Categories: Samskriti

പരാഭക്തിയെ പ്രണയമാക്കിയ കൃഷ്ണന്റെ രാധ

ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള സ്‌നേഹപൂര്‍വമായ ഇടപെടലിന്റെ പ്രതീകമായിരുന്നു കൃഷ്ണന് രാധയുമായും ഗോപികമാരുമായുള്ള സ്‌നേഹബന്ധം

Published by

രാധാ-കൃഷ്ണബന്ധം അന്നും ഇന്നും എക്കാലത്തേയും പ്രണയ ഇതിഹാസമാണ്. പ്രണയത്തിന്റെ നിര്‍വചനങ്ങളെപോലും ആത്മീയതയുടെ  കണ്ണികളുമായി ബന്ധിപ്പിച്ചതായിരുന്നു വൃന്ദാവനത്തില്‍ ഉരുത്തിരിഞ്ഞ പരാഭക്തി അടിസ്ഥാനമാക്കിയ ആ സ്‌നേഹബന്ധം. രാധാകൃഷ്ണ ബന്ധത്തിന്റെ തെറ്റായ വ്യാഖ്യാനത്തിന്റെ നിരര്‍ത്ഥകത പലതലങ്ങളിലും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള സ്‌നേഹപൂര്‍വമായ ഇടപെടലിന്റെ പ്രതീകമായിരുന്നു കൃഷ്ണന് രാധയുമായും ഗോപികമാരുമായുള്ള സ്‌നേഹബന്ധം.  

കൃഷ്ണനോടുള്ള രാധയുടെ തികഞ്ഞ സ്‌നേഹം പലപ്പോഴും ദൈവവുമായുള്ള ഐക്യത്തിനുള്ള അന്വേഷണമായി തന്നെ മാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌നേഹം വൈഷ്ണവതയിലെ ഏറ്റവും ഉയര്‍ന്ന ഭക്തിയായി പരിണമിക്കുകയായിരുന്നു. ഇത് ഭാര്യയും ഭര്‍ത്താവും അല്ലെങ്കില്‍ കാമുകിയും കാമുകനും തമ്മിലുള്ള ബന്ധമായി പ്രതീകാത്മകമായി പലപ്പോഴും പ്രതിനിധീകരിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ വ്യക്തമായ രൂപമായിരുന്നു രാധയെന്ന് പലയിടങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരാള്‍ എത്രത്തോളം അര്‍പ്പണബോധമുള്ളവനായിരിക്കണം എന്ന ചോദ്യത്തിനുള്ള മറുപടിയായി നാരദഭക്തിസൂത്രയില്‍ എടുത്തുകാട്ടപ്പെടുന്നതും രാധാകൃഷ്ണ പ്രണയമാണ്. രാധയ്‌ക്കും ഗോപികമാര്‍ക്കും തന്നോടുള്ള സ്‌നേഹം അളക്കാന്‍ ഒരുവേള സുഹൃത്തായ ഉദ്ധവനെ ഗോപികകളിലേക്ക് അയച്ച സംഭവവും നാരദ്ഭക്തി സൂത്രയില്‍ വിവരിക്കുന്നുണ്ട്.

ശ്രീകൃഷ്ണന് കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് നടിക്കുകയും ഭഗവാന്‍ ഒരു മരുന്നിനോടും പ്രതികരിക്കുന്നില്ലെന്നും കഥ മെനയുന്നു. തന്റെ ഭക്തരുടെ കാല്‍ച്ചുവട്ടിലെ മണ്‍തരികള്‍ ലഭിച്ചാല്‍ കൃഷ്ണനെ രക്ഷിക്കാനാകുമെന്ന് നാരദ മുനിയെ കൊണ്ട് പറയിപ്പിക്കുന്നു. എന്നാല്‍, കാല്‍ച്ചുവട്ടിലെ മണ്‍തരികള്‍ നല്‍കുന്ന ഭക്തന്റെ ജീവന്‍ നഷ്ടമാകുമെന്ന് മുനി അറിയിക്കുന്നതോടെ അവിടെയുണ്ടായിരുന്ന ഭക്തര്‍ ഓടിമാറി. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്‍തരികള്‍ നല്‍കാന്‍ ആരും തയ്യാറായില്ല. നാരദ മുനി തന്റെ ശ്രമത്തില്‍ പരാജയപ്പെട്ടുവെന്ന് കണ്ട ഭഗവാന്‍ ശ്രീകൃഷ്ണന്‍ അദ്ദേഹത്തെ ഗോകുലത്തിലേക്ക് പറഞ്ഞയയ്‌ക്കുന്നു. ഗോകുലത്തില്‍ പ്രവേശിക്കുമ്പോള്‍ വെള്ളം എടുക്കാന്‍ യമുനയുടെ തീരത്തെത്തിയ ആദ്യത്തെ ഗോപികയോട് നാരദമുനി ഇത് വിവരിച്ചപ്പോള്‍ അവള്‍ ഉടനെ കാല്‍ക്കീഴില്‍ നിന്ന്  പൊടി എടുത്ത് മുനിക്ക് നല്‍കി, ഞാന്‍ മരിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല; പക്ഷേ,  ഭഗവാന്റെ ജീവന് ഭീഷണിയുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ആ ഗോപിക അലറിക്കരഞ്ഞു. ഇത്തരത്തില്‍ കൃഷ്ണനോടുള്ള പരാഭക്തിയുടെ പ്രതീകമായിരുന്നു ഒാരോ ഗോപികയും. ആ പരാഭക്തിയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു രാധ.

ബ്രജിലെ ഏറ്റവും അനുഗൃഹീത സ്ഥലമായും ഗോപികമാരുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്റെയും രാധയുടെയും പ്രണയം പൂവിട്ടത്. ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. കാളിയനെ വധിക്കാന്‍ വേണ്ടി കൃഷ്ണന്‍ കാളിന്ദിയിലേക്കു ഇറങ്ങിയപ്പോള്‍ എല്ലാ ഗോപികമാരും കൃഷ്ണനെ ഓര്‍ത്തു ദുഃഖിച്ചെങ്കിലും രാധ മാത്രമാണ് കൃഷ്ണന് വേണ്ടി സ്വന്തം ജീവന്‍ പോലും വെടിയാന്‍ തയാറായത്. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത് .രാസലീല സമയത്തെ കൃഷ്ണന്റെ പുല്ലാങ്കുഴലില്‍ നിന്ന് ഒഴുകുന്ന സംഗീതം ഗോപികമാരെ വല്ലാതെ ഭക്തിയുടെ ഉത്തുംഗത്തിലേക്ക് എത്തിച്ചിരുന്നു. രാസലീല സമയത്ത് ആത്മീയമായ ഒരുതരം ഭ്രാന്താവസ്ഥയിലായിരുന്നു രാധയും ഗോപികമാരും.

ഗോകുലത്തില്‍ നിന്ന് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ തന്റെ പുല്ലാങ്കുഴല്‍ രാധയ്‌ക്ക് സമ്മാനിച്ചിരുന്നു. പുല്ലാങ്കുഴല്‍ നാദത്തേക്കാള്‍ ശ്രേഷ്ഠമായ സമ്പൂര്‍ണ്ണതയുടെ ആത്മീയ അനുഭവം രാധയ്‌ക്ക് നിരന്തരം ലഭിക്കുമെന്ന് ഉറപ്പാക്കാനായിരുന്നു കൃഷ്ണന്റെ ആ സ്‌നേഹോപഹാരം. ഇത്തരത്തില്‍ പ്രണയത്തില്‍ പരാഭക്തിയുടെ ആഴം എത്രമാത്രം എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴും കൃഷ്ണന്റെ മുന്നില്‍ മാത്രം സ്ഥാനമുള്ള രാധയുടെ നാമം. രാധാകൃഷ്ണ പ്രണയം പലതരം കലാരൂപങ്ങളില്‍ സ്ത്രീപുരുഷ പ്രണയത്തിന് മാതൃകയായി വര്‍ത്തിച്ചിട്ടുണ്ട്, പതിനാറാം നൂറ്റാണ്ട് മുതല്‍ ഉത്തരേന്ത്യന്‍ പെയിന്റിംഗുകളില്‍ അനിവാര്യ സവിശേഷതയാണ് രാധാകൃഷ്ണ പ്രണയം.  ഗോവിന്ദ ദാസ്, ചൈതന്യ മഹാപ്രഭു, ഗീതഗോവിന്ദ രചയിതാവ് ജയദേവര്‍ എന്നിവരുടെ ചില മികച്ച കാവ്യകൃതികളില്‍ രാധയുടെയും കൃഷ്ണന്റെയും ഭക്തിനിര്‍ഭരമായ പ്രണയമാണ് പ്രമേയമായത് പോലും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by