പാര്‍ലമെന്റിന്റെ ബജറ്റു സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രം കൈവരിച്ച നേട്ടങ്ങളിലേക്കും, അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു. കൊവിഡ് മഹാമാരിയെ നേരിടുന്നതിലും, അതിനെതിരായി ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിലും ഭാരതം കൈവരിച്ച ഐതിഹാസിക നേട്ടങ്ങളെ പ്രശംസിച്ച രാഷ്ട്രപതി, ഈ പ്രതിസന്ധിയിലും നിരവധി രാജ്യങ്ങള്‍ക്ക് ലക്ഷക്കണക്കിനു ഡോസ് വാക്സിനുകള്‍ എത്തിച്ച് മാനവരാശിയോടുള്ള കടമ നാം നിറവേറ്റിയെന്നും പറയുകയുണ്ടായി. ഇക്കാര്യങ്ങളിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത സമയബന്ധിതമായ തീരുമാനങ്ങളില്‍ താന്‍ സംതൃപ്തനാണെന്ന് രാഷ്ട്രപതി വ്യക്തമാക്കിയിരിക്കുന്നു. ദുഷ്കരമായ ഇക്കാലത്തും ആഗോള നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമായി ഭാരതം മാറുകയുണ്ടായെന്ന് രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍നിന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കരകയറുകയാണെന്നും പറയുകയുണ്ടായി. സായുധസേനകളുടെ സര്വസൈന്യാധിപന് കൂടിയായ രാഷ്ട്രപതി അതിര്‍ത്തിയില്‍ ചൈന സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ പരാമര്‍ശിച്ചു. നമ്മുടെ രാജ്യം കൊവിഡ് മഹാമാരിയോട് പടപൊരുതുമ്പോള്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗാല്‍വാന്‍ പ്രദേശത്ത് കടന്നുകയറാന്‍ ശ്രമിച്ച ചൈനയ്ക്ക് സൈനികര്‍ ചുട്ട മറുപടി കൊടുത്ത കാര്യം എടുത്തു പറയുകയുണ്ടായി.
ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം എന്ന മഹാകവി വള്ളത്തോളിന്റെ ദേശാഭിമാനനിര്ഭരമായ വരികളുദ്ധരിച്ചപ്പോള് നിറഞ്ഞ കരഘോഷത്തോടെയാണ് അംഗങ്ങള്‍ അത് ഏറ്റെടുത്തത്. കര്‍ഷകസമരത്തിന്റെ പേരില്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളെ ശക്തമായ ഭാഷയിലാണ് രാഷ്ട്രപതി അപലപിച്ചത്. ചെങ്കോട്ട കയ്യേറി ദേശീയ പതാകയെ അപമാനിച്ച സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്. നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്കുന്ന ഭരണഘടന തന്നെ നിയമം അനുസരിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കാന്‍ രാഷ്ട്രപതി മറന്നില്ല. പാര്‍ലമെന്റ് കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ പത്ത് കോടി ചെറുകിട കര്‍ഷകര്‍ക്കും ഗുണം ചെയ്യുന്നതാണെന്നും, നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു നിയമനിര്‍മാണത്തെ പിന്തുണച്ചതാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ഒരു ലക്ഷത്തിലേറെ കോടി രൂപയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയായി അവരുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തിയത്. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന കാര്‍ഷിക നിയമങ്ങളിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങളൊന്നും ഹനിക്കപ്പെടുന്നില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളെയും അക്രമസമരങ്ങളെയും തുറന്നുകാണിക്കാന്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് കഴിഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അക്രമത്തേര്വാഴ്ച നടത്തിയവരെ പിന്തുണച്ച ചില പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചതില്‍ കുറെക്കാലമായി അവരുടെ ചെയ്തികള്‍ കാണുന്നവര്‍ക്ക് അദ്ഭുതം തോന്നില്ല. താന്‍ അക്രമികളോടൊപ്പമാണെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഈ രാജ്യത്തെ അന്യമായി കാണുന്ന മനോഭാവമാണ് അതിലൂടെ പ്രകടിപ്പിച്ചത്. കാര്‍ഷിക നിയമങ്ങള്‍ ബലംപ്രയോഗിച്ച് നടപ്പാക്കി എന്നു പറയുന്നത് ഇവരുടെ കാപട്യമാണ്. കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് മുറവിളി കൂട്ടിയവരാണ് അതിന്റെ തുടക്കം തന്നെ ബഹിഷ്കരിച്ചത്. ഇത് ആദ്യമായല്ല ഈ പാര്‍ട്ടികള്‍ ഇങ്ങനെ ചെയ്യുന്നത്. ജിഎസ്ടി ബില്ല് അവതരിപ്പിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ്സ് ബഹിഷ്കരിച്ചു. ഭരണഘടനയിലോ പാര്‍ലമെന്റിലോ സുപ്രീംകോടതിയിലോ സൈന്യത്തിലോ രാജ്യത്തിന്റെ പ്രധാനമന്ത്രിയിലോ വിശ്വാസമില്ലാത്ത ഇവരില്‍നിന്ന് ആരും മറിച്ചു പ്രതീക്ഷിക്കുന്നില്ല. വെറുതെയല്ല തെരഞ്ഞെടുപ്പുകളില്‍ ഇവരെ ജനങ്ങള്‍ ബഹിഷ്കരിക്കുന്നത്. ഇക്കൂട്ടര്‍ ഇനിയും ഇങ്ങനെ തുടരും. അത്രത്തോളം ഒറ്റപ്പെടുകയും ചെയ്യും. ഇവരെക്കൂടാതെ രാജ്യം മുന്നേറുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: