ദക്ഷിണേന്ത്യയില്‍ ആദ്യമായി ‘താമര വിരിഞ്ഞ’ കര്‍ണാടകത്തിന്റെ അതേ പാതയിലൂടെയാണ് കേരള രാഷ്ട്രീയവും പോകുന്നതെന്ന് പ്രമുഖ ബിജെപി നേതാവും കര്‍ണാടക എംപിയുമായ ശോഭ കരന്ത്ലജെ. രണ്ട് എംഎല്‍എമാരുമായി കര്‍ണാടക നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ അധികാരം കൈയടക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപിക്ക് ഇവിടെയും അധികാരത്തിലേക്കെത്താന്‍ അധികദൂരമില്ല. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ശോഭ കരന്ത്ലജെ ‘ജന്മഭൂമി’ ലേഖിക പ്രബീന ചോലയ്ക്കലിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
ബിജെപി സാധ്യതകളെങ്ങനെ
ഇവിടത്തെ അന്തരീക്ഷം കാണുമ്പോള്‍ ഞാന്‍ കര്‍ണാടകത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പത്തെ സാഹചര്യമാണ് ഓര്‍ക്കുന്നത്. ഇതിനു മുമ്പും ഞാന്‍ പ്രചാരണത്തിന് കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇത്തവണ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്ക്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. തീര്‍ച്ചയായും അത് പാര്‍ട്ടിക്ക് അനുകൂലമായിരിക്കും.
2011ല്‍ ശബരിമലയിലുണ്ടായ അപകടം മുതല്‍ ഇപ്പോള്‍ സ്ത്രീ പ്രവേശന വിവാദം വരെ അതീവ ഗൗരവത്തോടെ കാണുന്ന ജനപ്രതിനിധിയാണ് താങ്കള്‍. ഇക്കാര്യങ്ങളിലെ നിലപാടുകളെന്താണ് 2011ല്‍ ശബരിമല പുല്ലുമേട്ടിലുണ്ടായ തിക്കിലും തിരക്കിലും നൂറുകണക്കിനാളുകളാണ് മരിച്ചത്. അതില്‍ 33 പേര് കന്നഡിഗരായിരുന്നു. വല്ലാതെ വേദനിപ്പിച്ച സംഭവം. അന്ന് ഞാന്‍ കര്‍ണാടക ദേവസ്വം മന്ത്രിയായിരുന്നു. റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെ തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് ആവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി തന്നെ കേരള സര്‍ക്കാരിന് നല്‍കിയെങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ല. ശബരിമലയുടെ കാര്യത്തില്‍ എക്കാലത്തും കേരളത്തിലെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ. ഭക്തരുടെ പണം. അതുമാത്രം. നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായതെന്തും അവിടെയാവാം എന്ന ഭാവമാണവര്‍ക്ക്. സ്ത്രീപ്രവേശനമുള്പ്പെടെ. ഹൈന്ദവരെ എത്ര തന്നെ അവഗണിച്ചാലും പ്രശ്നമില്ലെന്ന ചിന്താഗതിയാണ് കാരണം. അതേസമയം ന്യൂനപക്ഷപ്രീണനം മുറയ്ക്ക് തുടരുന്നുമുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്.
കൊവിഡ് റിലീഫ് സൗജന്യ ഭക്ഷ്യകിറ്റിന്റെ കണക്കു പറഞ്ഞാണ് ഇടതു മുന്നണി വോട്ടുറപ്പിക്കുന്നത്
കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി കിറ്റിലാക്കി ജനങ്ങള്‍ക്ക് കൊടുത്ത് അത് തങ്ങളുടെ നേട്ടമായി പെരുപ്പിക്കുകയാണ്. 33 രൂപയുടെ അരി മൂന്നു രൂപയ്ക്കും 21 രൂപയുടെ ഗോതമ്പ് രണ്ടു രൂപ നിരക്കിലുമാണ് കേന്ദ്രം കേരളത്തിനു നല്‍കിയത്. കേരളത്തിനെന്നല്ല മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും. അത് മറച്ചുവെച്ചാണ് ഇവിടെ ഈ വീമ്പു പറച്ചില് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടാതെ പോകുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ ആരോഗ്യ പരിരക്ഷയില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാണ് കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പദ്ധതി. ഇവിടെ പ്രചാരണത്തിനിടെ ജനങ്ങളോട് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ഒരു കുടുംബത്തിന് ചികിത്സാധനമായി ലഭിക്കുന്ന ഈ സംവിധാനം പോലും ജനങ്ങളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചതായി കാണുന്നില്ല.
സ്ത്രീകളുടെ ക്ഷേമത്തിനുള്‍പ്പെടെ എത്രയോ പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും റെയില്‍വേ, നാഷണല്‍ ഹൈവേ പദ്ധതികള്‍, കിസാന്‍ സമ്മാന്‍, ഉജ്വല, ജല്‍ ജീവന് തുടങ്ങി കേരളത്തിന് അര്ഹമായതിലുമേറെ നല്‍കുന്നുണ്ട്.
ഇതെല്ലാം പരിഹരിക്കപ്പെടേണ്ടതല്ലേ?
തീര്‍ച്ചയായും. ഇതെല്ലാം നാടും നാട്ടുകാരും അറിയണം. അതിന് ബിജെപി പ്രതിനിധികള്‍ നിയമസഭയിലുണ്ടാവണം. നമ്മുടെ ശബ്ദം അവിടെ ഉച്ചത്തില്‍ ഉയരണം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ ഓരോന്നായി ജനങ്ങളിലെത്തിക്കാന്‍ കുമ്മനം, കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന് തുടങ്ങിയ ശക്തരായ നേതാക്കള്‍ നിയമസഭയിലെത്തിയേ തീരൂ. ഇത്തവണ അവരെല്ലാവരും നിയമസഭയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടികളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച്
രാജ്യത്ത് ഏറ്റവും കൂടുതല്‍ വനിതാ എംഎല്‍എമാരും എംപിമാരും ഉള്ളത് ബിജെപിക്കാണ്. പാര്‍ട്ടിക്കുള്ളിലും നേതൃസ്ഥാനത്തും എത്രയോ സ്ത്രീകളുണ്ട്. സ്ത്രീക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്കുന്നു. കടുത്ത സ്ത്രീവിവേചന സമ്പ്രദായമായ മുത്തലാഖ് നിര്‍ത്തലാക്കി.
സേനയിലും പോലീസിലും സര്‍ക്കാര്‍ മേഖലയില്‍ എല്ലായിടത്തും സ്ത്രീകള്‍ക്ക് കൂടുതല്‍ കൂടുതല്‍ തൊഴിലവസരം ഉറപ്പുവരുത്തുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് സോണിയ ഇരുന്നിട്ടും അവഗണനയില്‍ മനംനൊന്ത് മുണ്ഡനം ചെയ്യേണ്ട ഗതികേടാണ് അവരുടെ പ്രവര്‍ത്തകര്‍ക്കുള്ളത്.
കേരളത്തിലെ സ്ത്രീകളെക്കുറിച്ച്
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയ കുടുംബങ്ങളില്‍ സ്ത്രീകളുടെ ശബ്ദത്തിന് വിലയുണ്ട്. മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. അവര്‍ക്ക് പുരുഷനെന്ന പോലെ സ്വത്തില്‍ അവകാശവുമുണ്ട്. പക്ഷെ രാഷ്ട്രീയത്തില്‍ ഇനിയും കൂടുതല്‍ അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.
ലൗ ജിഹാദ്
അതും കേരളത്തിലാണ് കൂടുതല്‍. പ്രണയമല്ല, മതപരിവര്‍ത്തനമാണ് ലൗ ജിഹാദ്. അക്കാര്യത്തിലും സര്‍ക്കാര്‍ മുസ്ലിം പ്രീണനത്തിന്റെ പേരില്‍ മൗനം പാലിക്കുന്നു. ഒരു ദേശീയമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന റിപ്പോര്‍ട്ട് ഞാന്‍ ഓര്‍ക്കുകയാണ്. 2011നും 14 നുമിടയില്‍ ഹൈന്ദവ, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള 6000 പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍ കുടുങ്ങിയത്. തീവ്രവാദവും തീവ്രവാദികളെ രൂപപ്പെടുത്തലും നിര്‍ബാധം തുടരുകയാണ്.
കേരളത്തെക്കുറിച്ച്
ഇത് ‘ദേവര സ്വന്ത നാട്’ (ദൈവത്തിന്റെ സ്വന്തം നാട്) ആയിരിക്കാം. ദൈവസാന്നിധ്യവുമുണ്ട്. പക്ഷേ മനുഷ്യനില്‍ ദൈവത്തെ കാണാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ദേവാലയങ്ങള്‍ക്ക് രക്ഷയില്ലാത്ത ഇടം.
പ്രചാരണത്തില്‍ കൂടുതല്‍ കര്‍ണാടകത്തില്‍ നിന്നുള്ള നേതാക്കളാണല്ലോ
അയല്ക്കാര്ക്ക് ഒരാവശ്യം വരുമ്പോള്‍ സഹായിക്കേണ്ടത് ധര്‍മ്മമല്ലേ? അതു ഞങ്ങള്‍ ചെയ്യുന്നു. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പു കാലത്ത് തൃശൂരിലും കാസര്‍കോടുമെല്ലാം ഞാന്‍ വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: