ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ദുരിതത്തിലായ വയനാട്ടിലെ വനവാസി കോളനികളിലേക്ക് ദൈവദൂതനായാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡോക്ടര്‍ ധനഞ്ജയ് ദിവാകര്‍ സഗ്ദേവ് കടന്നുവന്നത്. ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് മുട്ടില്‍ വിവേകാനന്ദ മിഷന് ആശുപത്രിയിലൂടെ ഡോക്ടര്‍ ആശ്വാസം നല്‍കിയത്. സമ്പന്ന കുടുംബത്തില്‍ പിറന്ന് സേവനം മുഖമുദ്രയാക്കിയ സഗ്ദേവ് ഇന്ന് ഭാരതത്തിനു തന്നെ അഭിമാനമായി മാറി. സേവനം മുഖമുദ്രയാക്കിയ ഒരു ആര്‍എസ്എസ് പ്രചാരകന് എങ്ങനെയാണെന്ന് ഡോക്ടര്‍ നമ്മെ പഠിപ്പിക്കുന്നു.
- എന്തായിരുന്നു ആദ്യകാല അനുഭവങ്ങള്‍?
ആദ്യകാലത്ത് വനവാസികള്‍ ആശുപത്രിയില്‍ എത്തുന്നത് വിരളമായിരുന്നു. മന്ത്രവാദങ്ങളും പൂജകളുമായിരുന്നു രോഗം മാറ്റാനുള്ള അവരുടെ എളുപ്പവഴികള്‍. പച്ചമരുന്നുകളും ഉപയോഗിച്ചുപോന്നു. എണ്‍പതും നൂറും പ്രസവങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ എടുത്ത വനവാസി വയറ്റാട്ടിമാര്‍ അക്കാലത്ത് ഉണ്ടായിരുന്നു. കോളനികളില്‍ വെള്ളമില്ല, വൈദ്യുതിയില്ല. നടപ്പാതപോലുമില്ല. വാക്കത്തിയുമായി വഴിതെളിച്ച് പരിചയക്കാര് നടക്കും, പിറകെ ഞങ്ങളും. പലപ്പോഴും ഞാനും ഒരു നഴ്സും രണ്ട് സഹായികളുമാകും ഉണ്ടാകുക. വനവാസികളെ മരുന്ന് കഴിപ്പിക്കുക അക്കാലത്ത് ദുഷ്കരമായിരുന്നു. പലരും പുരട്ടാനുള്ള മരുന്ന് അകത്ത് കഴിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കണ്ട മരുന്നുകള്‍ അവര്‍ ഒന്നിച്ച് കഴിക്കും. അങ്ങനെ പല പ്രശ്നങ്ങള്‍. കുറെക്കാലത്തെ പ്രയത്ന ഫലമായാണ് ഇതൊക്കെ മാറ്റിയെടുക്കാനായത്.
- അരിവാള്‍ രോഗം കണ്ടെത്താനുള്ള സാഹചര്യം?
1995 കാലഘട്ടത്തില്‍ ഒരു കേസ് എന്റെ അടുത്തെത്തി. കടുത്ത പനിയും ക്ഷീണവുമാണ് രോഗലക്ഷണം. പരിശോധിച്ചപ്പോള്‍ തന്നെ അരിവാള്‍ രോഗമാണെന്നു എനിക്ക് ഏകദേശം ഉറപ്പായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ രക്തസാമ്പിളുകള്‍ ആള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ചു. പരിശോധനാഫലം എന്നെ ആശ്ചര്യപ്പെടുത്തി. സിക്കിള്‍സെല്‍ അനീമിയ രോഗലക്ഷണങ്ങളായിരുന്നു അത്. ഉടന്‍ തന്നെ ഈ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും ജില്ലാ കളക്ടറെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ദ്ധര്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയിലെത്തി. യുദ്ധകാലടിസ്ഥാനത്തില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രി ജില്ലയില്‍ 1500 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരുലക്ഷം വനവാസികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തി ചികിത്സ നല്കി. എല്ലാവര്ക്കും കൗണ്‍സിലിങ്ങും നല്കി. പിന്നീട് ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹായത്തോടെ സിക്കിള്‍സെല്‍ പ്രൊജക്ട് 1997 മുതല്‍ 2001 വരെ ഏറ്റെടുത്ത് നടത്തി.
- അന്ന് ആശുപത്രി എങ്ങനെയായിരുന്നു?
മഴപെയ്താല്‍ ഒരു തുള്ളി വെള്ളംപോലും പുറത്ത് പോകാത്ത ഒരു ഒറ്റമുറി കെട്ടിടമായിരുന്നു ഡിസ്പെന്‍സറി. വനവാസികള്‍ക്ക് സൗജന്യ ചികിത്സ അന്നും ഇന്നും നല്കിവരുന്നു. ജനറല്‍ വിഭാഗക്കാര്‍ക്ക് 25 പൈസ ആയിരുന്നു ഒപി ചാര്‍ജ്ജ്. അവര്‍ മരുന്നിന്റെ തുക മാത്രം നല്കിയാല് മതിയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാര്‍ഗ്ഗരേഖയില്‍ എ.പി കേശവന് നായര്‍, സി. ചന്ദ്രശേഖരന്, ഡോ. എം. മോഹന്‍ദാസ്, പി.വി കരുണാകരന് തുടങ്ങിയവര്‍ ആശുപത്രി എന്ന സങ്കല്പ്പത്തിന് മിഴിവേകി.
- പഴയകാലത്തെയും ഇക്കാലത്തെയും രോഗങ്ങള്‍?
പഴയകാലത്ത് കോളനികളില്‍ പോഷകാഹാര കുറവ് വഴിയുള്ള അനീമിയ, പകര്‍ച്ച വ്യാധികള്‍, ചൊറി, ചെരങ്ങ് തുടങ്ങിയ രോഗങ്ങള്‍ സാധരണയായിരുന്നു. നാട്ടുവൈദ്യ പ്രകാരം കുരുമുളക് വള്ളി ചുട്ട് ശരീരത്തില്‍ തേച്ചു കുളി ആയിരുന്നു ഇവരുടെ പ്രധാന ശീലം. അവിടേക്കാണ് ആധുനിക മരുന്നുകളുമായി മെഡിക്കല്‍ മിഷന് കടന്നുവരുന്നത്. ഇന്ന് ജീവിത ശൈലീ രോഗങ്ങളാണ് എവിടെയും.
- പത്മശ്രീ പുരസ്കാരം ലഭിച്ചതിനെക്കുറിച്ച്?
കൂട്ടായ പ്രവര്‍ത്തന ഫലത്തിനാണ് രാഷ്ട്രം നല്കിയ ആദരവ്. രാഷ്ട്രീയ സ്വയം സേവകസംഘമാണ് വഴികാട്ടി. മാനവസേവ മാധവസേവയായി കൊണ്ടുപോകുന്നു.
- സേവന രംഗത്ത് എന്തായിരുന്നു പ്രചോദനം?
ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്ഗാവാറിന്റെ ജന്മശതാബ്ദിക്ക് വിവിധരംഗങ്ങളിലുള്ള സമാജസേവന രംഗത്ത് വിപുലമായി പ്രവേശിക്കണമെന്നും, സമാജത്തിലെ അവഗണിക്കപ്പെട്ടവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും സര്‍സംഘചാലക് ബാലാസാഹിബ് ദേവറസ്ജി ആഹ്വാനം ചെയ്തു. രാജ്യമെങ്ങും വിവിധ രംഗങ്ങളില്‍ സ്വയംസേവകര്‍ പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളോടുള്ള ദേവറസ്ജിയുടെ ആഹ്വാനം പഠിത്തം പൂര്‍ത്തിയാക്കി ഏതാനും വര്‍ഷക്കാലത്തെങ്കിലും സേവനരംഗത്തിറങ്ങണമെന്നായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞുവന്ന ഞാന്‍ പ്രചാരകനാകാനുള്ള മോഹം ബാലാസാഹിബിനെ അറിയിച്ചതോടെ വയനാട്ടിലേക്കയയ്ക്കപ്പെട്ടു. അങ്ങനെ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ചുമതലയേറ്റെടുത്തു.
- മെഡിക്കല്‍ മിഷന്റെ തുടക്കം വിവരിക്കാമോ?
1972ല്‍ സ്വാതന്ത്ര്യ സമരസേനാനി രാധ ഗോപി മേനോന് സൗജന്യമായി നല്കിയ കെട്ടിടത്തിലാണ് ക്ലനിക്കിന്റെ ആരംഭം. ഇന്ന് മുട്ടിലില്‍ മൂന്ന് ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. ചെറുകര, കണ്ണങ്കോട്, മുത്തങ്ങ, കരടിപ്പാറ. നിരവില്‍പുഴ, ഇരുമനത്തൂര്‍ ഭാഗങ്ങളിലായി ആറ് സബ്സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ സ്ഥിരം മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നുവരുന്നു.
- ആശുപത്രിയുടെ ഇന്നത്തെ സ്ഥിതി?
ഒരു ലക്ഷത്തില്‍ അധികം ജനങ്ങള്‍ ഇവിടെ എല്ലാ വര്‍ഷവും ചികിത്സ തേടുന്നുണ്ട്. 45000 ല്‍ അധികം മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, സ്വാശ്രയം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. 50 കിടക്കകളുള്ള ഒരു ആശുപത്രിയും, 250-300 രോഗികള്‍ക്കായുള്ള ഒപി വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നു. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ക്ക് ഭക്ഷണവും നല്കുന്നു. 60 ശതമാനവും വനവാസി രോഗികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. മൂന്ന് സ്ഥിരം ഡോക്ടര്‍മാരും നാല് പാര്‍ട്ട്ടൈം ഡോക്ടര്‍മാരും 12 വിസിറ്റിങ് ഡോക്ടര്‍മാരും ഇവിടെയുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം ഒരു ഫീല്‍ഡ് ക്യാമ്പും. കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ ഒരു യൂണിറ്റും ഒരു ഫീല്‍ഡ് ക്യാമ്പും ഇവിടെയുണ്ട്. എല്ലാ ദിവസവും കണ്ണ് പരിശോധനയുമുണ്ട്. ക്ഷയരോഗ വിഭാഗം, സിക്കിള്‍സെല്‍ വിഭാഗം, ദന്തല്‍ വിഭാഗം തുടങ്ങിയവയും സുഗമമായി നടന്നുവരുന്നു. വയനാട്ടിലെ 250 വനവാസി ഗ്രാമങ്ങളില്‍ ഓരോ മാസവും സമ്പര്‍ക്കം നടക്കുന്നു. ഇതിനായി ഹെല്‍ത്ത് വോളണ്ടിയര്‍മാരെയും (സ്വാസ്ഥ്യമിത്ര) നിയോഗിച്ചിട്ടുണ്ട്.
മെഡിക്കല്‍ കിറ്റുമായി ഇവര്‍ കോളനികളില്‍ യാത്ര ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ഏകദേശം 15000 പേരെ ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. മാസത്തില്‍ രണ്ട് മാനസികാരോഗ്യ ക്ലിനിക്കുകള്‍, രണ്ട് ക്യാമ്പ്. എല്ലാമാസവും ഒരുദിവസം ഹോമിയോ വിഭാഗവും പ്രവര്‍ത്തിക്കുന്നു. ബിഎസ്എസുമായി സഹകരിച്ച് പാരാമെഡിക്കല്‍ സെന്ററും നടന്നുവരുന്നു. 90 ശതമാനവും വനവാസി വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ജില്ലയില്‍ 40 വനിതാ വനവാസി സ്വാശ്രയസംഘങ്ങള്‍ നടത്തിവരുന്നു. പടിഞ്ഞാറത്തറയിലും കണ്ണങ്കോടും തയ്യല്‍ യൂണിറ്റുകള്‍ നടന്നുവരുന്നു. അരിവാള്‍ രോഗികള്‍ക്ക് ഒരു സ്ഥിര വരുമാനം ലഭിക്കുന്നതിനായി വിവേകാനന്ദ ബാംബൂ മിഷന് സ്വയം തൊഴില്‍സംഘം പ്രവര്‍ത്തിച്ചുവരുന്നു. മുളകൊണ്ടുള്ള കരകൗശല വസ്തുക്കള്‍ വിപണന മേളകളില്‍ വില്‍പ്പന നടത്തിവരുന്നു. വനവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി ഗ്രാമീണ വിദ്യാകേന്ദ്രങ്ങള്‍ നടത്തിവരുന്നു.
റിട്ട. ഡിഎംഒ ഡോക്ടര്‍ പി.നാരായണന് നായര്‍ പ്രസിഡന്റായും ഡോ. രാജ്മോഹന്‍ വൈസ് പ്രസിഡന്റായും അഡ്വ. കെ.എ, അശോകന് സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. ട്രഷറര്‍ അഡ്വ.പി.സുരേന്ദ്രന്, ജോയിന്റ് സെക്രട്ടറിയും മാനേജരുമായ വി.കെ.ജനാര്ദനന് തുടങ്ങിയവരും ഭരണസമിതിക്ക് കരുത്തു പകരുന്നു.
- ഡോക്ടറുടെ കുടുംബം?
കോഴിക്കോട് താമസിക്കുന്ന മഹാരാഷ്ട്ര കുടുംബത്തിലെ സുജാതയാണ് ഭാര്യ. രണ്ട് മക്കളാണ്. മൂത്ത മകള്‍ അതിഥി എഞ്ചിനിയറിങ്ങ് പഠനം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് നാഗ്പൂരിലാണ് താമസം. ഇളയ മകള്‍ ഗായത്രി മെഡിക്കല്‍ മിഷനില്‍ ഡോക്ടറായി സേവനം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: