ജനിച്ചതും വളര്‍ന്നതും പുണ്യനഗരിയായ കാശിയിലെങ്കിലും ഒരിക്കലും പൂര്‍ണമായും വഴങ്ങാത്ത മലയാളത്തോടുള്ള ‘നിരന്തര യുദ്ധ’മാണ് അരവിന്ദ് മേനോന്റെ മലയാള ഭാഷയോടുള്ള ഇഷ്ടത്തിന്റെ പ്രത്യക്ഷ അടയാളം. മലയാളിയെന്ന് കണ്ടാല്‍ പിന്നെ മലയാളത്തില്‍ മാത്രമേ സംസാരിക്കൂ എന്ന നിര്‍ബന്ധ ബുദ്ധിയുണ്ട് അദ്ദേഹത്തിന്. തന്റെ വാക്കുകളില്‍ മലയാളം പലപ്പോഴും വഴങ്ങിത്തരില്ല എന്നദ്ദേഹത്തിനറിയാം. എങ്കിലും ഒരു മലയാളിയെന്ന് അഭിമാനത്തോടെ പറയുന്ന അദ്ദേഹം രണ്ടുവര്‍ഷമായി ബംഗാളില്‍ പുതിയ ദൗത്യത്തിലാണ്.
യുപിയില്‍ നിന്ന് ആരംഭിച്ച സംഘടനാ ദൗത്യങ്ങള്‍ മധ്യപ്രദേശും ദല്‍ഹിയും ത്രിപുരയും കടന്ന് ബംഗാളിലെത്തി നില്ക്കുമ്പോള്, ഇത്തവണ മമതാ ദീദിക്ക് കാലിടറുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കൂടിയായ അരവിന്ദ് മേനോന് ഉറപ്പിച്ചു പറയുന്നു. മമതാ സര്‍ക്കാരിനെതിരെ ബംഗാളിലുയരുന്ന പൊതു ജനവികാരം മാത്രമല്ല, കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷം കൊണ്ട് ബംഗാളിലെ സംഘടനാ സംവിധാനങ്ങളില്‍ ബിജെപി കൊണ്ടുവന്ന വലിയ മാറ്റങ്ങളും അദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസത്തിന് പിന്നിലുണ്ട്.
താഴേത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനത്തില്‍ അഗ്രഗണ്യനാണ് അരവിന്ദ് മേനോനെന്ന് ബിജെപി ദേശീയ നേതൃത്വത്തിനറിയാം. ബിജെപി ഭരണത്തിലിരിക്കെ ദീര്‍ഘകാലം മധ്യപ്രദേശ് സംസ്ഥാനത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്നു അരവിന്ദ് മേനോന്. തുടര്‍ന്ന് പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റി. ബൂത്ത്ലെവല്‍ പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ മികവ് അടുത്തറിയാവുന്ന ദേശീയ നേതൃത്വം 2018ലാണ് ബംഗാളിലേക്ക് നിയോഗിക്കുന്നത്.
2019ല്‍ ബിജെപി ബംഗാളില്‍ നേടിയ വന്‍കുതിപ്പിന് പിന്നിലെ അദൃശ്യ സാന്നിധ്യങ്ങളിലൊന്ന് അരവിന്ദ് മേനോനായിരുന്നുവെന്ന് നിസ്സംശയം പറയാം. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് ജന്മഭൂമി ദല്‍ഹി പ്രതിനിധി എസ്. സന്ദീപുമായി സംസാരിക്കുന്നു അരവിന്ദ് മേനോന്. നിരവധി വര്‍ഷങ്ങളായി സംഘപ്രചാരകും ബിജെപി മുഴുവന്‍ സമയ കാര്യകര്‍ത്താവുമായി പ്രവര്‍ത്തിക്കുന്ന അരവിന്ദ് മേനോന് കേരളത്തിലും ഇത്തവണ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന ഉറപ്പുണ്ട്.
ബംഗാളില്‍ ഇരുനൂറിലധികം സീറ്റുകള്‍ ! ലക്ഷ്യം അല്‍പ്പം വലുതാണെന്ന് തോന്നുന്നുണ്ടോ?
2011ലെ നാലു ശതമാനത്തില്‍ നിന്ന് 2016ല്‍ പത്തുശതമാനമായി ബംഗാളിലെ ബിജെപി വോട്ടിങ് ശതമാനം വര്‍ധിച്ചു. എന്നാല്‍ അതില്‍ കുതിച്ചു ചാട്ടമുണ്ടായത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. പത്തില്‍ നിന്ന് 40.75 ശതമാനം വോട്ട് വിഹിതം വര്‍ധിക്കുകയും 42 ലോക്സഭാ സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. മമതാ ബാനര്‍ജിയുടെ ദുര്‍ഭരണത്തോടുള്ള ബംഗാളി ജനതയുടെ പ്രതിഷേധമായിരുന്നു അത്. 2.30 കോടി വോട്ടുകളാണ് ലോക്സഭയിലേക്ക് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് മൂന്നുകോടിയിലെത്തുമെന്നാണ് പ്രതീക്ഷ. എങ്കില്‍ 200ലധികം സീറ്റുകളുമായി ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുന്ന സുവര്‍ണ നിമിഷങ്ങളാവുമത്.
ബംഗാളില്‍ ശരിക്കും ബിജെപിയുടെ അശ്വമേധമാണ് നടക്കുന്നതെന്നാണ് സുഹൃത്തുക്കളായ ബംഗാളി മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. മമതാ ബാനര്‍ജിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സ്വാധീനം അത്രയ്ക്ക് ഇല്ലാതായോ?
കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാനവിടെയുണ്ട്. ബംഗാള്‍ പിടിക്കാനായി അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരുന്ന കാലത്താണ് ഞാനടക്കമുള്ളവരെ ബംഗാളിലേക്ക് നിയോഗിക്കുന്നത്. ഒന്നുമില്ലാത്തിടത്തുനിന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനത്തിനടുത്ത് വോട്ട് 18 എംപിമാരെയും വിജയിപ്പിക്കാന്‍ നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സാധിച്ചു. സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം ബൂത്തുകളില്‍ ബിജെപിയുടെ ശക്തമായ പ്രവര്‍ത്തനം എത്തിക്കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളായ മുകുള്‍ റോയി മുതല്‍ ഏറ്റവും അവസാനം പാര്‍ട്ടി വിട്ട ദിനേശ് ത്രിവേദി വരെയുള്ള പ്രമുഖര്‍ ബിജെപിയിലേക്ക് എത്തിയത് മമതയുടെ ഏകാധിപത്യവും കുടുംബാധിപത്യവും മടുത്തിട്ടാണ്. ബംഗാള്‍ ജനതയും അതു മടുത്തുകഴിഞ്ഞു. ബംഗാളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള യജ്ഞമാണ് ബിജെപി നടത്തുന്നത്.
എന്താണ് മമത സര്‍ക്കാരിന് പറ്റിയത്?
ഇന്ത്യയില്‍ ഏറ്റവുമധികം അഴിമതി നടത്തിയ സര്‍ക്കാരാണ് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇംഗ്ലീഷ് ആല്‍ഫബെറ്റില്‍ എയില്‍ തുടങ്ങി ഇസഡ് വരെയുള്ള അക്ഷരങ്ങള്‍ക്ക് അനുസൃതമായ അഴിമതികള്‍ ബംഗാളില്‍ നടന്നിട്ടുണ്ട്. (എ- ആംഫാന്‍ ചുഴലിക്കാറ്റ് സഹായധനം വെട്ടിപ്പ് തുടങ്ങി ഇസഡ്- ജില്ലാ പഞ്ചായത്ത് പരിഷത്ത് അഴിമതി വരെയുള്ള 26 അഴിമതികള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് അരവിന്ദ് മേനോന് ശരിക്കും ഞെട്ടിച്ചു).
മമതയുടെ ബന്ധുക്കളുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുജനത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടുകഴിഞ്ഞു. സിപിഎമ്മിന്റെ കിരാത ഭരണത്തിനെതിരായ ബംഗാള്‍ ജനതയുടെ പ്രതീക്ഷയായിരുന്നു മമതാ ബാനര്‍ജി. എന്നാല്‍ അവര്‍ സിപിഎമ്മിനേക്കാള്‍ വലിയ ക്രൂരതകള്‍ ബംഗാളില്‍ അഴിച്ചുവിട്ടു. 130ലേറെ ബിജെപി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. സമാനതകളില്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങള്‍ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അറിവോടെ സംസ്ഥാനത്ത് അരങ്ങേറി. സിപിഎം ഭരണകാലത്ത് അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നിന്ന ഗുണ്ടകള്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി ഗുണ്ടാപ്രവര്‍ത്തനം തുടരുന്നു. അവരെ ഉപയോഗിച്ചാണ് ബിജെപി പ്രവര്‍ത്തകരെ നിരന്തരം കൊലപ്പെടുത്തുന്നത്.
ബംഗാളിലെ സംഘടനാ പ്രവര്‍ത്തനത്തിലെ മാറ്റങ്ങള്‍?
അഞ്ചു സോണുകളായി സംസ്ഥാനത്തെ തിരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. ഓരോ സോണിലും അമ്പതിലധികം നിയമസഭാ മണ്ഡലങ്ങളുണ്ട്. ബൂത്തുതലങ്ങളില്‍ വരെ പ്രവര്‍ത്തനം വ്യാപിച്ചതോടെ തൃണമൂലിന്റെ ശക്തികേന്ദ്രമായ കൊല്‍ക്കത്തയില്‍ അടക്കം മാറ്റം ദൃശ്യമായി. ബുദ്ധിജീവികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ബിജെപി
ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്നില്‍ അണിനിരന്നുകഴിഞ്ഞു. ഒരുകാലത്ത് ബംഗാളി ജീവിതങ്ങളെ സ്വാധീനിച്ച സിപിഎം അടക്കമുള്ള ഘടകങ്ങള്‍ ഇന്ന് തീര്‍ത്തും അപ്രസക്തമായിക്കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദിയാണ് ഇന്ന് ബംഗാളിന്റെ വികാരമായി മാറുന്നത്. ബംഗാളിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ മോദിയുടെ നേതൃത്വത്തിന് സാധിക്കുമെന്ന വിശ്വാസം ബംഗാളികളില്‍ രൂപപ്പെട്ടുകഴിഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കിഴക്കന്‍ ഏഷ്യയിലേക്കുമുള്ള കവാടമായ ബംഗാളിനെ വികസനപാതയിലേക്ക് എത്തിക്കാന്‍ മോദിക്ക് മാത്രമേ സാധിക്കൂ.
തൃണമൂലിന് തിരിച്ചടിയാവുന്നത് എന്തൊക്കെയാണ്?
മമതാ ബാനര്‍ജിയും മരുമകന് അഭിഷേക് ബാനര്‍ജിയും മാത്രമാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി. ബാക്കി പ്രമുഖരും ജനസ്വാധീനമുള്ളവരുമെല്ലാം പാര്‍ട്ടി വിട്ടുകഴിഞ്ഞു. നൂറു സീറ്റിന് താഴേക്ക് തൃണമൂല്‍ ഇത്തവണ തകരും. ആദ്യ രണ്ടു ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞാല്‍ ബിജെപി എത്ര സീറ്റുവരെ എത്തും എന്നതു സംബന്ധിച്ച കണക്കുകള്‍ പറയാം. മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രം ഭരണം നടത്തിയതാണ് മമതയ്ക്ക് തിരിച്ചടിയായത്. ബംഗാളികള്‍ക്ക് ദുര്‍ഗ്ഗാപൂജയും രാമനവമിയും സരസ്വതി പൂജയും നടത്തണമെങ്കില്‍ മമതാ സര്‍ക്കാരിന്റെ അനുവാദം വാങ്ങേണ്ട അവസ്ഥ. മുഹറം അടക്കമുള്ള ആഘോഷങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല.ഇത്തരത്തില്‍ രണ്ടാംകിട പൗരന്മാരായി ഹിന്ദുക്കളെ കണക്കാക്കിയതിനുള്ള തിരിച്ചടിയാണ് തൃണമൂലിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ബംഗാളിലെ ജനങ്ങളെ ചതിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും. ഇനി വരുന്ന കാലം ബിജെപിയുടേതാണ്. അവസാന വരിയിലെ അവസാന വ്യക്തിയിലേക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ എത്തിച്ചേരണമെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് പശ്ചിമ ബംഗാളിനെ ദേശീയ മുഖ്യധാരയിലേക്ക് തിരികെ നയിക്കാന്‍ സാധിക്കുമെന്നുറപ്പാണ്.
പിസി വൈപ്പോ സൊര്‍ക്കാര്‍
ഓര് നോയി സൊര്‍ക്കാര്‍
(അച്ഛന് പെങ്ങള് സര്‍ക്കാര്‍
ഇനിവേണ്ട സര്‍ക്കാര്‍)
ബംഗാളിലെ നഗര- ഗ്രാമങ്ങളില്‍ ഒരു മന്ത്രം പോലെ പടരുന്ന ബിജെപിയുടെ മുദ്രാവാക്യം പറഞ്ഞുകൊണ്ടാണ് അരവിന്ദ് മേനോന് അഭിമുഖം അവസാനിപ്പിച്ചത്. ബംഗാളിലെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ ചര്‍ച്ചയ്ക്കായി മാത്രം ദല്‍ഹിയിലെത്തിയ അദ്ദേഹം ചര്‍ച്ച പൂര്‍ത്തിയാക്കി കൊല്‍ക്കത്തയ്ക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: