എസ്.ബി. പണിക്കര്‍
‘മരുന്നുകള്‍ കൂടാതെ രോഗം ഭേദമാകും. പഥ്യം പാലിക്കാത്തവന് നൂറുകൂട്ടം ഔഷധം കൊടുത്താലും പ്രയോജനമില്ല.’ആയുര്‍വേദാചാര്യനായ വാഗ്ഭടനാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്.
വിനാപി ഭേഷജൈര്‍ വ്യാധി
പഥ്യാദേവ നിവര്‍ത്തതേ
ന തു പഥ്യ വിഹീനസ്യ
ഭേഷജാനാം ശതൈരപി
ഒരു മരുന്നും കഴിക്കാതിരുന്ന കാലത്താണ് മനുഷ്യന്റെ ആരോഗ്യം സമ്പുഷ്ടമായിരുന്നത്. അവര്‍ പ്രകൃതിയോടിണങ്ങി ജീവിച്ചു. പ്രകൃതി ഭക്ഷണം കഴിച്ചു. ഒരു കാലത്ത് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന പല ആയുധങ്ങളും ഇന്നത്തെ ആളുകള്‍ക്ക് എടുത്ത് പൊക്കാന്‍ പോലും സാധിക്കുകയില്ല. ഉദ്ഖനനത്തില്‍ കണ്ടെത്തിയിട്ടുള്ള ആയുധങ്ങളാണ് പ്രമാണം.
എന്താണ് പഥ്യം? പഥ്യമെന്നാല്‍ ഹിതകരമായത്, സുഖകരമായത് എന്നാണ് അര്‍ഥം. ആര്‍ക്ക്? മനുഷ്യന.് അതായത് അവന്റെ ശരീരത്തിന്.
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാം പഥ്യം എന്ന പ്രയോഗം കൂടുതലായി കേള്‍ക്കാറുള്ളത്. ഔഷധം കഴിക്കുമ്പോള്‍ ചില ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അത്രയും കാലമെങ്കിലും അഹിത വസ്തുക്കള്‍ കഴിക്കാതിരിക്കട്ടെ എന്നു കരുതിയാണ് ഇപ്രകാരം ഉപദേശിക്കുന്നത്. രോഗം വേഗം ഭേദമാകാന്‍ ഇതാവശ്യവുമാണ്. എന്നാല്‍ ജീവിതത്തിലുടനീളം പാലിക്കാനുള്ളതാണ് പഥ്യം. അല്ലാതെ കഷായവും മറ്റു മരുന്നുകളും കഴിക്കുമ്പോള്‍ ആചരിക്കേണ്ട ഒന്നല്ല പഥ്യം. അഷ്ടാംഗ ഹൃദയത്തില്‍ ഇത് കൃത്യമായി വിശദീകരിക്കുന്നുണ്ട്.
പഥ്യഭക്ഷണം മാത്രം കഴിച്ചു ശീലിച്ചാല്‍ വ്യാധികള്‍ ഒരിക്കലും ഉണ്ടാവുകയില്ലെന്നും അങ്ങനെ ശരിയായ കര്‍മങ്ങളില്‍ മുഴുകിയിരുന്നാല്‍ ക്ഷേമമേ വരികയുള്ളൂ എന്ന് മഹാഭാരതവും പറയുന്നു. ഭാഗവതം അജാമിള വ്യാഖ്യാനത്തിലുംപഥ്യഭക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഘല േളീീറ യല ്യീൗൃ ാലറശരശില മിറ ഹല ോലറശരശില യല ്യീൗൃ ളീീറ എന്ന് ആധുനിക ചികിത്സയുടെ ആചാര്യനായ ഹിപ്പോക്രാറ്റസും പറഞ്ഞു. ഭക്ഷണം തന്നെ ഔഷധം, ഔഷധം തന്നെ ഭക്ഷണം.
സാത്വിക (ഈശ്വരീയ) ഭക്ഷണം തന്നെ പഥ്യ ഭക്ഷണം. സാത്വിക ഭാവങ്ങളെയും സാത്വിക ഭക്ഷണങ്ങളെയും അപഥ്യാഹാരങ്ങളെയും കുറിച്ച് ഭഗവദ്ഗീത വിശദീകരിക്കുന്നുണ്ട്. മത്സ്യമാംസങ്ങള്‍ പഥ്യാഹരങ്ങളല്ല. മൃഗങ്ങളുടെ പാലുപോലും പ്രകൃതിജീവനത്തിന്റെ വീക്ഷണത്തില്‍ അപഥ്യാഹാരമാണ്. തസ്മാത് സര്‍വൗഷധമുച്യതെ’ എന്ന് വേദം. അദിക്കുന്നത്, ഭക്ഷിക്കുന്നത് അന്നം. അന്നത്തില്‍ നിന്ന് ജീവന്‍ ഉടലെടുക്കുന്നു; അന്നം കൊണ്ടു പുഷ്ടിപ്പെടുന്നു; അവസാനം അന്നത്തിലേക്ക് മടങ്ങുന്നു.
മരുന്ന് ഇന്നൊരു വന്‍ വ്യവസായമാണ്. അഹിതമായ ജീവിതശൈലി മരുന്നുവ്യവസായത്തെ പരിപോഷിപ്പിക്കുന്നു.
ഓരോ വ്യക്തിയും അവനവന്റെ ഡോക്ടര്‍ ആകണമെന്ന ഗാന്ധിജിയുടെ നിര്‍ദേശം ഏറ്റവും സ്വാഗതാര്‍ഹമാണ്. ഒരു കാലത്ത് ആയുര്‍വേദം മരുന്നില്ലാതെയുള്ള സ്വസ്ഥവൃത്തത്തിന് പ്രാമുഖ്യം കല്‍പ്പിച്ചിരുന്നു. ഇന്നും പ്രാമുഖ്യം ആതുരവൃത്തത്തിനാണ്.
മരുന്നുകള്‍ കഴിക്കാതിരിക്കാന്‍ ബഹുജനങ്ങളെ പഠിപ്പിക്കുക എന്നതാണ് ഒരു ഡോക്ടറുടെ മുഖ്യകര്‍ത്തവ്യമെന്ന് ഡോ. വില്യം ഓസ്‌ലര്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക