ന്യൂദല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി ആറു മിസൈല്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പതിനായിരം കോടി രൂപയുടെ കരാറാണിത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും.
ബ്രഹ്മോസ് മിസൈലുകള്‍ അടക്കം വഹിക്കാന്‍ ശേഷിയുള്ള പോക്കറ്റ് ബാറ്റില്ഷിപ്പുകള് എന്നറിയപ്പെടുന്ന ചെറുകിട കപ്പലുകളാണ് നിര്‍മിക്കുക. വലിയ യുദ്ധക്കപ്പലുകള്‍ക്ക് പകരം ഇത്തരം ചെറുമിസൈല്‍ കപ്പലുകളാണ് ആദ്യം ശത്രുവിനെ തകര്‍ക്കാന്‍ അയയ്ക്കുക. ഓഫീസര്‍മാര്‍ അടക്കം നൂറില്‍ താഴെ നാവികര്‍ മാത്രമുള്ള കപ്പലിന് ഒറ്റയടിക്ക് 5,200 കി.മീ. വരെ സഞ്ചരിക്കാം. പരമാവധി വേഗം മണിക്കൂറില്‍ 65 കി.മീ. 1,250 ടണ്‍ ഭാരമുള്ള കപ്പലുകളില്‍ 8 ഉപരിതല മിസൈലുകളും ഒരു പൂര്‍ണ സജ്ജമായ ഉപരിതല ആകാശ മിസൈല്‍ സംവിധാനവും 15 കി.മീ ശേഷിയുള്ള എംആര്‍ തോക്കുകളുമുണ്ട്. റഡാര്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇവയുടെ സവിശേഷത.
1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖം ബോംബിട്ട് തകര്‍ത്തത് ഇന്ത്യന്‍ നേവിയുടെ മിസൈല്‍ ബോട്ടുകളുപയോഗിച്ചായിരുന്നു. ഇതിന്റെ കൂടുതല്‍ നവീകരിച്ച പതിപ്പുകളാണ് മിസൈല്‍ വെസ്സലുകള്‍. കരാര്‍ ലഭിച്ച വിവരം കൊച്ചിന് ഷിപ്പ്യാര്ഡ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ഔദ്യോഗികമായി അറിയിച്ചതോടെ ഷിപ്പ്യാര്ഡിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണുണ്ടായത്. ഒറ്റ ദിവസം കൊണ്ട് 11 ശതമാനം ഓഹരി വില ഉയര്‍ന്നു. കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓഹരികള്‍ക്ക് 393.70 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: