ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
കൊവിഡില്‍നിന്ന് രക്ഷ വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമാവും, അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം. എന്നാല്‍, അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. വാക്സിന് സ്വീകരിച്ചവര്‍ക്ക് ഉണ്ടാകുന്ന രോഗബാധയുടെ തീവ്രത കുറഞ്ഞേക്കാം.
പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്ന കാര്യം വരും മാസങ്ങളില്‍ രോഗബാധയുടെ സ്വഭാവം നോക്കിയേ നിശ്ചയിക്കാനാകൂയെന്നും ഗുലേറിയ പറഞ്ഞു. വ്യാപകമായ പരിശോധന, ക്വാറന്റൈന് തുടങ്ങിയ നടപടികള്‍ രാജ്യത്ത് തിരികെ കൊണ്ടുവരണമെന്ന് ഗുലേറിയ നിര്‍ദേശിച്ചു. പ്രതിരോധ കുത്തിവയ്പ്പെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: