സുബ്രഹ്മണ്യസ്വാമിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ ഷഷ്ഠി കഴിഞ്ഞാല്‍ പ്രധാന്യമുള്ളത് തൈ്പ്പൂയ കാവടിയാട്ടത്തിനാണ്. സ്‌കന്ദപുരാണത്തില്‍ പ്രതിപാദിക്കുന്ന ഹിഡുംബന്റെ കഥയുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിശ്വാസം. ആദ്യകാവടിയെടുത്തത് ഹിഡുംബനത്രേ.
സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ ഹിഡുംബന്‍ എല്ലാമുപേക്ഷിച്ച് ഭൂമിയിലെത്തി അഗസ്ത്യമഹര്‍ഷിയുടെ ശിഷ്യനായി. ഭാര്യ ഹിഡുംബിയോടൊപ്പം മഹര്‍ഷിയെ ശുശ്രൂഷിച്ചു കഴിഞ്ഞു.
കൈലാസത്തിലായിരുന്ന അഗസ്ത്യമുനി ഇതിനിടെ ശിവ താല്‍പ്പര്യ പ്രകാരം ആധ്യാത്മിക, ധാര്‍മിക പ്രചാരണത്തിനായി ദ്രാവിഡ ദേശത്തേക്കു തിരിച്ചു. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമി ഇതിനകം പഴനിമലയില്‍ തന്റെ സാന്നിധ്യമുറപ്പിച്ചിരുന്നു. ദക്ഷിണദേശത്തേക്കുള്ള യാത്രയിലാണ് അഗസ്ത്യ മഹര്‍ഷി വിന്ധ്യപര്‍വതത്തിനെ ചവിട്ടി താഴ്‌ത്തി അഹങ്കാരം ശമിപ്പിച്ചത്.
തമിഴകത്തെത്തിയ മഹാമുനിക്ക് തപസ്സിന് അനുയോജ്യമായൊരു സ്ഥാനം ലഭിച്ചില്ല. അതിനായി അദ്ദേഹം ബലവാനായ ഹിഡുംബനോട് കൈലാസത്തിലെ മുരുക (സ്‌കന്ദ) മലയുടെ ഒരുഭാഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പത്‌നീ സമേതനായി ഹിഡുംബന്‍ ഹിമാലയത്തിലെത്തി രണ്ടുമലകള്‍ അടര്‍ത്തിയെടുത്ത് ഒരു മരത്തിന്റെ രണ്ട് അറ്റത്തുമായി കെട്ടിവച്ച് തിരികെയെത്തി. മലകളുടെ ഭാരത്താല്‍ മരം കാവടി പോലെ വളഞ്ഞിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ മുരുകന്‍ (ശ്രീ സുബ്രഹ്മണ്യന്‍) ഈ മലകളെ പഴനിക്കടുത്തുള്ള തിരുവാന്‍കുടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. യുവരാജാവായി വേഷംമാറി മുരുകന്‍ ഹിഡുംബനെ വഴിതെറ്റിച്ചു. തിരുവാന്‍ കുടിയിലെത്തിയപ്പോള്‍ ഹിഡുംബനോട് അദ്ദേഹം വിശ്രമിക്കാനാവശ്യപ്പെട്ടു. അവിടെക്കിടന്ന് ഉറങ്ങിപ്പോയ ഹിഡുംബന്‍ എഴുന്നേറ്റപ്പോഴേയ്‌ക്കും കൊണ്ടു വന്ന മലകള്‍ രണ്ടും അവിടെ ഉറച്ചു പോയിരുന്നു. അവ ഉയര്‍ത്താനായില്ല. അവിടെ മലമുകളില്‍ ഒരു ബാലന്‍ ദണ്ഡപാണിയായി നില്‍ക്കുന്നതു ഹിഡുംബന്‍ കണ്ടു. മാറിപ്പോകാനാവശ്യപ്പെട്ടെങ്കിലും ബാലന്‍ മാറിയില്ല. പിന്നീട് വാഗ്വാദമായി. ഹിഡുംബന്‍ ഒരു മലയെടുത്ത് അവനു നേരെ എറിഞ്ഞു. കൈയിലുള്ള ദണ്ഡ് ബാലന്‍ തിരിച്ച് എറിഞ്ഞു. ഹിഡുംബന്‍ മരിച്ചു വീണു.
ദുഃഖിതയായ ഹിഡുംബി കാര്യങ്ങള്‍ അഗസ്ത്യ മഹര്‍ഷിയെ അറിയിച്ചു. മഹര്‍ഷി പ്രത്യക്ഷനായി ഹിഡുംബനെ ജീവിപ്പിക്കാന്‍ മുരുകനോട് ആവശ്യപ്പെട്ടു. ജീവന്‍ തിരിച്ചു കിട്ടിയ ഹിഡുംബന്‍ മുരുകഭക്തനായി മാറി. സന്തുഷ്ടനായ മുരുകന്‍ ഹിഡുംബനെയും പത്‌നിയെയും തന്റെ കാവലാളുകളായി നിയമിച്ചു. കാവടിയായി മലകള്‍ കൊണ്ടു വന്നതിനാല്‍ ഈ കാവടി തനിക്കേറ്റവും പ്രിയപ്പെട്ട വഴിപാടാകുമെന്ന് മുരുകന്‍ അറിയിച്ചു. കാവടി വരവേല്‍പ്പിനു മുമ്പായി ഭക്തര്‍ ഹിഡുംബനെ പൂജിച്ച് ആദരിക്കണമെന്നും മുരുകന്‍ അരുളിച്ചെയ്തു.
നെടുംകുന്നം സി.പി. ഗോപാലകൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക