ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ല. അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ.നടരാജന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇന്നു വൈകിട്ടാണ് ജാമ്യാപേക്ഷ പരിഗണിക്കാമെന്നറിയിച്ചത്. എന്നാല്‍ കോടതി സമയം അവസാനിച്ചതിനാല്‍ ഹര്‍ജി ഇന്നിനി പരിഗണിക്കാനാകില്ലെന്ന് പിന്നീട് ജഡ്ജി അറിയിച്ചു.കോടതി മധ്യവേനലവധിക്ക് പിരിയുന്നതിനാല്‍ ജാമ്യാപേക്ഷയുമായി വൈകാതെ അവധിക്കാല ബെഞ്ചിനെ സമീപിക്കാനും കോടതി ബിനീഷിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു. അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നും അറിയിച്ചു.
ബിനീഷ് ആറുമാസമായി ജയിലില്‍ തുടരുകയാണെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട വേറെയും പ്രതികള്‍ ഇതിലും കൂടുതല്‍ കാലമായി ജയിലില്‍ തുടരുന്നുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മധ്യവേനലവധി കഴിഞ്ഞ് ഇനി മെയ് 22നെ കര്‍ണാടക ഹൈക്കോടതി തുറക്കുകയുള്ളൂ.
അച്ഛന് കോടിയേരി ബാലകൃഷ്ണന്റെ അസുഖ കാരണം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച ബിനീഷിന്റെ അഭിഭാഷകരുടെ വാദം കേട്ട കോടതി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി വച്ചിരുന്നു. വെര്‍ച്വര്‍ കോണ്‍ഫറന്‍സിലൂടെ കോടതി കേസ് പരിഗണിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റു ചെയ്തത്. ഇഡി കസ്റ്റഡി കാലാവധിക്കു ശേഷം നവംബര്‍ 11ന് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 160 ദിവസമായി ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: