മലയാള നാടകവേദി ആധുനിക രംഗാവതരണപരീക്ഷണങ്ങളിലേര്പ്പെട്ട 1970 കളില്‍ത്തന്നെ ഗൗരവപൂര്‍ണ്ണമായ രംഗ സൃഷ്ടികള്‍ കൊണ്ട് സംവിധാന രംഗത്ത് ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് കെ. ആര്. മോഹന്‍ദാസ്, ചിത്രകലയിലും, അഭിനയത്തിലും,സംഗീതത്തിലും ജന്മസിദ്ധമായ അഭിരുചി ഉണ്ടായിരുന്ന അദ്ദേഹം പ്രാഥമിക വിദ്യാലയ കാലം തൊട്ടേ നാടകാഭിനയം തുടങ്ങി. സെന്റ് ജോസഫ്സ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനും, യൂണിവേഴ്സല്‍ ആര്‍ട്സ് സ്ഥാപകനുമായ ആന്റണിമാഷുടെ കീഴില്‍ അന്നേ ചിത്രകലാപഠനവും ആരംഭിച്ചു. പ്രീയുണിവേഴ്സിറ്റിയുടെ അവസാന ബാച്ചില്‍ കൃസ്ത്യന്‍ കോളജില്‍ ചേര്‍ന്നു പഠിച്ചു. അവിടെ ബിരുദപഠനകാലത്ത് യശ:ശ്ശരീരനായ കവി ആര്. രാമചന്ദ്രന് മാസ്റ്റര്‍, പ്രൊഫ. എം.പി. ശ്രീധരന്, പി.ഐ. നൈനാന് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി നാടകാവതരണങ്ങളില്‍ പങ്കാളിയായി. ഇതില്‍ ആര്. രാമചന്ദ്രന് മാസ്റ്റര്‍ മൊഴി മാറ്റം നടത്തി സംവിധാനംചെയ്ത ലൂയിപിരാന്താലൊയുടെ ”എഴുത്തുകാരനെതേടി ആറു കഥാപാത്രങ്ങള്‍” എന്ന നാടകം അവിസ്മരണീയമായിരുന്നു. തിക്കോടിയന്റെ വിനീതവിധേയനും. എന്നാല്‍ റെയില്‍ പാളങ്ങള്‍, കഴുകന്മാര്, ഏട്ടിലെ പശു എന്നീ നാടകങ്ങളവതരിപ്പിച്ചതിലൂടെ പ്രൊഫ. ജി. ശങ്കരപ്പിള്ളയെകുറിച്ച് പ്രാഥമിക ധാരണ ലഭിച്ചു എന്നതാണ് ആ കാലഘട്ടത്തിന്റെ പ്രധാന നിയോഗം.
അര്‍പ്പണ ബോധവും സത്യസന്ധതയും നൈസര്‍ഗ്ഗീകമായുള്ള മോഹന്‍ദാസിന് സൈനികനാവണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ എന്‍സിസിയില്‍ അണ്ടര്‍ ഓഫീസറായി. അന്നത്തെ സാഹചര്യത്തില്‍ അതു മതിയായിരുന്നു പട്ടാളത്തില്‍ ഓഫീസറായി ജോലികിട്ടാന്‍. പക്ഷേ വിധി മറ്റൊന്നായിരുന്നു അദ്ദേഹത്തിനായി കാത്തു വെച്ചത്. കുറച്ചു കാലം യൂണിവേഴ്സല്‍ ആര്ടിസില് അദ്ധ്യാപകനും, പെരിങ്ങളം യു.പിയിലും, ആത്മാസ്കൂളിലും ചിത്ര കലാ അദ്ധ്യാപകനുമായി ജോലി നോക്കിയ അദ്ദേഹം പിന്നീട് ആരോഗ്യ വകുപ്പില്‍ ആര്‍ട്ടിസ്റ്റ് കം പഌനര്‍ തസ്തികയിലും ജോലി ചെയ്തു. ഇതിനെല്ലാം ഒടുവിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചേരുന്നത്. ബിരുദാനന്തരം ഒരു കമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യാനായി കൃസ്ത്യന്‍ കോളേജിനടുത്താരംഭിച്ച സ്വപ്ന ആര്‍ട്സ് എന്ന സ്ഥാപനം അപ്പോഴൊക്കെയും നടത്തിക്കൊണ്ടിരുന്നു.
ബോര്‍ഡും ബാനറും എഴുതാനാരംഭിച്ച സ്വപ്ന ആര്‍ട്സില്‍ പക്ഷേ നടന്നതു മുഴുവന്‍ നാടക പ്രവര്‍ത്തനങ്ങളായിരുന്നു. അന്തരിച്ച പ്രശസ്ത നടന് ടി. സുധാകരനും, ചിത്രകാരന് ജയപ്രകാശ് കാര്യാലുമായിരുന്നു അന്നത്തെ സഹപ്രവര്‍ത്തകര്‍. അക്കാലത്തെ എല്ലാ അമേച്വര്‍ സംഘങ്ങളേയും പോലെ സി.എല്‍. ജോസിന്റെ വിശുദ്ധപാപങ്ങളും, കടവൂര്‍ ജി.ചന്ദ്രന് പിള്ളയുടെ നാടകങ്ങളും തന്നെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്. ചിത്രം വരച്ച പിന്തിരിശ്ശീല തന്നെ പശ്ചാത്തലം! ചിത്രകല, കവിത, കഥ, നാടകം, ചലച്ചിത്രം തുടങ്ങി കേരളത്തിലെ കലാസാംസ്കാരിക രംഗങ്ങള്‍ മുഴുവന്‍ ആധുനികതയുടെ സൗന്ദര്യാ ത്മകമാറ്റത്തിനു വിധേയമായ ആ കാലങ്ങളില്‍ കോളനി മുക്ത ഭാരതത്തിന്റെ സ്വത്വാന്വേഷണങ്ങളുടേയും, അടിസ്ഥാന വര്‍ഗ്ഗ വിമോചന പ്രസ്ഥാനങ്ങളുടേയും സ്വാധീനത്താല്‍ പ്രചോദിതരായിരുന്നു കലാകാരന്മാരിലധികവും കെ.സി.എസ് പണിക്കര്‍, എം. ഗോവിന്ദന്, സി.എന്‍, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, അയ്യപ്പപ്പണിക്കര്‍, എം.വി. ദേവന്, പി.കെ. വേണുക്കുട്ടന്‍നായര്‍, കടമ്മനിട്ട, ആറ്റൂര്‍, പട്ടത്തുവിള, ഒ.വി.വിജയന്, അരവിന്ദന്, അടൂര്‍, ജോണ്‍ അബ്രഹാം, സച്ചിദാനന്ദന്, ചുള്ളിക്കാട് എന്നിങ്ങനെ ആധുനികതയുടെ സ്പര്‍ശം തലമുറകളിലേക്കു സഞ്ചരിച്ചു കൊണ്ടിരുന്ന കാലം. ജീവിതം നാടകത്തിനായുഴിഞ്ഞുവെച്ച ശങ്കരപ്പിള്ള സാര്‍, അവര്‍ക്കിടയില്‍ നിന്ന് ആധുനികവും, ഗൗരവപൂര്ണ്ണവുമായൊരു നാടക വേദി സങ്കല്പവുമായുയര്ന്നു വന്നു. തീര്‍ത്തും ഭാരതീയമായ തനതു നാടക ധാരയുമായി കാവാലം നാരായണപണിക്കരുടെയും നരേന്ദ്രപ്രസാദിന്റേയും, കൊടിയേറ്റം ഗോപിയുടേയും, നെടുമുടിവേണുവിന്റെയും, കെ.ആര് മോഹന്‍ ദാസിന്റേയും, പി.ബാലചന്ദ്രന്റേയും, ഗോപിമാഷിന്റേയും, കലാധരന്റേയും, ടി.എം. അബ്രഹാമിന്റേയും, അച്യുതന്മാഷിന്റേയും തലമുറയെ ആയിരുന്നു അവര്‍ തൊട്ടുണര്‍ത്തിയത്.
1960 ന്റെ പ്രാരംഭദശയില്‍ത്തന്നെ തിരുവനന്തപുരം കേന്ദ്രീകരിച്ച് ശങ്കരപ്പിള്ള ‘പ്രസാധന ലിറ്റില്‍ തിയ്യറ്റര്‍’ എന്ന സംഘത്തിലൂടെ ഗൗരവപൂര്‍ണ്ണമായ കുറെ നാടകാവതരണങ്ങള്‍ നടത്തുകയുണ്ടായി. 1964 ല്‍ സി.എന്‍. ശ്രീകണ്ഠന് നായര്‍, ജി. അരവിന്ദനുമായി ചേര്‍ന്ന് ‘നവരംഗം’ എന്ന പേരില്‍ കോട്ടയത്ത് ചില പരീക്ഷണങ്ങള്‍ നടത്തി.
1967 ല്‍ ശാസ്താംകോട്ടയില്‍ നാന്ദി കുറിച്ച നാടകക്കളരിപ്രസ്ഥാനം പിന്നീട് ജി. ശങ്കരപ്പിള്ള സംഗീത നാടക അക്കാദമി ചെയര്‍മാനായതോടെ വ്യക്തമായി നിര്‍വ്വചിച്ച് വിഭാവനം ചെയ്യപ്പെട്ട പാഠ്യപദ്ധതിയോടെ ഗവണ്മെന്റു തലത്തില്‍ നടത്തുന്ന നാടകക്കളരിയായി പരിണമിച്ചു. അക്കാദമി ശങ്കരപ്പിള്ള സാറിന്റേയും, പ്രൊഫ രാമാനുജത്തിന്റെയും നേതൃത്വത്തില്‍ 1973 ല്‍ രണ്ടു മാസം നീണ്ടു നിന്ന നാടകക്കളരി നടത്തി. ആ കളരിയില്‍ പങ്കെടുത്തില്ലെങ്കിലും അതിലവതരിപ്പിച്ച ശങ്കരപ്പിള്ള സാറിന്റെ ‘ ഇടാന്‍ മറന്ന ഇഴ’ എന്ന നാടകം മോഹന്‍ദാസ് കാണുവാനിടയായി. പ്രൊഫ. രാമാനുജം സംവിധാനം ചെയ്ത ആ നാടകത്തിലൂടെ അരങ്ങിലെ ദൃശ്യശ്രാവ്യവിതാനത്തിന്റെ നവീനമായൊരനുഭവം അദ്ദേഹത്തിനു ലഭിച്ചു.
തിരികെവന്ന് ആധുനികമായ കാഴ്ചപ്പാടില്‍ ഡോ. ഇന്ദുകുമാറിന്റെ ‘പുനര്‍ജനി’ എന്ന നാടകം സംവിധാനം ചെയ്തു. അതില്‍ യഥാതഥ ചിത്രതിരശ്ശീലയ്ക്കു പകരം ഒരു ചിലന്തിവലയാണ് പശ്ചാത്തലത്തിലുപയോഗിച്ചത്. അന്നത്തെ ചിത്രകാരനായിരുന്ന വാസുപ്രദീപ് നടത്തിയിരുന്ന അദ്ദേഹത്തിന്റേതു മാത്രമായ ചില ദീപവിതാനപരീക്ഷണങ്ങള്ക്കും കെ.ടി.യുടെ കഥാപാത്രവല്ക്കരണത്തിലെയും അവതരണത്തിലെയും ചില പുതുമകള്‍ക്കുമപ്പുറം മലബാറിലെ അമേച്വര്‍ രംഗവേദി ആധുനികതയുടെ വരവറിഞ്ഞത് കെ.ആര്. മോഹന്‍ദാസിലൂടെ ആയിരുന്നു. തുടര്‍ന്ന് പ്രശസ്തകവിയും, ചിത്രകാരനുമായ പോള്‍ കല്ലാനോടിന്റെ ‘താഴ്വര’ എന്ന നാടകം കൂടുതല്‍ ദൃശ്യശ്രാവ്യ സാധ്യതാ ബോധത്തോടെ സംവിധാനം ചെയ്തു. മലനിരകളുടെ ചിത്രത്തിരശ്ശീലയ്ക്കുപകരം ചാക്കു കെട്ടുകള്‍ കൊണ്ട് അരങ്ങില്‍ നിമ്നോന്നതങ്ങളൊരുക്കിയായിരുന്നു ‘താഴ്വര’ അവതരിപ്പിച്ചത്. അരങ്ങില്‍ പിന്നെ ഏകാന്തമായൊരു നാഴികക്കല്ലുമാത്രം! ആദ്യമായരങ്ങില് ദൃശ്യശ്രാവ്യസംയുക്തങ്ങളും, വിയുക്തങ്ങളും ഭാവാത്മകമായി സംവദിച്ചു തുടങ്ങുകയായിരുന്നു.
പിന്നീട് 1974 ല്‍ അക്കാദമി നടത്തിയ ഒരു മാസം നീണ്ടുനിന്ന നാടകക്കളരിയില്‍ പങ്കെടുത്തു. സി.കെ. തോമസ്, ഒന്നാമത്തെ കളരിയില്‍ പങ്കെടുത്ത കോഴിക്കോട് ഗോപിനാഥ് എന്നിവര്‍ ആ കളരിയില്‍ അദ്ധ്യാപകരായുണ്ടായിരുന്നു. ഡോ. അച്യുതനും, സ്റ്റെല്ലരാജയുമെല്ലാം ആ കളരിയില്‍ പഠിതാക്കളായി പങ്കെടുത്തവരാണ്. സി.ജെ. തോമസ്സിന്റെ ‘ക്രൈം’ ആയിരുന്നു ആ കളരിയിലവതരിപ്പിയ്ക്കപ്പെട്ട നാടകം. അന്നതില്‍ മോഹന്‍ദാസ് ഗുരുവും ഡോ. അച്യുതന് ശിഷനുമായി അഭിനയിച്ചു. 1977 ല്‍ ഇതേ നാടകം എറണാകുളത്തുവെച്ചു നടന്ന ദേശീയ നാടകോത്സവത്തില്‍ പി.കെ. വേണുക്കുട്ടന്‍ നായര്‍ ഗുരുവും, കെ.ആര്. മോഹന്‍ദാസ് ശിഷ്യനുമായിട്ടവതരിപ്പിയ്ക്കപ്പെട്ടു. തന്റെ നാടക സങ്കല്പങ്ങള്ക്ക് നവീനഭാവുകത്വം നല്കിയ നാടകമായിരുന്നു. ‘ക്രൈം’ എന്ന് മോഹന്‍ദാസ് ഓര്‍ക്കുന്നു. പ്രൊഫ രാമാനുജം സാറിന്റെ സംവിധാന ശൈലിയുടെ നേരനുഭവമായിരുന്നു അദ്ദേഹത്തിന് ആ നാടകത്തിന്റെ പരിശീലനം.
1978 ആയപ്പോഴേയ്ക്കും കാവാലം നാരായണപണിയ്ക്കരുടെ തനതു നാടകാന്വേഷണങ്ങളുടെ ആദ്യ സൃഷ്ടി ‘അവനവന് കടമ്പ’ ജി. അരവിന്ദന്റെ സംവിധാനത്തിലരങ്ങേറി. ആ തനതു നാട്ടരങ്ങുനല്കിയ തുറന്ന ദൃശ്യശ്രാവ്യാനുഭവം മോഹന്‍ദാസിനു മറ്റൊരു പ്രചോദനമായിരുന്നു.
1975-76 ല്‍ രാമവര്മ്മപുരത്തുവെച്ചു ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത്തെകളരിയില് പ്രത്യേകം പരിശീലിയ്ക്കപ്പെടാന് തെരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ ഒരാളായിരുന്നു മോഹന്‍ദാസ്. കോഴിക്കോടു ഗോപിനാഥ്, അന്തരിച്ച നാടകയോഗം രഘു, മോഹന്‍ദാസ് പാലക്കാട് എന്നിവരായിരുന്നു മറ്റുമൂന്നുപേര്‍. ആ കളരിയില്‍ ഇബ്രാഹിം അല്‍ക്കാസി സംവിധാനം, എസ്.പി. ശ്രീനിവാസ്- രംഗവിതാനം, രാമമൂര്‍ത്തി ദീപവിതാനം എന്നീ വിഷയങ്ങളില്‍ അവര്ക്കുപരിശീലനം കൊടുത്തു. ഗൗരവപൂര്‍ണ്ണമായ സമഗ്രനാടകവേദി എന്ന സങ്കല്പം അതോടെ മോഹന്‍ദാസില്‍ വേരുറച്ചു. സംവിധാന പരിശീലന ത്തിന്റെ ഭാഗമായി ആ കളരിയിലവതരിപ്പിച്ച നാടകം പുളിമാന പരമേശ്വരന് പിള്ളയുടെ സമത്വവാദി ആയിരുന്നു.
1976-77 ല്‍ എറണാകുളത്തുവെച്ച് നടന്ന ദേശീയ നാടകോത്സവത്തില്‍ ‘ക്രൈം’ അവതരിപ്പിച്ചതോടൊപ്പം ഹബീബ് തന്‍വീറിന്റെ ചരണ്‍ദാസ്ചോര്‍, ഗിരീഷ്കര്‍ണാടിന്റെ ഹയവദന, സംവിധാനം ബി.വി.കാരന്ത്,വിജയ്ടെണ്ഡുല്ക്കറുടെ ഖാസിറാം കൊത്വാള്‍, സംവിധാനം ജബ്ബാര്‍ പട്ടേല്‍ എന്നീ ആധുനികരംഗവതരണങ്ങള് കാണുവാനുള്ള അവസരവും മോഹന്ദാസിനുണ്ടായി.
അങ്ങനെ നിറഞ്ഞ ആത്മാനുഭൂതിയുടെയുടെയും ആധുനിക രംഗകലാലാവണ്യ ശാസ്ത്ര സങ്കല്പങ്ങളുടേയും ആന്തരിക രാസപ്രവര്ത്തനത്തിലുണര്ന്ന സര്‍ഗ്ഗാത്മകതയുമായി തിരിച്ചുവന്ന് തന്റെ നാടക സംഘമായ ‘അണിയറയ്’ക്കു വേണ്ടി പി.എം. താജിന്റെ കനലാട്ടം സംവിധാനം ചെയ്തു. യഥാര്‍ത്ഥ രംഗവിധാനമോ, രംഗസാമഗ്രികളൊ ഒന്നുമില്ലാതെ തലങ്ങള്‍ മാത്രമുപയോഗിച്ച് അഭിനേതാക്കളുടെ ശരീര ചലനജ്യാമിതിയിലൂടെ കഥാവസ്തുവിന്റെ അതിമനോഹരവും സംവേദനക്ഷമവുമായ രചനാ ശൈലി നെയ്തെടുത്തു. 1974 ലെ സംഗീതനാടക അക്കാദമി മത്സരത്തില്‍ സമ്മാനിതമായ കാളിദാസ് പുതുമന രചിച്ച ഗോവിന്ദന് പാലക്കാട് സംവിധാനം ചെയ്ത ‘ഗാഞ്ജലൊ’ എന്നൊരു നാടകം ശങ്കരപിള്ള സാറിന്റെ നാടകക്കളരികളുടെ ഗുണഫലമായി അതിനു മുമ്പേ ഉണ്ടായിട്ടുണ്ടെങ്കിലും,വിഷയം, സംഘാഭിനയം, പശ്ചാത്തല സംഗീതം- കലാനിലയം ഭാസ്കര്‍ ദാസ്യതലങ്ങളുടെ ഉപയോഗം, ദൃശ്യശ്രാവ്യരംഗബിംബരചന എന്നിങ്ങനെ അവതരണത്തിന്റെ എല്ലാതലങ്ങളിലും മലയാളിത്തത്തിലടിയുറച്ചു ഫലസിദ്ധി നേടിയ ആദ്യത്തെ നാടകം ‘കനലാട്ടം’ തന്നെയാണെന്നു പറയാം. കാവാലത്തിന്റെ തനുത നാടകധാരയില്‍ നിന്നു വ്യത്യസ്തമായ മലയാള അമേച്വര്‍ നാടകരംഗത്തുണ്ടായ ആധുനികരംഗാവതരണങ്ങളുടെ നാന്ദികുറിയ്ക്കലായിരുന്നു അത്. മലയാളിയുടെ ആസ്വാദന നിലവാരത്തെ സൗന്ദര്യാത്മകമായി നവീകരിച്ച രാമാനുജം സംവിധാനം ചെയ്ത ‘കറുത്തദൈവത്തെതേടി’ എന്ന നാടകം കനലാട്ടത്തിനുശേഷമാണുണ്ടായത്. ജോസ് ചിറമ്മലിന്റെ കാട്ടൂര്‍ കളരിയും സൂര്യവേട്ട എന്ന വ്യത്യസ്തമായ രംഗാവതരണം നടന്നതും കനലാട്ടത്തിനുശേഷമാണ്.
അങ്ങിനെ നോക്കുമ്പോള്‍ കെ.ആര്.മോഹന്‍ദാസിന്റെ ‘കനലാട്ടത്തിന് മലയാള നാടകവേദിയുടെ രംഗാവതരണചരിത്രത്തില് നിര്‍ണ്ണായകസ്ഥാനമുണ്ട്. അതൊരു വഴിത്തിരിവായിരുന്നു. മലയാളരംഗവേദിയെ തനതില്‍ നിന്നു വ്യത്യസ്തവും ആധുനികവുമായ മറ്റൊരു ദൃശ്യശ്രാവ്യതലത്തിലേയ്ക്കു തുറന്നിട്ടവാതായനമായിരുന്നു.തുടര്‍ന്ന് സൗപര്‍ണ്ണിക- നരേന്ദ്രപ്രസാദ്, അമാവാസിയിലൊരുപൗര്ണ്ണി – പി. ബാലചന്ദ്രന്, സംഘഗാനം – ടി.കെ. ഗംഗാധരന്, സമത്വവാദി – പുളിമാനപരമേശ്വരന്‍പിള്ള നാം മാത്രം അശോകന് – ജയപ്രകാശ് കുളൂര്‍, ഭാരതവാക്യം – പ്രൊഫ ജി. ശങ്കരപ്പിള്ള, അത്ഭുതാങ്കണം – ടി.എം. അബ്രഹാം എന്നിങ്ങനെ തീര്‍ത്തും വ്യത്യസ്തമായ നിരവധി നാടകങ്ങള്‍ക്ക് നവീന ദൃശ്യശ്രാവ്യാനുഭവം പകര്‍ന്ന് ഇന്നും അരങ്ങിനോടുള്ള ആദരം കലര്‍ന്ന സ്വപ്നങ്ങളുമായി രംഗാവതരണത്തിലെ ഉത്തരാധുനിക പരീക്ഷണങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് ഈ ”രംഗതാപസന്‍”
പ്രതികരിക്കാൻ ഇവിടെ എഴുതുക: