ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍ വശ്യസുന്ദരമാണ് ബാലി. കാടും കടലും കാഴ്ചകളാല്‍ വിസ്മയിപ്പിക്കുന്ന വിനോദസഞ്ചാരികളുടെ പ്രിയസങ്കേതം. ജനസംഖ്യയില്‍ 83 ശതമാനവും ഹൈന്ദവരുള്ള കൊച്ചു ദ്വീപ്. ‘ദൈവങ്ങളുടെ ദ്വീപ്’ എന്ന് വിളിപ്പേരുള്ള ബാലിയില്‍ വീടുകളേക്കാളേറെ ക്ഷേത്രങ്ങളുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ‘പുര’ കളെന്നറിയപ്പെടുന്ന ബാലി ക്ഷേത്രങ്ങളുടെ എണ്ണം 50,000 ത്തിലേറെയാണ്. ലോകപൈതൃകപട്ടികയിലുള്ള തമന് അയുന്‍ തുടങ്ങി വീടുകളോടു ചേര്‍ന്നുള്ള കുടുംബക്ഷേത്രങ്ങള്‍ വരെ ഇതില്‍ പെടും. ശില്പചാതുരിയില് പകരം വെയ്ക്കാന്‍ മറ്റൊന്നില്ലാത്ത നിര്‍മ്മിതികളാണ് ഓരോന്നും.
ബ്രഹ്മാവിഷ്ണു മഹേശ്വര സാന്നിധ്യമുള്ളവയാണ് ബാലി ക്ഷേത്രങ്ങള്‍. മൂര്‍ത്തിത്രയം വാഴുന്ന പുരകള്‍ ഓരോ ബാലി ഗ്രാമത്തിലുമുണ്ടാകും. ഇവയില്‍ വിഷ്ണുഭഗവാന് പ്രധാന മൂര്‍ത്തിയായുള്ള ക്ഷേത്രങ്ങളാണ് ‘പുരാ പുസേഹ്’ ഉപദേവതകളായി പിതൃക്കളും ഇവിടെ ആരാധിക്കപ്പെടുന്നു. ബാലിക്കാര്‍ പവിത്രമായി കരുതുന്ന അഗുംങ് പര്‍വതത്തിന് അഭിമുഖമായാണ് ഇത്തരം ക്ഷേത്രങ്ങളുണ്ടാവുക. ബ്രഹ്മാവിന്റെ വാസസ്ഥാനങ്ങളാണ് ‘പുര ദേസ’. ഗ്രാമത്തിനു നടുവിലായിരിക്കും ഈ ക്ഷേത്രങ്ങളേറെയും. കടലിന് ദര്‍ശനമായുള്ള ‘പുര ദാലെം’ മഹാദേവനുള്ള കോവിലുകളാണ്. കാളിയും ദുര്‍ഗ്ഗയും ഇവിടെ ഉപദേവതകളാകുന്നു.
ക്ഷേത്രമേല്ക്കൂരകള് ‘മേരു’ എന്നറിയപ്പെടുന്നു. പഗോഡ പോലെയുള്ള തട്ടുകളായാണ് ഇവയുടെ ക്രമീകരണം. ഏറ്റവും വലിയ മേരു, ശിവ ക്ഷേത്രങ്ങള്ക്കാണുള്ളത്. മേരുവിന് ഏറ്റവും മുകളിലായി വലിയ പെരുമ്പറ പോലെയൊരു ഉപകരണം സൂക്ഷിക്കാറുണ്ട്. ഗ്രാമസഭകൂടുന്നതിനും ഗ്രാമത്തിലെ മരണം ക്ഷേത്രോല്‍സവങ്ങള്‍ എന്നിവ പെരുമ്പറ കൊട്ടിയാണ് അറിയിക്കുന്നത്.
പൂന്തോട്ടങ്ങളും നീര്‍ത്തടങ്ങളും കൊച്ചു പാലങ്ങളുമെല്ലാം ബാലി ക്ഷേത്രങ്ങളെ കമനീയമാക്കുന്നു. മെന്ഗ്വി രാജവംശത്തിന്റെ തമന് അയുന്‍, 1000 ത്തിലേറെ വര്‍ഷം പഴക്കമുളള ശിവക്ഷേത്രമായ ഉലുവാത്തു, കടലിലെ വലിയൊരു പാറക്കെട്ടിനു മുകളിലുള്ള പുര തനാലോട്ട്, പതിനാലു മേരുക്കളോടു കൂടിയ പുരാ ഉലു ദാനു ബ്രതന്‍, ചൂടു നീരുറവകളാല്‍ ഭക്തരെയും സഞ്ചാരികളെയും വിസ്മയിപ്പിക്കുന്ന പുര തീര്‍ഥ എംപുല്‍, അപൂര്‍വമായ താമരക്കുളങ്ങളാല്‍ പേരെടുത്ത പുരാ തമന് സരസ്വതി എന്നിവ ബാലിയിലെ ലോകപ്രസിദ്ധ ക്ഷേത്രങ്ങളാണ്.
ക്ഷേത്രങ്ങളുടെ പ്രധാന കവാടങ്ങള്‍ ഒരു പര്‍വതത്തെ മധ്യത്തിലൂടെ മുറിച്ചു മാറ്റിയതു പോലെയാണ് കാണപ്പെടുക. ഭാരതത്തില്‍ നിന്ന് ശിവഭഗവാന് ബാലിയിലെത്തിച്ചതായി വിശ്വസിക്കുന്ന മേരു പര്‍വതത്തിന്റെ പ്രതീകങ്ങളാണ് ഇവ. ക്ഷേത്ര ഗോപുരങ്ങളിലെ മേരുവും ഈ പ്രതീകങ്ങളുടെ ഭാഗമാണ്.
ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വസ്ത്രധാരണത്തിന് പ്രത്യേക നിഷ്കര്‍ഷയുണ്ട്. മുട്ടു മറയാത്ത വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ കയറാനാവില്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മുണ്ടുപോലെ ബാലിക്കാര്‍ ചുറ്റിയുടുക്കുന്ന ‘സാരോങ്’ ഉടുത്തു വേണം ക്ഷേത്രങ്ങളില്‍ കയറാന്‍. മിക്ക ക്ഷേത്രങ്ങളിലും അവ ലഭ്യമാണ്.
പ്രധാനദിവസങ്ങളില്‍ കുരുത്തോലകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്ന പതിവുണ്ട്. ചെമ്പകപ്പൂക്കളാണ് പൂജപുഷ്പങ്ങളില്‍ മുഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: