Categories: Samskriti

ഉത്തിഷ്ഠത! ജാഗ്രത!

മരാജാവിലൂടെ ഭാരതം ലോകത്തോട്  പറയുന്നു. ‘ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!’ സ്വാമി വിവേകാനന്ദന്‍ നെഞ്ചോടു ചേര്‍ത്ത പ്രിയപ്പെട്ട മന്ത്രം. മന്ത്രത്തിന്റെ പൊരുളിങ്ങനെ:

ഉത്തിഷ്ഠത (എഴുന്നേല്‍ക്കുവിന്‍), ജാഗ്രത (ഉണരുവിന്‍)

പ്രാപ്യവരാന്‍ നിബോധത (ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച് അറിയുവിന്‍). തന്റെ ജീവിതത്തിലെ കര്‍ത്തവ്യം കഠോപനിഷത്തിലെ ‘ജാഗ്രത’യുടെയും ‘ശ്രദ്ധ’യുടെയും സന്ദേശം പ്രചരിപ്പിക്കലാണെന്ന് വിവേകാന്ദന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണ ഉണര്‍ന്നു കഴിഞ്ഞല്ലേ എഴുന്നേല്ക്കുന്നത്? ഇവിടെ നോക്കൂ; ഉത്തിഷ്ഠത കഴിഞ്ഞാണ് ജാഗ്രത. ആ ഉണര്‍വിന് ഒത്തിരിയര്‍ത്ഥമാണുള്ളത്. ഉണര്‍വ് ആത്മബോധത്തിനാവണം.’നിബോധത’ എന്ന ക്രിയാപദത്തിലാണ് ഭാരതത്തിന്റെ ആധ്യാത്മിക സംസ്‌കൃതി ത്രസിച്ചു നില്ക്കുന്നത്. ആത്മീയ മാര്‍ഗ്ഗത്തിലൂടെയുള്ള സഞ്ചാരം ക്ലേശ പൂര്‍ണ്ണമാണ്. വാളിന്റെ വായ്‌ത്തലപോലെ ദുശ്ചരമാണ് ഈ വഴിയെന്നും ഋഷികവി പറയുന്നു.’ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ ദുര്‍ഗം പഥസ്തല്‍ കവയോ വദന്തി’ (1 314)

അറിവുതേടിയലഞ്ഞവര്‍, അറിവുനേടിയവര്‍, അറിവുപകര്‍ന്നവര്‍ ഇവിടെ എത്രയെത്ര. അറിയാനും പറയാനുമായുള്ള ഋഷിവാടികകള്‍, നൈമിശാരണ്യം പോലുള്ള സര്‍ഗസ്ഥലികള്‍ ഉപനിഷത്തെന്ന സത്യഗാഥയില്‍ ഭാരതത്തിന്റെ സാരസ്വത ചൈതന്യം വാഗ്രൂപം നേടിയിരിക്കുന്നു.  

കഠോപനിഷത്തില്‍ വിവേകാനന്ദനെ ഒന്നാമതായി ആകര്‍ഷിച്ചത് ഉപനിഷത്തിലെ ‘ശാന്തിപാഠ’മാണ്. ഉപനിഷത്തിനേക്കാള്‍ ലോകപ്രസിദ്ധമാണ്ഉപനിഷത്തിലെ ശാന്തിപാഠം.    

‘ഓം സഹനാവവതു

സഹ നൗ ഭൂനക്തു

സഹവീര്യം കരവാവഹൈ

തേജസ്വിനാവധീതമസ്തു

മാ വിദ്വിഷാവഹൈ!’

ഓം ശാന്തിഃ ഓം ശാന്തിഃ  

ഓം ശാന്തിഃ

അര്‍ത്ഥം: ഞങ്ങളെ ഈശ്വരന്‍ ഒന്നിച്ചു രക്ഷിയ്‌ക്കട്ടെ! ഞങ്ങള്‍ രണ്ടു കൂട്ടരും ഒന്നിച്ചു പരിപാലിക്കപ്പെടട്ടെ! നമുക്ക് ഒന്നിച്ച് വീര്യത്തോടെ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ പഠിച്ചത് തെളിഞ്ഞു വരട്ടെ! ഞങ്ങള്‍ വെറുക്കാതിരിക്കട്ടെ.

മധുരവും, സൗമ്യവും, ദീപ്തവുമായ പ്രാര്‍ത്ഥനാമന്ത്രം സര്‍വ്വകാലത്തേക്കുമുള്ളത്,സര്‍വ്വമനുഷ്യര്‍ക്കും വേണ്ടിയുള്ളത്.സനാതനകാന്തിയുള്ള സര്‍വ്വമത പ്രാര്‍ത്ഥന.

ഈ പ്രാര്‍ത്ഥന നടത്തുന്നത്. ഒരു വ്യക്തിയല്ല. കേവലം വ്യക്തിയാണ് കര്‍ത്താവെങ്കില്‍ ഏകവചനമാവും ഉപയോഗിക്കുക.ഇവിടെ ‘ഞാന്‍’ അല്ല ‘ഞങ്ങള്‍’ ആണ് പ്രാര്‍ത്ഥന നടത്തുന്നത്. സ്വാര്‍ത്ഥമല്ല.സാമൂഹികമാണിവിടുത്തെ അപേക്ഷ.’ഞാന്‍’ എന്ന ഏക വചനത്തില്‍ നിന്നും ‘ഞങ്ങള്‍’ എന്ന ബഹുവചനത്തിലേക്ക് ദൂരം ഏറെയുണ്ട് വൃഷ്ടിയില്‍ നിന്നും സമഷ്ടിയിലേക്കാണ് ആര്‍ഷ ഭാവന എന്നും സഞ്ചരിച്ചിട്ടുള്ളത്. ആത്മീയമാര്‍ഗ്ഗം ക്ഷുരധാരയാണെന്ന ബോധത്തോടെയാണ് ഈ യാത്ര എന്നതും ഓര്‍മ്മിക്കണം.

ഈ ശാന്തി മന്ത്രം ഉരുക്കഴിക്കുന്നത് ശിഷ്യന്‍ ഒറ്റയ്‌ക്കല്ല. ഗുരുശിഷ്യന്മാാര്‍ ഒരു വീട്ടുകാരായിരുന്നുകൊണ്ട് ശാന്തിപാഠം ചൊല്ലുന്നത്. ഭാരതത്തിന്റെ പ്രാഗ്ചരിത്രം. ഗുരുശിഷ്യ പരമ്പരയുടേതാണ്.ഗുരുവിന്റെയും ശിഷ്യന്റെയും ആത്മീയബന്ധമാണ് ഇവിടെ നാം ശ്രദ്ധിക്കേണ്ടത്. ജ്ഞാനസിന്ധുവും ദയാസിന്ധുവുമായ ഗുരു. ഗുരുവചനങ്ങളെ ദേവവാണിയായി കരുതി സ്വീകരിക്കുന്ന ശിഷ്യന്‍ ഭാരതീയ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മാതൃകാ പരമായ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഈ ശാന്തിപാഠം വെളിപ്പെടുത്തുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക