ഇരിങ്ങാലക്കുട: കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് കൊലക്കത്തിയുടെ ആദ്യ ഇരയായ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ സഹോദരന് വാടിക്കല്‍ മുരളീധരന്റെ വീട്ടിലെത്തി ഇരിങ്ങാലക്കുട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്. പടിയൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി മുരളീധരന്റെ വീട്ടില്‍ നിന്നാണ് തുടങ്ങിയത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതക കേസില്‍ പ്രതിയായിരുന്നു. ഭീതിദമായ ആ കാലത്തെക്കുറിച്ചും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ക്രൂരതകളെ കുറിച്ചും മുരളീധരന് പറയുന്നത് അഴിമതിക്കെതിരെ പൊരുതിയതിന് അതേ പിണറായി വിജയന്റെ വേട്ടയാടലിന് വര്‍ഷങ്ങള്‍ക്കിപ്പുറം വിധേയനായ ജേക്കബ് തോമസ് കേട്ടിരുന്നു. വാടിക്കല്‍ രാമകൃഷ്ണനെ ഇല്ലാതാക്കി സംഘപ്രസ്ഥാനങ്ങളെ നശിപ്പിക്കാം എന്ന് കരുതിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുന്നില്‍ മുട്ടുമടക്കാതെ ഇന്നും പ്രസ്ഥാനം നെഞ്ചു നിവര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനമുണ്ടെന്ന് മുരളീധരന് പറഞ്ഞു. തലശേരിയില്‍ നിന്ന് മാറി തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ മേഖലകളില്‍ വാടിക്കല്‍ രാമകൃഷ്ണന്റെ സഹോദരങ്ങളുടെ കുടുംബങ്ങള്‍ ചേക്കേറി. പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെട്ടിയാലില്‍ മകന് ചിത്രേഷിനൊപ്പമാണ് അറുപത്തി മൂന്നുകാരനായ മുരളീധരന്റെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക