ആണ്ടോടാണ്ട് വേനല്‍ തുടങ്ങുന്നതോടെ തെക്കേ മലബാറില്‍ തിറയാട്ടകാലമാണ്. തെയ്യത്തിനു സമാനമായി ഉത്സവാഘോഷങ്ങളില്‍ നടത്തിവരുന്ന അനുഷ്ഠാന കല. തറവാട്ടു ക്ഷേത്രങ്ങളും കാവുകളും വേദിയാകുന്ന തിറയാട്ടത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ തനത്കലാരൂപമെന്നും രേഖപ്പെടുത്താം.
ചടുലമായ നൃത്തച്ചുവടുകള്‍ വര്‍ണാഭമായ വേഷവിധാനങ്ങള്‍, വേറിട്ടു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍, പ്രത്യേക വാദ്യഘോഷങ്ങള്‍ എല്ലാം സമ്മേളിക്കുന്ന ഈ ഗോത്രകലാരൂപം ആര്യ -ദ്രാവിഡ സംസ്‌കൃതിയുടെ കൂടിച്ചേരലാണ്.
നാട്ടുദൈവങ്ങളുടെയും മലദൈവങ്ങളുടെയുമെല്ലാം പ്രതിപുരുഷന്മാരാണ് തിറകള്‍. ദൈവത്തെ മനുഷ്യനോട് ചേര്‍ത്തു വയ്‌ക്കുന്ന കോലധാരികള്‍.
പുരുഷന്മാര്‍ മാത്രം വേഷമിടുന്ന തിറയാട്ടം പ്രധാനമായും വണ്ണാന്‍, പാണര്‍, ചെറുമര്‍ തുടങ്ങിയ സമുദായങ്ങളാണ് അനുഷ്ഠിച്ചു വരുന്നത്. ശിവഭാവങ്ങള്‍, ശിവന്റെ അംശാവതാരങ്ങള്‍, ദേവീഭാവങ്ങള്‍, ദേവിയുടെ അംശാവതാരങ്ങള്‍ എല്ലാം തിറയാട്ടത്തില്‍ ദൃശ്യമാകാറുണ്ട്. വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ തിറയാട്ടം മൂന്നു തരമുണ്ട്. വെള്ളാട്ട് പകലാണ് നടത്തുന്നത്. രാത്രിയില്‍ ഇരുട്ടു കനക്കുന്നതോടെ തിറയും ചാന്തുതിറയും ഭക്തര്‍ക്ക് ഇടയിലേക്ക് വേഷപ്പകര്‍ച്ചയോടെയെത്തും. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളുടെ അവസ്ഥാന്തരങ്ങള്‍ക്ക് പ്രതീകമാവുകയാണ് വെള്ളാട്ടും തിറയും ചാന്തുതിറയും. യഥാക്രമം ബാല്യം കൗമാരം, വാര്‍ധക്യം എന്നീ ജീവിതാവസ്ഥകളെ ഈ പ്രാക്തന ഗോത്രകല പ്രതിനിധാനം ചെയ്യുന്നു. മലദൈവങ്ങള്‍ വാഴുന്നിടത്താണ് ചാന്തുതിറയാട്ടം നടത്താറുള്ളത്.
കോലങ്ങളുടെ മുഖത്തെഴുത്തിനും മേലെഴുത്തിനുമുണ്ട് പ്രത്യേക ചിട്ടവട്ടങ്ങങ്ങള്‍. ചിരട്ട, കുരുത്തോല, പാള, ചിരട്ട, തടി തുടങ്ങിയവയില്‍ നിന്നാണ് കോലം കെട്ടിനുള്ള സാമഗ്രികള്‍ ഒരുക്കുന്നത്. കെട്ടിയാടുന്ന തിറകളുടെ രൗദ്രഭാവത്തിന് മികവേറ്റാന്‍ ചെണ്ട, ഇലത്താളം, തുടി, കുഴല്‍ എന്നീ വാദ്യോപകരണങ്ങളുമുണ്ടാകും. ഇതിനൊപ്പം അതാതു ദേവതകളുടെ പുരാവൃത്തം വിവരിക്കുന്ന തോറ്റങ്ങളും പ്രത്യേകമായുണ്ട്.
ദേവതകള്‍ക്കോരോന്നിനും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ആയുധങ്ങളുണ്ടായിരിക്കും. പള്ളിവാളാണ് ഭഗവതിയുടെ ആയുധം.
കരുമകന് കുന്തവും കരിവില്ലിക്ക് അമ്പും വില്ലും, വീരഭദ്രന് വെണ്‍മഴു എന്നിങ്ങനെയാണ് ആയുധങ്ങള്‍. ഭഗവതി തിറകള്‍ക്ക് ദാരികാവധമാണ് പ്രധാന ഇതിവൃത്തം.
കാവുകളില്‍ ഭഗവതിത്തിറയ്‌ക്കാണ് പ്രാധാന്യം. ഭദ്രകാളി, കരിങ്കാളി, വസൂരിമാല, തീച്ചാമുണ്ടി കോലങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. തറവാടുകളില്‍ കുടിവെച്ച മൂര്‍ത്തികളില്‍ കുട്ടിച്ചാത്തന്‍, വീരഭ്രദന്‍, ഘണ്ടാകര്‍ണന്‍, മുണ്ട്യന്‍, തുടങ്ങിയ ദേവചൈതന്യങ്ങള്‍ കോലധാരികളിലൂടെ അനുഗ്രഹവര്‍ഷവുമായെത്തുന്നു.
ചൂട്ടുവെളിച്ചത്തിലാണ് തിറയാട്ടം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക