Categories: Main Article

ഏപ്രില്‍ 14ന് ആറ്റിങ്ങല്‍ കലാപത്തിന്റെ മുന്നൂറാം വാര്‍ഷികം; വിദേശവിരുദ്ധ കോളനി ഭരണത്തിനെതിരായ ആദ്യത്തെ കലാപം നടന്നത് 1721 ൽ

നാട്ടു പട്ടാളക്കാര്‍ ഇംഗ്ലീഷുകാരെ വളയുകയും മാല്‍ഹീറോ, ഫെളമിങ്ങ്, ഗിഫോര്‍ഡ് തുടങ്ങിയ അധികാരികളടക്കമുള്ള 133 പേരെ വധിക്കുകയും ചെയ്തു. ഏത് നാക്കുകൊണ്ടാണോ ബ്രാഹ്മണനേയും മറ്റും ഗിഫോര്‍ഡ് അധിക്ഷേപിച്ചത് ആ നാക്ക് നാട്ടുപ്രമാണിമാര്‍ മുറിച്ചെടുത്ത് അടുത്തുള്ള വാമനപുരം നദിയിലേക്ക് എറിഞ്ഞു. ഇവരെ കഷണം കഷണമായി അരിഞ്ഞ് വീഴ്ത്തിയായിരുന്നു. നാട്ടുകാരുടെ പ്രതികാരവും പ്രതിഷേധവുംമൂലം.

Published by

ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ (1600-1947) ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ വാഴ്‌ത്തിയിട്ടുള്ള യുദ്ധം പ്ലാസ്സിയാണ്.  1757 ജൂണ്‍ 23 ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇംഗ്‌ളീഷ് സൈന്യാധിപനായ റോബര്‍ട്ട് ക്ലൈവ് ബംഗാള്‍ നവാബിനെ തോല്പിച്ചതാണ് പ്ലാസി യുദ്ധത്തിന്റെ പ്രാധാന്യം.  ഇതോടെ ഇംഗ്‌ളീഷുകാര്‍ക്ക് കൂടുതല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ കൈവശപ്പെടുത്താന്‍ സാധിച്ചു.  ഇരുപത്തിയൊന്‍പത് പേര്‍ മാത്രമാണ് പ്ലാസി (ബംഗാളിലെ ഭഗീരഥി നദിക്കരയിലാണ് പ്ലാസി) യില്‍ കൊല്ലപ്പെട്ടത്.  എഴുനൂറിലധികം ഇംഗ്‌ളീഷ് സൈനികരും അതിന്റെ മൂന്നിരട്ടിവരുന്ന നവാബിന്റെ സൈനികരുമായിരുന്നു ഏറ്റുമുട്ടിയിരുന്നത്.  പ്ലാസി യുദ്ധത്തിന് 36 വര്‍ഷം മുമ്പായിരുന്നു ആറ്റിങ്ങല്‍ കലാപം.  1721 ഏപ്രില്‍ 14 ന് രാത്രി നടന്ന സംഘര്‍ഷത്തില്‍ 133 ഇംഗ്ലീഷുകാര്‍ കൊല്ലപ്പെട്ടു.  ആറ്റിങ്ങല്‍ തമ്പുരാട്ടിയുടെ മൗനാനുവാദത്തോടെ കുടമണ്‍പിള്ള നടത്തിയ കലാപമായിരുന്നു ആറ്റിങ്ങലിലേത്.  ഇതു നടന്നിട്ട് ഈ ഏപ്രില്‍ 14 ന് 300 വര്‍ഷം തികയുന്നു.  വിദേശവിരുദ്ധ കോളനി ഭരണത്തിനെതിരായ ആദ്യത്തെ കലാപമായിരുന്നു ആറ്റിങ്ങലില്‍ അരങ്ങേറിയത്.  ഇന്ത്യാ ചരിത്രത്തില്‍ ഉള്‍പ്പെടുത്താതെപോയ, കേരളചരിത്രത്തില്‍പോലും വേണ്ടത്ര പ്രാധാന്യം നല്‍കാതെ അവഗണിക്കപ്പെട്ടൊരു ചരിത്രകലാപമായിരുന്നു ആറ്റിങ്ങലിലേത് എന്ന കാര്യത്തില്‍ സംശയമില്ല.  കുളച്ചല്‍ യുദ്ധത്തെ (1741 ആഗസ്റ്റ് പത്ത്) പോലും തമസ്‌കരിക്കുവാന്‍ വ്യഗ്രതയുള്ളവരാണ് കേരളീയ ചരിത്രഗവേഷകരും ചരിത്രകാരന്മാരും.

സ്വാതന്ത്ര്യസമരമെന്ന് ഇന്ന് നാം കണക്കാക്കുന്നതുപോലൊരു കലാപമായിരുന്നില്ല ആറ്റിങ്ങലില്‍ നടന്നത്.  സ്വാതന്ത്ര്യം എന്ന ആശയം തന്നെ പരിപക്വമായിരുന്ന അക്കാലത്തെ സമരങ്ങളെല്ലാം തന്നെ ഒരു വിധത്തില്‍ നിക്ഷിപ്തലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് നടത്തപ്പെട്ടവയായിരുന്നു.  തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്ക് തകര്‍ച്ച ഉണ്ടാകില്ലായിരുന്നുവെങ്കില്‍ പഴശ്ശി രാജാവോ (1805), ടിപ്പുസുല്‍ത്താനോ (1799), ത്സാന്‍സിറാണിയോ ഒരു ബ്രിട്ടീഷ് വിരുദ്ധ വിദേശവിരുദ്ധ സമരത്തിന് തുനിയുമായിരുന്നില്ല.  സ്വാതന്ത്ര്യസമരവും ദേശീയബോധവും ദേശീയതയുമെല്ലാം 1857 നുശേഷം വളര്‍ന്ന് വലുതായ ആശയങ്ങളായിരുന്നു എന്ന് നിസ്സംശയം പറയാം.  1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 136 വര്‍ഷം മുമ്പായിരുന്നു ഈ കൊച്ചു കേരളത്തിലെ ആറ്റങ്ങലില്‍ കോളനിവിരുദ്ധ സമരം നടന്നത്.

ആറ്റിങ്ങൽ കൊട്ടാരം

രണ്ടാം ചേരരാജ്യത്തിന്റെ (800-1124) വിഘടനാനന്തരം കേരളക്കരയില്‍ 44 ചെറുതും വലുതുമായ ദേശങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരനായ കാവാലം മാധവപ്പണിക്കര്‍ എഴുതിയിട്ടുണ്ട്.  (അണ്ണാമലൈ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച സര്‍ദാര്‍പ്പണിക്കരുടെ മൂന്ന് കൃതികളിലും).  പണിക്കരുടെ സര്‍വ്വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയിലും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇത്തരം 44-ല്‍ ഒന്നായിരുന്നു കൃപകരാജ്യമെന്ന് സംസ്‌കൃതത്തില്‍ പരാമര്‍ശവിധേയമായിരിക്കുന്ന വേണാട് (വേല്‍ കൊണ്ട് യുദ്ധം ചെയ്യുന്നവര്‍ എന്ന അര്‍ത്ഥവും നല്‍കിവരുന്നു)  വേണാടിന്റെ തലസ്ഥാനം കൊല്ലവും തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റേത് തിരുവനന്തപുരവുമായിരുന്നു.  കൂപകറാണി (1576) അവണീശ്വരം ശിവക്ഷ്രേ്യതം പുതുക്കിപ്പണിതു എന്ന് ആറ്റിങ്ങല്‍ തമ്പുരാട്ടിമാരെപ്പറ്റിയുള്ള മഹാകവി ഉള്ളൂരിന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.  1677-1698 കാലത്തെ വേണാട്ടിന്റെ റാണി അശ്വതിതിരുനാള്‍ ഉമയമ്മയായിരുന്നുവെന്ന് ഡച്ച് ഗവര്‍ണറായ വാന്റീഡും പറയുന്നുണ്ട്.  മാത്രമല്ല, വേണാടിന്റെ വളര്‍ച്ച തിരുവിതാംകൂര്‍ ആയി മാറിയപ്പോള്‍ (മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് 1729-58) രാജാധികാരം ആറ്റിങ്ങല്‍ മൂത്ത തമ്പുരാട്ടിയുടെ മക്കള്‍ക്കായിരുന്നു എന്ന് സ്പഷ്ടം.  മരുമക്കത്തായം അരക്കിട്ട് ഉറപ്പിച്ച കാലമായിരുന്നു അത്.  മാര്‍ത്താണ്ഡവര്‍മ്മക്ക് അധികാരം ലഭിച്ചതും ഈ വ്യവസ്ഥ മൂലമായിരുന്നു.  അല്ലെങ്കില്‍ പപ്പുരാമന്‍ തമ്പിമാരില്‍ ആരെങ്കിലും തിരുവിതാംകൂര്‍ രാജാവാകുമായിരുന്നു.

ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണ് ഉമയമ്മറാണി ഭരിച്ചിരുന്നത്.  റാണിയുടെ കാലത്ത് വേണാടും തൃട്ടപ്പാപ്പൂരും ഒരേ ആധിപത്യത്തിന്‍ കീഴിലായിരുന്നു എന്ന് സാരം.  അക്കാലത്ത്  വിഴിഞ്ഞത്ത് (രാജരാജന്റെ കാലത്തെ രാജേന്ദ്രചോള പട്ടണം അഥവാ കുവലയമാലയെന്ന സംസ്‌കൃത കൃതിയിലെ വിജയപുരി) ഇംഗ്‌ളീഷുകാര്‍ക്ക് ഒരു പണ്ടകശാല ഉണ്ടായിരുന്നു.  നിരന്തരമായ മഴമൂലം അവിടെ നല്ലൊരു കോട്ടകെട്ടണമെന്ന മോഹമായിരുന്നു ഇംഗ്‌ളീഷുകാര്‍ക്ക്.  എന്നാല്‍ എട്ടുവിട്ടര്‍ക്കും മാടമ്പിമാര്‍ക്കും ഇതിനോട് യോജിപ്പില്ലായിരുന്നു.  എന്നാലും നാടിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാന്‍ വേണ്ടി ഉമയമ്മ റാണി അഞ്ചുതെങ്ങില്‍ കോട്ട കെട്ടുവാന്‍ ഇംഗ്‌ളീഷുകാരെ അനുവദിച്ചു.  ഇതിനായി പാരിതോഷികങ്ങള്‍ മാത്രമല്ല സാമ്പത്തികസഹായവും റാണിക്കായി ഇംഗ്ലീഷ് ഉദേ്യാഗസ്ഥര്‍ ചെയ്തുവെന്ന് അലക്‌സാണ്ടര്‍ ഹാമില്‍ടണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1694 ല്‍ ആയിരുന്നു ഇപ്രകാരം അനുവാദം നല്‍കിയതെങ്കിലും അഞ്ചുതെങ്ങ് കോട്ടയുടെ പണി 1999 ല്‍ മാത്രമാണ് ആരംഭിച്ചത്.  

അഞ്ചുതെങ്ങ് കോട്ട

ഇംഗ്‌ളീഷുകാര്‍ നല്‍കിയ പാരിതോഷികങ്ങള്‍ വീതംവച്ചെടുത്തപ്പോള്‍ എട്ടുവീടരില്‍ ചിലര്‍ റാണിക്കെതിരായി.  ചില മാടമ്പിമാരെ ഡച്ചുകാരും പ്രോത്സാഹിപ്പിച്ചു, അഞ്ചുതെങ്ങില്‍ കോട്ടകെട്ടാതിരിക്കുവാന്‍.  എട്ടുവീടരില്‍ തന്നെ പലരും പരസ്പരം ശത്രുത വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു.  എട്ടുവിടര്‍ എന്നു പറയുന്നതുപോലും തര്‍ക്കവിഷയമാണ് ഇന്നും.  (1) കുളത്തൂര്‍ പിള്ള (2) കഴക്കൂട്ടത്തു പിള്ള (3) ചെമ്പഴന്തി പിള്ള (4) കുടമണ്‍ പിള്ള (5) പള്ളിച്ചല്‍ പിള്ള (6) വെങ്ങാനൂര്‍ പിള്ള (7) രാമനാമഠത്തുപിള്ള (8) മാര്‍ത്താണ്ഡമഠം പിള്ള.  കുടമണ്‍പിള്ള ഉമയമ്മറാണിയെ പിന്തുണച്ചിരുന്നതിനാല്‍ മറ്റുചില പിള്ളമാര്‍ റാണിക്ക് എതിരായി ഗൂഢാലോചനകള്‍ നടത്തിയിരുന്നു.  കോട്ട കെട്ടിക്കഴിഞ്ഞാല്‍ ഇംഗ്‌ളീഷുകാരും തനിക്കെതിരാകുമെന്ന ഭയമുള്ളതുകൊണ്ട്, റാണി കുടമണ്‍പിള്ളയുടെ നേതൃത്വത്തില്‍ മുസ്ലീം നായര്‍ പട്ടാളക്കാരെ അഞ്ചുതെങ്ങിലേക്ക് അയച്ചിരുന്നു, ദൈനംദിന കാര്യങ്ങള്‍ അറിയിക്കാനായി.

കോട്ടകെട്ടാന്‍ അനുവാദം നല്‍കുന്നതിന് ഒരുദശാബ്ദം മുമ്പുതന്നെ ഇംഗ്‌ളീഷ് കച്ചവടക്കാര്‍ റാണിയിന്‍ നിന്ന് (ആറ്റിങ്ങലിന് സമീപമാണ് അഞ്ചുതെങ്ങ്) വളരെയധികം കുരുമുളക് ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങിയിരുന്നു.  ഡച്ചുകാരും കുറേയൊക്കെ വാങ്ങിയിരുന്നു.  ബോംബെയിലെ ഇംഗ്‌ളീഷ് അധികാരികള്‍ റാണിയില്‍ നിന്ന് ആയിരത്തിനുമല്‍ 1500 വരെ ടണ്‍ മുളക് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു.  റാണിക്ക് ഇടയ്‌ക്കിടെ വെല്‍വെറ്റ് അടക്കമുള്ള സമ്മാനങ്ങള്‍ ഇംഗ്‌ളീഷുകാരും ഡച്ചുകാരും നല്‍കിയിരുന്നു എന്നുള്ളതിന് ഇഷ്ടംപോലെ സാക്ഷ്യപത്രങ്ങളുണ്ട്.  

ഒരുകാലത്ത് ക്യാപ്റ്റന്‍ ജോണ്‍ബ്രാബോണ്‍ റാണിക്കും എട്ടുവീടര്‍ക്കും കൊച്ചി രാജാവിനും നാണയങ്ങള്‍ സമ്മാനിച്ചിരുന്നു (ഒരു നാണയം 21 പണമാണ്).  ഇംഗ്‌ളീഷ് കോട്ട കെട്ടുന്നതിന് മുമ്പേ 1694 ജൂലൈ 27 ന് മുതല്‍ ഇംഗ്‌ളീഷ് പതാക (യൂണിയന്‍ ജാക്ക്) അഞ്ചുതെങ്ങില്‍ കെട്ടിയിരുന്നു.  ഇംഗ്‌ളണ്ടിലെ അധികാരികള്‍ (കോര്‍ട്ട് ഓഫ് ഡയറക്‌ടേഴ്‌സ്) റാണിയുടെ ആവശ്യങ്ങള്‍ പലതും നിരാകരിച്ചിരുന്നുവെങ്കിലും അവരെ പ്രീതിപ്പെടുത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.  (നെവിന്‍ ചേംബര്‍ ലെയിന്‍ ഇംഗ്‌ളീഷ് പ്രധാമന്ത്രിയായപ്പോള്‍ (1935-37) ഹിറ്റ്‌ലറേയും മുസ്സോളിനിയെയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചിരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്).  ഇംഗ്ലീഷുകാര്‍ക്ക് വിഴിഞ്ഞത്തും, അഞ്ചുതെങ്ങിലും, ആറ്റിങ്ങലിലും ഒക്കെ വാണിജ്യ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു, എന്നകാര്യം സ്പഷ്ടമാണ് ഡച്ചുകാരെക്കാള്‍. 1699 ല്‍ അഞ്ചുതെങ്ങ് കോട്ട കെട്ടിക്കഴിഞ്ഞപ്പോള്‍ എഴുപതിനായിരം കല്ലുകള്‍ ഉപയോഗിച്ചിരുന്നു. നാനൂറുപേര്‍ക്ക് ഒരേ സമയം താമസിക്കുന്നതിനും 60 പീരങ്കികള്‍ ഉപയോഗിക്കുന്നതിനും കോട്ടയില്‍ സൗകര്യമൊരുക്കിയിരുന്നു. മൊത്തം ചിലവായി രേഖപ്പെടുത്തിയിട്ടുള്ളത് ഏഴായിരം പൗണ്ടാണ്.

അഞ്ചുതെങ്ങ് കോട്ട

സ്വകാര്യ വ്യാപാരം ലണ്ടനിലെ ഇംഗ്ലീഷ് അധികാരികള്‍ അനുവദിച്ചിരുന്നു. ഇതുമൂലം ഓരോ ഉദ്യോഗസ്ഥനും സ്വകാര്യമായ ലാഭവിഹിതം ലഭിച്ചിരുന്നു. 1679 ലെ സമാധാന കരാര്‍പ്രകാരം കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ റാണിവില്‍ക്കുമായിരുന്നുള്ളു. ഇംഗ്ലീഷുകാരില്‍ നിന്ന് മറ്റ് വ്യാപനക്കമ്പനികള്‍ സാധനങ്ങള്‍ വാങ്ങി യൂറോപ്പില്‍ വിറ്റിരുന്നു. 1707 വരെ ഇവിടെ ക്യാപറ്റനായിരുന്ന ജോണ്‍ ബ്രാബോണും 1712 വരെയുണ്ടായിരുന്ന സൈമണ്‍ ക്രൗസും ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയത് ധനാഢ്യരായിട്ടായിരുന്നു. പിന്നീട് വന്ന ജോണ്‍ കിഫിന്‍ സ്വകാര്യ വ്യാപാരം അതിരുവിട്ട് നടത്തിയപ്പോള്‍ ഇംഗ്ലീഷ് കമ്പനി അയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും വില്യം ഗിഫോര്‍ഡിനെ ഭരണാധികാരിയായി നിയോഗിക്കകുയും ഉണ്ടായി. ഗിഫോര്‍ഡും സ്വകാര്യ വ്യാപാരത്തില്‍ വ്യഗ്രത കാണിച്ചിരുന്നു. തന്റെ ഭാര്യയുടെ സഹോദരനായ തോമസ് കുക്കിന്റെ ”തോമസ്” എന്ന കപ്പല്‍ വഴി വളരെയധികം മുളക് യൂറോപ്പിലേക്ക് കയറ്റി അയച്ച് വലിയ ലാഭം കൊയ്തതായി രേഖകള്‍ കാണാം.

ഗിഫോര്‍ഡിന്റെ പെരുമാറ്റം പലപ്പോഴും നാട്ടുകാരെ പ്രകോപിപ്പിക്കുകയും ശത്രുതയിലാക്കുകയും ചെയ്തു എന്ന് പറയാതിരിക്കാന്‍ വയ്യ.  ഒരിക്കലൊരു ബ്രാഹ്മണനെ ഗിഫോര്‍ഡ് പരസ്യമായി അവഹേളിച്ചു.  അയാളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒരു അടിമയുടെ താടി ഷേവ് ചെയ്യിക്കുകയുണ്ടായി.  മാമൂല്‍ പ്രകാരം ഈ പ്രവൃത്തി ബ്രാഹ്മണനെ സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്പിക്കുന്നതിനിടയാക്കി.  ഈ പ്രവൃത്തി ബ്രാഹ്മണരെ ഒരു പ്രതിജ്ഞയെടുപ്പിച്ചു – അഞ്ചുതെങ്ങിലെ യൂറോപ്യന്‍ ക്രിസ്ത്യന്‍ വ്യാപാരികളെ സന്ദര്‍ഭം കിട്ടുമ്പോള്‍ വകവരുത്തണമെന്ന്.

ഗിഫോര്‍ഡിന്റെ ഇതര പ്രവൃത്തികളും ജനങ്ങളുടെ വെറുപ്പിനിടയാക്കി.  ഇംഗ്‌ളീഷ്‌കോട്ടയിലെ കാര്യങ്ങള്‍ പരിഭാഷപ്പെടുത്തിയിരുന്ന കത്തോലിക്കനായ ഇഗ്നേഷ്യയസ് മാല്‍ഹീറോ, ഗിഫോര്‍ഡിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ മുസ്ലീം കച്ചവടക്കാര്‍ക്കു നേരെ ചീഞ്ഞ മൊട്ടയെറിഞ്ഞ് രസിക്കുമായിരുന്നു. മുസ്ലീംങ്ങള്‍  അധികാരികളുടെ ഇത്തരം പ്രവര്‍ത്തികളില്‍ ഖിന്നരായിരുന്നു. മാല്‍ഹിറോയുടെ പ്രവൃത്തി ഹിന്ദുക്കളേയും, മുസ്ലീങ്ങളേയും ഏറെ അടുപ്പിച്ചിരുന്നുതായി സമകാലിക രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തനിക്ക് ലഭിച്ച കൊള്ളലാഭത്തില്‍ നിന്ന് ഒരുലക്ഷം പണം മുടക്കി മാല്‍ഹിറോ ഒരു ഹിന്ദുവിന്റെ തെങ്ങിന്‍ പുരയിടം വാങ്ങിയതും ജനങ്ങളെ ശത്രുവാക്കുന്നതിന് സഹായിച്ചു. കാരണം പ്രസ്തുത പുരയിടത്തില്‍ ഒന്നോ രണ്ടോ ചെറിയ ഹിന്ദു ദേവാലയങ്ങള്‍ ഉണ്ടായിരുന്നതും കത്തോലിക്കനായ മാല്‍ഹിറോവിന്റെ അധീനതയിലായതിനാല്‍, ഈ പുരയിടം വാങ്ങുന്നതിന് കുടമണ്‍പിള്ളക്ക് താല്പര്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗിഫോര്‍ഡിന്റെയും ഭാര്യയുടേയും മറ്റൊരുവിനോദം കോട്ടക്ക് സമീപത്തുകൂടി പോയിരുന്ന മുസ്ലീം ജനങ്ങളുടെ മേല്‍ മലിനജലം ഒഴിച്ച് അവഹേളിക്കുക എന്നതായിരുന്നു. ഇതെല്ലാം തന്നെ ക്രിസ്ത്യാനികളായ ഇംഗ്ലീഷ് വ്യാപാരികളെ നോട്ടപുള്ളികളാക്കി ഹിന്ദുക്കളുടേയും, മുസ്ലീംങ്ങളുടേയും മനസ്സില്‍.  

ആറ്റിങ്ങൽ കലാപത്തിന്റെ സ്മാരകം

ഇക്കാലത്ത് ആറ്റിങ്ങല്‍ റാണിയായി കൊല്ലം ദേശവാഴിയുടെ സഹോദരിയെ നിയോഗിക്കപ്പെട്ടിരുന്നു. പുതിയ റാണിക്ക് സമ്മാനങ്ങളും മുമ്പ് നല്‍കേണ്ടിയിരുന്ന കപ്പകുടിശ്ശികയുമെല്ലാം നല്‍കാന്‍ ഗിഫോര്‍ഡ് തയ്യാറായി. കുടമണ്‍പിള്ളയുടെ ഔദ്യോഗികക്ഷണം കൂടി ലഭിച്ചപ്പോള്‍ റാണിക്ക് സമ്മാനങ്ങള്‍ നല്‍കാനുള്ള തീയതി ഏപ്രില്‍ 14 ആയി (1721) നിശ്ചയപ്പെടുത്തി. ഇപ്രകാരം ഗിഫോര്‍ഡിന്റെ നേത്യത്വത്തില്‍ 120 ഇംഗ്ലീഷ് വ്യാപാരികളും 30 അടിമകളും അഞ്ചുതെങ്ങില്‍ നിന്ന് നാലുമൈല്‍ ആകലെയുള്ള ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.  

അഞ്ചുതെങ്ങ് കോട്ടയില്‍ നാലു സൈനികര്‍ ഒഴികെ ഉള്ളവര്‍ റാണിയെ കാണാന്‍ തയ്യാറായി ആറ്റിങ്ങലിലേക്ക് യാത്രയായി. ഏഴുവര്‍ഷത്തെ കപ്പകുടിശ്ശികയും റാണിക്കും പിള്ളമാര്‍ക്കുമുള്ള സമ്മാനങ്ങളും (നാണയങ്ങളും വെല്‍വെറ്റ് തുണിയും കണ്ണാടികളും) ആയിട്ടായിരുന്നു ഗിഫോര്‍ഡിന്റെ വരവ്. ഒരുവര്‍ഷം പതിനേഴായിരം പണം എന്ന കണക്കില്‍ കൊടുത്തു തീര്‍ക്കേണ്ടതുണ്ടായിരുന്നു. വെനീസില്‍നിന്ന് കൊണ്ടുവന്നിരുന്ന പട്ടും മറ്റും സമ്മാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. മാല്‍ഹീറോയും ഗിഫോര്‍ഡും നേത്യത്വം നല്‍കിയ ജാഥയെ ആറ്റിങ്ങല്‍ കൊട്ടാരത്തിലെ നായര്‍ പ്രഭുക്കന്മാര്‍ സ്വീകരിച്ചു. ഓരോ  പിള്ളക്കും മാടമ്പിക്കും നല്‍കേണ്ട നാണയങ്ങളും സമ്മാനങ്ങളും പ്രത്യേകം പ്രത്യേകമായി ഗിഫോര്‍ഡിന്റെ സഹായികള്‍ തയ്യാറാക്കിവച്ചിരുന്നു. കുടമണ്‍പിള്ളക്ക് ആയിരുന്നു ചടങ്ങിന്റെ മൊത്തത്തിലുള്ള ചുമതല റാണി കല്പിച്ച് നല്‍കിയിരുന്നത്.  

ഗിഫോര്‍ഡിന്റെ നേത്യത്വത്തില്‍ റാണിയടക്കമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ എല്ലാം നല്‍കിയതിനെത്തുടര്‍ന്ന് പടക്കവും വെടിയും പൊട്ടിച്ച് ഇത് ആഘോഷിക്കണമെന്ന ആശയവും ഗിഫോര്‍ഡ് മുന്നോട്ടുവച്ചു. ഇത് എല്ലാവരും അംഗീകരിച്ചു. ഇതിനിടയില്‍ തന്നെ എല്ലാവര്‍ക്കും പാനീയങ്ങളും ആഹാരങ്ങളും നല്‍കപ്പെട്ടു. ഇതൊക്കെ കഴിയുമ്പോള്‍ രാത്രി വൈകും എന്നതിനാല്‍ മടക്കയാത്ര രാവിലെ ആക്കാന്‍ കുടമണ്‍പിള്ള നിര്‍ദ്ദേശിച്ചു. ഇതും ഗിഫോര്‍ഡും കൂട്ടരും അംഗീകരിച്ചു. കാരണം ആഹാരാദികള്‍ കഴിച്ചശേഷം വീണ്ടും നാലുമൈല്‍ നടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. ആഹാരാദികള്‍ കഴിക്കുന്നതിനിടയില്‍ റാണിയുടെ നായര്‍ പട്ടാളക്കാര്‍ ഇംഗ്ലീഷുകാരില്‍ നിന്ന് അവര്‍  സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ വാങ്ങുകയും,  വിസമ്മതിക്കുന്നവരില്‍ നിന്ന് ബലം പ്രയോഗിച്ചും വാങ്ങി എല്ലാവരേയും നിരായുധരാക്കിയിരുന്നു. ഇത് കഴിഞ്ഞ് നാട്ടു പട്ടാളക്കാര്‍ ഇംഗ്ലീഷുകാരെ വളയുകയും മാല്‍ഹീറോ, ഫെളമിങ്ങ്, ഗിഫോര്‍ഡ് തുടങ്ങിയ അധികാരികളടക്കമുള്ള 133 പേരെ വധിക്കുകയും ചെയ്തു. ഏത് നാക്കുകൊണ്ടാണോ ബ്രാഹ്മണനേയും മറ്റും ഗിഫോര്‍ഡ് അധിക്ഷേപിച്ചത് ആ നാക്ക് നാട്ടുപ്രമാണിമാര്‍ മുറിച്ചെടുത്ത് അടുത്തുള്ള വാമനപുരം നദിയിലേക്ക് എറിഞ്ഞു. ഇവരെ കഷണം കഷണമായി അരിഞ്ഞ് വീഴ്‌ത്തിയായിരുന്നു. നാട്ടുകാരുടെ പ്രതികാരവും പ്രതിഷേധവുംമൂലം.  

ഇത്തരം നീച പ്രവൃത്തികള്‍ക്ക് ഉത്തരവാദി കുടമണ്‍പിള്ളയാണെന്ന് റാണി പറഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ രാജാവ് ഇതിനുത്തരവാദി ആറ്റിങ്ങല്‍ റാണി തന്നെയാണെന്ന് പ്രഖ്യാപിച്ചു. ഡച്ച് രേഖകള്‍ പരിശോധിച്ച ഡോക്ടര്‍ ലീന മൂറും റാണി ഈ കൂട്ടകൊലക്ക് ഉത്തരവാദിയാണെന്ന് തന്റെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. ഇത്തരം കൂട്ടക്കൊലയുടെ വിവരം അഞ്ചുതെങ്ങ് കോട്ടയിലെത്തി. അവശേഷിച്ചിരുന്ന നാലുപേരില്‍ സാമുവല്‍ ഇന്‍സിന്റെ നേത്യത്വത്തില്‍ കോട്ട സംരക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങി 150 ല്‍ 133 പേര്‍ കൊല്ലപ്പെട്ടു. ബാക്കി 17 പേരില്‍ സത്രീകളും കുട്ടികളും ഉളളവര്‍ രക്ഷപ്പെട്ടു. അവരെ ഉപദ്രവിക്കണമെന്ന ആശയം കുടമണ്‍ പ്രഭ്യതികള്‍ക്കില്ലായിരുന്നുവെന്ന് അനുമാനിക്കാം.  കാരണം സ്ത്രീകള്‍ മടങ്ങുന്നത് ആരും തടസ്സപ്പെടുത്തിയില്ല എന്നുള്ളത് തന്നെ. ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കൊലപ്പെടുത്തുന്ന നിഷ്ഠര പ്രവൃത്തികള്‍ കണ്ട് ഭയവിഹ്വലരായിട്ടായിരുന്നു ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ മടക്കം. കോട്ടവളഞ്ഞ് നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആറുമാസത്തോളം തുടര്‍ന്നതായി വേണാടിന്റെ പരിണാമത്തില്‍ കെ.ശിവശങ്കരന്‍ നായര്‍ പറയുന്ന. കോട്ടയിലുള്ള പീരങ്കികള്‍ തുടരെത്തുടരെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നാട്ടുകാരുടെ കോട്ടയാക്രമണം നിലച്ചു. ആറ്റിങ്ങല്‍ റാണി വല്ലപ്രതികാര നടപടികള്‍ ഉണ്ടായാലോ എന്ന സംശയം മൂലം കൊല്ലത്ത് (വേണാടിന്റെ ആസ്ഥാനത്തേക്ക്) മടങ്ങി എത്തി. പകരം വേണാട് രാജാവായ രാമവര്‍മ്മ തമ്പുരാന്റെ (1721-1729) മറ്റൊരു സഹോദരി ആറ്റിങ്ങല്‍ മുത്തതമ്പുരാട്ടിയായിത്തീര്‍ന്നു. കൂട്ടക്കൊല ദര്‍ശിച്ച റാണിക്ക് ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് മടങ്ങുവാന്‍ ഭയമായിരുന്നു എന്ന് കരുതേണ്ടിവരും.  

കൂട്ടക്കൊലയുടെ വാര്‍ത്ത പരന്നതോടെ ഗിഫോര്‍ഡിന്റെ സ്ഥാനത്തേക്ക് മിഡ്‌ഫോര്‍ഡ്‌നെ  എന്ന ക്യാപ്റ്റന്‍ വന്നു. മുന്‍ അഞ്ചുതെങ്ങ് ചീഫ്മാരുടെപോലെ ഇയാളും സ്വകാര്യ വ്യാപാരത്തില്‍ ആത്യാര്‍ത്തി കാണിച്ചയാളായിരുന്നു. അഞ്ചുതെങ്ങ് കോട്ടയില്‍ നിന്നും ബോംബെ ഗവര്‍ണര്‍ക്കുള്ള കത്തിടപാടുകളില്‍ കലാപത്തിന്റെ കാരണങ്ങളും മറ്റും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍തന്നെ  മിഡ്‌ഫോര്‍ഡ്‌നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതായും അയാള്‍ സ്വകാര്യ കച്ചവടം വഴി ധന്യാഢ്യനായതായും പറയുന്നുണ്ട്. തുടര്‍ന്നുവന്ന അലക്‌സാണ്ടര്‍ ഓം (ഒ.ആര്‍.എം.ഇ) എന്ന അഞ്ചുതെങ്ങ് ചീഫ് തിരുവിതാംകൂര്‍ കാര്‍ക്ക് പരിചിതനായ സൈനികനും സഹായിയുമായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ അധികാരത്തില്‍ വന്നതോടെ എട്ടുവീടരും മാടമ്പിമാരും ഇല്ലാതാക്കപ്പെട്ടതായി (1729-58) ഓര്‍മിന്റെ കൈയ്യെഴുത്തുകളില്‍ കാണാം.

ഒരു മാടമ്പിയോ എട്ടുവിടനോ കൂടി നടത്തിയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം എട്ടുപേര്‍ക്കും നല്‍കിയാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീടരേയും മാടമ്പിമാരേയും തകര്‍ത്തത്. അതുവഴി ആറ്റിങ്ങല്‍ തിരുവിതാംകൂറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

വിദേശവിരുദ്ധ, ഇംഗ്ലീഷ് വിരുദ്ധ കോളനി വിരുദ്ധ സമരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യത്തെ കലാപമായിരുന്നു 1721 ല്‍ ആറ്റിങ്ങലില്‍ നടന്നത് എന്ന് നിസ്സംശയം പറയാം. ഈ മേഖലയില്‍ വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുള്ള എസ്.ബി. ചൗധരി അടക്കമുള്ള ചരിത്രകാരന്മാര്‍ അറിഞ്ഞോ അറിയാതേയോ ഒരു ചരിത്ര തമസ്‌കരണത്തിന് ഒപ്പമായിരുന്നു  ആറ്റിങ്ങല്‍ കലാപം, ആധുനിക ഭാരതത്തിലെ കലാപങ്ങളുടെ ചരിത്രത്തില്‍ തന്നെ ഒന്നാമത്തേതാണ.് ജോണ്‍ എന്ന ഇംഗ്ലീഷ് കച്ചവട കമ്പനിക്ക് 1600 ല്‍ ഇന്ത്യയുമായി കച്ചവടത്തിന് അനുവാദം നല്‍കിയത് എലിസസബത്ത് രാജ്ഞി (1558-1603) ആയിരുന്നു. അവര്‍  നിര്യാതയായിട്ട് 120 വര്‍ഷത്തിനുള്ളില്‍ തന്നെ അതിന് വെല്ലുവിളികള്‍ ഉണ്ടായി എന്നതും അത് 133 ഇംഗ്‌ളീഷുകാരുടെ കൂട്ടക്കൊലയിലാണ് അവസാനിച്ചത് എന്നുള്ളത് പൈത്യക ചരിത്രത്തിന്റെ അടയാളങ്ങള്‍ മാത്രം.  

പ്രൊഫ.ടി.പി.ശങ്കരന്‍കുട്ടിനായര്‍

മുന്‍ ഡയറക്ടര്‍ ജനറല്‍ പൈതൃകം പഠനകേന്ദ്രം

 മൊബ: 9447246356, email: nair.tps@gmail.com

                 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by