1. ‘സൗജന്യവും സാര്‍വത്രികവുമായ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. 2. 150 രൂപയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന് കിട്ടുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്‌ക്ക് വില്‍ക്കുന്നു. 3. കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. 4. ഓക്‌സിജന്‍ കിട്ടാത്തതിനാല്‍ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ പിടഞ്ഞു വീണ് മരിക്കുന്നു. 5. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പു കേട് മൂലമാണ് ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സമയത്ത് കിട്ടാത്തത്.
6. ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് കൈക്കൊള്ളുന്നത്. രാജ്യത്തെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതും സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതുമാണ് ഈ നയം. ഇത് തിരുത്താനും സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ യജ്ഞം രാജ്യത്ത് നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടു കൊണ്ട് ഏപ്രില്‍ 28 ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈകുന്നേരം അഞ്ചര മുതല്‍ ആറ് മണി വരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധത്തില്‍ സംസ്ഥാനത്തെ മുഴുവനാളുകളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’
ആദ്യത്തെ 5 എണ്ണം ഒരാഴ്ചയായി ഏതാനും മാധ്യമങ്ങളും രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള ചില കോണ്‍ഗ്രസ് നേതാക്കന്‍മാരും ഇടത് അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതിന്റെ ചുവടു പിടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലെ വാചകങ്ങളാണ് ആറാമത്തേത്. സത്യാവസ്ഥ ഒന്നൊന്നായി പരിശോധിക്കാം.
1. സൗജന്യവും സാര്‍വത്രികവുമായ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു.
സൗജന്യ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും മന്ത്രാലയമോ പ്രഖ്യാപിച്ചിട്ടില്ല. വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഞായറാഴ്ചത്തെ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ സൗജന്യ വാക്‌സിന്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് അതിഭീകരമായതിനാല്‍ എത്രയും പെട്ടെന്ന് കൂടുതല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി സഹകരിക്കണമെന്നാണ് കേന്ദ്രം അഭ്യര്‍ത്ഥിച്ചത്. കേന്ദ്രം സൗജന്യമായി തരുന്നത് വരെ കാത്തിരിക്കാതെ സംസ്ഥാനങ്ങള്‍ കൂടി നേരിട്ട് വാങ്ങണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 45 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആള്‍ക്കാര്‍ക്കും 18 നും 45നും ഇടയ്‌ക്ക് പ്രായമുള്ള പകുതി ആള്‍ക്കാര്‍ക്കും കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കും. 18 മുതല്‍ 45 വരെയുള്ള ബാക്കി പകുതി ആള്‍ക്കാരുടെ വാക്‌സിന്റെ വില സംസ്ഥാനങ്ങള്‍ നല്‍കണം. സൗജന്യ വാക്‌സിനേഷന്‍ എന്ന ഭരണകൂട ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ കൂടി ഏറ്റെടുക്കണം എന്ന് ചുരുക്കം. അധികാരം മാത്രമല്ല കടമയും വികേന്ദ്രീകരിക്കുകയാണ് ഈ പഞ്ഞക്കാലത്ത് അഭികാമ്യം. മാത്രവുമല്ല പൊതുജനാരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇതിന്റെ സാമ്പത്തിക ഭാരം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് പറയുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്? കേരളത്തില്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള 1 കോടി ആള്‍ക്കാരെങ്കിലും ഉണ്ടാകും. അവര്‍ക്ക് വേണ്ടി 2 കോടി വാക്‌സിന്‍ വേണ്ടി വരും. അതിന്റെ പകുതി കേന്ദ്രം സൗജന്യമായി നല്‍കും. 1 കോടി വാക്‌സിന്റെ ചെലവ് വെറും 400 കോടി രൂപ. ആ കടമ നിര്‍വഹിക്കാന്‍ പാങ്ങില്ലെങ്കില്‍ജനങ്ങളില്‍ നിന്ന് പണം ഈടാക്കാം. അല്ലെങ്കില്‍ പറഞ്ഞതെല്ലാം വെറും ‘തള്ളാ’യിരുന്നു എന്ന് സമ്മതിക്കണം.
2. 150 രൂപയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന് കിട്ടുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്‌ക്ക് വില്‍ക്കുന്നു;
ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ബംഗ്ലാദേശിന് വാക്‌സിന്‍ കിട്ടി:- ആദ്യ ആരോപണത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഇതും. സ്വകാര്യ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നതിന്റെ ഫലമാണ് ഇതെന്നാണ് പ്രചാരണം. രാജ്യത്ത് മരുന്ന് വികസിപ്പിച്ചതും വിദേശ കമ്പനിയുടെ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം നടത്താന്‍ അനുമതി കിട്ടിയതും രണ്ട് സ്വകാര്യ കമ്പനികള്‍ക്കായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറക്കരുത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (ടകക) നിര്‍മ്മിക്കുന്ന കോവിഷീല്‍ഡിന്റെ ബൗദ്ധിക സ്വത്തവകാശം ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയ്‌ക്കാണ്. അത് നിര്‍മ്മിക്കാനുള്ള കരാറാണ് ലണ്ടന്‍ ആസ്ഥാനമായ ആസ്ട്രാ സിനാക്കാ വഴി ഇന്ത്യന്‍ കമ്പനിയായ സിറത്തിന് കിട്ടിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് സിറം വാക്‌സിന്‍ നിര്‍മ്മിച്ചത്. അതിനാല്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം ആദ്യ ഘട്ട വാക്‌സിന്‍ കൊടുക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ബാധ്യതയുണ്ട്. വിവിധ രാജ്യങ്ങള്‍ക്ക് സിറം ഇന്‍സ്റ്റിറ്റിയൂട്ടും ആസ്ട്രാ സിനാക്കയും നല്‍കിയ വാക്‌സിന്റെ വില പരിശോധിക്കാം.
ഇന്ത്യ – 2 ഡോളര്‍ (150 രൂപ)
യൂറോപ്യന്‍ യൂണിയന്‍ – 2.15-3.5 ഡോളര്‍
ഇംഗ്ലണ്ട് – 3 ഡോളര്‍
അമേരിക്ക – 4 ഡോളര്‍
ബ്രസീല്‍ – 3.15 ഡോളര്‍
ബംഗ്ലാദേശ് – 4 ഡോളര്‍
ഇത്തരത്തില്‍ ഇന്ത്യാ സര്‍ക്കാരിന് 150 രൂപയ്‌ക്ക് കിട്ടിക്കൊണ്ടിരുന്ന ആദ്യ ലോട്ട് വാക്‌സിനാണ് സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. 11 കോടി വാക്‌സിനാണ് ഇങ്ങനെ ഇന്ത്യക്ക് കിട്ടുക. ഈ കരാര്‍ അവസാനിക്കുന്നതോടെ കേന്ദ്ര സര്‍ക്കാരും 400 രൂപ നല്‍കി വാക്‌സിന്‍ വാങ്ങേണ്ടി വരും. സ്വകാര്യ ആശുപത്രികളും വ്യക്തികളും 600 രൂപയും നല്‍കണം. ആ വില പോലും ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയാണെന്ന് സിറം ഡയറക്ടര്‍ അദാര്‍ പൂനേവാല വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വിപണയിലെ മറ്റ് ചില കമ്പനികളുടെ വാക്‌സിന്‍ വില താരതമ്യം ചെയ്യുമ്പോള്‍ ഇത് മനസിലാകും.
അമേരിക്ക
ഫൈസര്‍ – 1431 രൂപ
മൊഡേണാ – 2413-2790 രൂപ
ജോണ്‍സന്‍ ആന്‍ഡ്
ജോണ്‍സന്‍ – 756 രൂപ
റഷ്യ
സ്പുട്‌നിക് 5 – 756 രൂപ
(ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ഇറക്കുമതി ചെയ്യുന്നു)
ചൈന.
സിനോഫാം, സിനോവാക് – 2243 രൂപ
3. കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്.-
ഒരു കൂട്ടം മാധ്യമങ്ങള്‍ അഴിച്ചു വിട്ട അടുത്ത കള്ള പ്രചാരണമാണ് കേരളത്തില്‍ വാക്‌സിന്‍ കിട്ടാനില്ല എന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്ക് അനുസരിച്ച് 24.04.2021 ല്‍ സംസ്ഥാനത്ത് 525,120 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. 22-ാം തിയതി 738,430 ഡോസും 23-ാം തിയതി 579,050 ഡോസും സ്റ്റോക്കുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് കുത്തി വെയ്‌പ്പെടുത്തത് ദിവസം ഏപ്രില്‍ 12-ാണ്. 264,869 പേര്‍ക്ക്. അപ്പോള്‍ തന്നെ സ്റ്റോക്ക് ഇല്ലായ്മ എന്നത് വെറും കെട്ടു കഥയായിരുന്നു എന്ന് വ്യക്തം. മാത്രവുമല്ല സംസ്ഥാനത്തെ 15.83 % ആള്‍ക്കാര്‍ അതായത് 68,27,764 പേര്‍ ഇതിനകം തന്നെ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് തന്നെ ഉയര്‍ന്ന ശരാശരി.
ലോകത്തില്‍ അതിവേഗം 14 കോടി ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമൊക്കെ നൂറും നൂറ്റിപ്പത്തും ദിവസങ്ങള്‍ എടുത്തപ്പോള്‍ ഇന്ത്യ ഈ നേട്ടം കൈവരിച്ചത് 99 ദിവസം കൊണ്ടാണ്. തന്നെയുമല്ല ഇന്ത്യ ലക്ഷക്കണക്കിനു ഡോസ് വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
4,5. ഓക്‌സിജന്‍ കിട്ടാത്തതിനാല്‍ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ പിടഞ്ഞു വീണ് മരിക്കുന്നു;
കേന്ദ്ര സര്‍ക്കാര്‍ പിടിപ്പു കേട്’ :- രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമല്ല ഉള്ളത്. ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴയാണ്. അതുകൊണ്ടാണ് ദില്ലി ഹൈക്കോടതി ദില്ലി സര്‍ക്കാരിനോട് ‘എല്ലാം വീട്ടു പടിക്കല്‍ കിട്ടുമെന്നാണോ കരുതിയിരിക്കുന്നത്’ എന്ന് ചോദിച്ചത്. നാളിതുവരെ ഓക്‌സിജന്‍ വിതരണം എന്നത് സ്വകാര്യ മേഖലയില്‍ നടന്നു കൊണ്ടിരുന്ന കാര്യമാണ്. കോവിഡ് രൂക്ഷമായതോടെയാണ് ഈ മേഖലയില്‍ ചില സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 2020 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വൈദ്യശാസ്ത്ര മേഖലയിലും ഉപയോഗിക്കാമെന്ന ഉത്തരവ് വിപ്ലവകരമായിരുന്നു. വായുവിനെ തണുപ്പിച്ച് ഓക്‌സിജന്‍ വേര്‍തിരിക്കുന്ന 162 പിഎസ്എ പ്ലാന്റുകള്‍ രാജ്യവ്യാപകമായി സ്ഥാപിക്കാന്‍ കേന്ദ്രം പണം അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ കേരളത്തിനും 5 എണ്ണത്തിനുള്ള പണം കിട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ 3 എണ്ണം പണി പൂര്‍ത്തിയായെങ്കിലും കമ്മീഷന്‍ ചെയ്തിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ട് ദിവസങ്ങള്‍ ആയെങ്കിലും റൂര്‍ക്കല, കലിംഗനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറുകള്‍ വിട്ടില്ലെന്നും, സമീപ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് മതിയായ അളവില്‍ ക്രയോജനിക് ടാങ്കറുകള്‍ എത്തിച്ചില്ലെന്നും കോടതി കണ്ടെത്തി. മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഡല്‍ഹി ചെയ്യാത്തതിനു ന്യായീകരണം ഇല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട് മൂന്നു ദിവസങ്ങള്‍ക്കു ശേഷവും ഓക്‌സിജന്‍ വാങ്ങാന്‍ ടാങ്കറുകള്‍ അയയ്‌ക്കാത്തതും റെയില്‍വെയെ സമീപിക്കാത്തതും ഗുരുതരമായ വീഴ്ചയായാണെന്നും കോടതി കണ്ടെത്തി. ചുരുക്കി പറഞ്ഞാല്‍ സംസ്ഥാനങ്ങള്‍ വരുത്തിയ വീഴ്ചയ്‌ക്കാണ് കേന്ദ്രത്തെ പഴി പറയുന്നത്.
6. സിപിഎം പത്രക്കുറിപ്പ്
കള്ളത്തരം ജീനില്‍ അലിഞ്ഞു ചേര്‍ന്ന ഒരു പ്രസ്ഥാനം എങ്ങനെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പ്രസ്താവനയും അതിന്റെ ഭാഗമായി ഇന്ന് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണവും. സ്വന്തം വീഴ്ച മറയ്‌ക്കാന്‍ കേന്ദ്രത്തെ കുറ്റം പറയുക എന്ന സ്ഥിരം ശൈലിയ്‌ക്ക് അപ്പുറം ഇതിന് ഗൗരവം കൊടുക്കേണ്ട കാര്യമില്ല.
ഇവിടെ നാം ‘തള്ളും’ ‘വാഗ്ദാനവും’ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. വാക്‌സിന്‍ നിങ്ങള്‍ നിര്‍മ്മിച്ചാല്‍ മതി എന്ത് വില കൊടുത്തും തങ്ങള്‍ വാങ്ങി മലയാളികള്‍ക്ക് നല്‍കിക്കോളാം എന്ന തോമസ് ഐസകിന്റെ പ്രഖ്യാപനം.20,000 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി മാത്രം നീക്കി വെച്ചെന്ന ബജറ്റ് വകയിരുത്തല്‍. കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക്. കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മരുന്ന് ക്യൂബയില്‍ നിന്നെത്തിച്ച് നല്‍കുമെന്ന മന്ത്രി എം.എം. മണിയുടെ വീമ്പു പറച്ചില്‍.
ഇതൊക്കെ വെറും തള്ളായിരുന്നു എന്ന് ജനം മനസിലാക്കിയതിന്റെ തത്രപ്പാടാണ് ഈ കള്ള പ്രചരണത്തിന് പിന്നില്‍. ഖജനാവില്‍ ബാക്കിയുള്ള 5000 കോടിയില്‍ നിന്ന് വെറും 400 കോടി പുറത്തെടുത്ത് കേന്ദ്രത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കണം. അതല്ലേ ഹീറോയിസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: