ഏപ്രില്‍ 6ന് നടക്കുന്ന കേരള സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. തെരെഞ്ഞപ്പില്‍ അട്ടിമറി വിജയം നേടുന്നതിനായി ആസൂത്രിതമായ നീക്കമാണ് ഭരണ-രാഷ്ട്രീയ- ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായിരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെയും വിജയിക്കുക എന്ന തന്ത്രമാണ് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കും വിധം പ്രവര്‍ത്തനം നടത്താന്‍ ഇടത് വലത് മുന്നണികളെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ മുന്‍ തെരെഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വോട്ട് ശതമാനത്തിലെ ചെറിയ വ്യത്യാസം പോലും ഇരു മുന്നണികളും തമ്മിലുള്ള സീറ്റില്‍ വലിയ അന്തരം സൃഷ്ടിച്ചതായി കാണാം.
ഉദാഹരണത്തിന്, 2006 ലെ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് 7,558,834 വോട്ടുകളാണ്. 98 സീറ്റുകളുമായി അകെ വോട്ടിന്റെ 48.63% ആണിത്. യുഡിഎഫിന് ലഭിച്ചത് 42.98% ത്തോടെ 6,679,557 വോട്ടുകളും 42 സീറ്റും. അധികാരത്തിലെത്തിയ എല്‍ഡിഎഫി ന് 5.65% അധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സീറ്റില്‍ ഉണ്ടായ വര്‍ദ്ധനവ് യുഡിഎഫിനേക്കാള്‍ 56 സീറ്റുകളാണ്. ശരാശരി ഒരു ശതമാനം വോട്ടിന് 10 സീറ്റുകള്‍ എന്ന നിലയില്‍ എല്‍ഡിഎഫിന് ലഭിച്ചു.
2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പില്‍ 72 സീറ്റും 45.83 ശതമാനം വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫി ന് 44.94% വോട്ടും 68 സീറ്റുകളും ലഭിച്ചു . കേവലം 0.89 % വോട്ടിന്റെ വ്യതാസമാണ് ഇരു മുന്നണികളും തമ്മിലുണ്ടായിരുന്നതെങ്കിലും സീറ്റ് വിഹിതത്തില്‍ 4 എണ്ണം യുഡിഎഫ് അധികമായി നേടി. ഇവിടെയും ഒരു ശതമാനം വോട്ട് 5-6 സീറ്റിന്റെ വര്‍ധന വിജയിക്കുന്ന മുന്നണിക്ക് നല്‍കുന്നുണ്ട്.
2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത് 43.48 % വോട്ടും 91 സീറ്റും നേടിയാണ്. യുഡിഎഫ് 38.81 % വോട്ടും 47 സീറ്റും. ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന എന്‍ഡിഎ വോട്ട് വിഹിതം 14.96% മായി ഉയര്‍ത്തി. അതേ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യതാസം 4.67 % വും സീറ്റില്‍ അതുണ്ടാക്കിയ വ്യത്യാസം 44 ലുമാണ്. 2016 ലും ശരാശരി ഒരു ശതമാനം വോട്ടിന് 9 – 10 സീറ്റ് എന്ന നിലയില്‍ വ്യതാസം ഇരു മുന്നണികള്‍ക്കിടയിലുണ്ടായി.
ഈ സാഹചര്യത്തിലാണ് 2021 ലെ തെരെഞ്ഞെടുപ്പ് അത്യന്തം കൗതുകമേറിയതാവുന്നത് . യുഡിഎഫ് ദുര്‍ബലമാകുകയും എന്‍ഡിഎ മുഖ്യ രാഷ്ട്രീയ ശക്തികളിലൊന്നായി മാറുകയും ചെയ്ത സന്ദര്‍ഭത്തില്‍ എന്‍ഡിഎ പിടിക്കുന്ന വോട്ടുകള്‍ ഇരു മുന്നണികളെയും ക്ഷീണിപ്പിക്കുമെന്നുറപ്പാണ്. ഈ സന്ദര്‍ഭത്തിലാണ് നാല് ലക്ഷത്തിലധികം വോട്ടുകള്‍ ഇരട്ടവോട്ടുകളായി ചേര്‍ത്തിരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്.
തെരഞ്ഞെടുത്ത കറച്ചു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഇരട്ട വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ തന്നെ അത്തരം മണ്ഡലങ്ങളില്‍ പോള്‍ ചെയ്യുന്ന ഇരട്ടവോട്ടുകള്‍ നാലായിരമോ അയ്യായിരമോ ആകാം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ ഒരു മുന്നണിക്കനുകൂലമായി ഈ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുമ്പോള്‍ ആ സ്ഥാനാര്‍ഥിക്ക് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയും. ഇതിന് പുറമെ തപാല്‍ വോട്ടുകളിലുള്ള അട്ടിമറിയും നാട്ടില്‍ ഇല്ലാത്തവരുടെയും മരിച്ചവരുടെയും അസുഖബാധിതരുടെയും പേരിലുള്ള സാധാരണ കള്ളവോട്ടുകള്‍ വേറെയും ചെയ്യപ്പെടാനുള്ള സാധ്യതയാണുള്ളത്.
കേരളത്തിലെ രണ്ട് പ്രബല മുന്നികള്‍ ഏറ്റുമുട്ടിയിരുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ മുന്‍കാലഘട്ടങ്ങളില്‍ നിന്ന് വിഭിന്നമായി മൂന്നാം മുന്നണി ശക്തമായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ 4 ലക്ഷം ഇരട്ട/ കള്ള വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടാല്‍ മുന്നിലെത്തുന്ന മുന്നണിക്ക് തൊട്ടടുത്ത മുന്നണിയേക്കാള്‍ കുറഞ്ഞ ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെങ്കില്‍ പോലും സീറ്റിന്റെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാക്കുവാന്‍ സാധിക്കും. 2021 ലെ നിയമ സഭ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, എന്‍ഡിഎ കേഡര്‍ സംവിധാനം താഴെ തട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ യുഡിഎഫിന് അത്തരത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാവുന്നില്ല എന്നത് വാസ്തവമാണ്. അത്തരത്തില്‍ എന്‍ഡിഎ യുടെ പ്രവര്‍ത്തന ഫലമായി യുഡിഎഫി ന് ഉണ്ടാകുന്ന ക്ഷീണം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തെളിഞ്ഞതുമാണ്. ഈ സന്ദര്‍ഭത്തില്‍ ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയും ഒപ്പം തെരെഞ്ഞെടുത്ത മണ്ഡലങ്ങളില്‍ ഇത്തരത്തിലുള്ള കള്ളവോട്ടുകള്‍ തങ്ങളുടെ കേഡര്‍ സംവിധാനം ഉപയോഗിച്ചു പോള്‍ ചെയ്യുകയുമാണെങ്കില്‍ വലിയ വിജയം നേടാമെന്ന് ഇടത് മുന്നണി കണക്ക് കൂട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അസൂത്രിതമായി വോട്ടുകള്‍ ഇരട്ടിപ്പിക്കല്‍ പ്രക്രിയ നടത്തിയിരിക്കുന്നത്.
വ്യാജ അഭിപ്രായ സര്‍വ്വേകളയും പി. ആര് ഏജന്‍സികളെയും ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പിനെ കൈപ്പിടിയില്‍ ഒതുക്കുന്ന നയമാണ് മുന്നണികള്‍ നടത്തികൊണ്ടിരിക്കുന്നത്. ഇതിന് പുറമെയാണ് തെരെഞ്ഞടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കും വിധം വോട്ട് ഇരട്ടിപ്പിക്കല്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലുണ്ടായിരിക്കുന്ന ഈ സാഹചര്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ യഥാര്‍ത്ഥ ജനഹിതത്തെ അട്ടിമറിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തും. ഒപ്പം കള്ള വോട്ടുകള്‍ തടയുന്നതിനായി ആധുനിക സംവിധാനങ്ങള്‍ തെരെഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്കും കേരളത്തിലെ ഇരട്ട വോട്ട് സംഭവം വിരല്‍ ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: