത് പോലെയാണ്. ഒരു ശാസ്ത്രജ്ഞന് ഏതു സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നോ, മതപരമായ വിശ്വാസത്തില്‍ നിന്നോ വന്നാലും, അദ്ദേഹം കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തെ അദ്ദേഹത്തിന്ന്റെ മത വിശ്വാസവുമായി ഒരിക്കലും കൂട്ടി വെക്കാറില്ല. അതുപോലെ യോഗയും ഒരു മതവുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ല. അത് ആന്തരിക സ്വാസ്ഥ്യത്തിനുള്ള ശാസ്ത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: