Categories: Samskriti

‘സ്വര്‍ണപാത്രം കൊണ്ടു മൂടിയിരിക്കുന്നു…’

ഈശാവാസ്യോപനിഷത്ത് ഒരു വിചിന്തനം

‘ഹിരണ്മയേന പാത്രേണ

സത്യസ്യാപിഹിതം മുഖം

തത്ത്വം പൂഷന്നപാവൃന്നു

സത്യധര്‍മായ ദൃഷ്ടയേത്’

ഈശാവാസ്യോപനിഷത്തിലെ ഏറ്റവും ഉജ്വലമായ മന്ത്രതാരകമാണിത്. ഈ നക്ഷത്ര ദീപ്തിതയില്‍ പ്രപഞ്ചം പുളകമണിഞ്ഞു നില്‍ക്കുന്നു. പാടിയും പറഞ്ഞും പലവുരു കേട്ടും മന്ത്രത്തിന്റെ പൂര്‍വാര്‍ധമെങ്കിലും പരിചയപ്പെട്ടിരിക്കാം.  

അര്‍ഥമിങ്ങനെ പറയാം: ‘അല്ലയോ പൂഷാവേ! സത്യസ്വരൂപനായ അങ്ങയെ ഉപാസിക്കുന്ന അല്ലെങ്കില്‍ ശരിയായ ധര്‍മത്തെ അനുഷ്ഠിക്കുന്ന എനിക്ക് അങ്ങയെ കാണുന്നതിനായി ആ മൂടിയെ മാറ്റിത്തന്നാലും.’

അന്യന്റെ ധനത്തെ പറ്റി പറഞ്ഞുകൊണ്ടാണല്ലോ ഈശാവാസ്യോപനിഷത്ത് തുടങ്ങിയത്. സത്യത്തില്‍ നിന്നും ധര്‍മത്തില്‍ നിന്നും മനുഷ്യനെ അകറ്റുന്ന ചിരന്തന ശാപമാണ് ധനകാമം. ഹിരണ്യം എന്നാല്‍ സ്വര്‍ണം. സ്വര്‍ണത്തിനോടും അതിരുവിട്ട കാമമല്ലേ? സത്യധര്‍മങ്ങളറിയണമെങ്കില്‍ ധനഹിരണ്യ മോഹത്തില്‍ നിന്നും മനസ്സ് മുത്മമാകണം. തൃഷ്ണയാകുന്ന ഇരുട്ടിന്റെ ആവരണം അകറ്റിത്തരാന്‍ സൂര്യനോടു പ്രാര്‍ഥിക്കുകയാണ് ഈ മന്ത്രത്തിലൂടെ ഋഷികവി.  

മനുഷ്യനിലെ രണ്ടു മഹാശക്തികള്‍ ജ്ഞാനവും കര്‍മവുമാകുന്നു. ഇതുരണ്ടുമില്ലെങ്കില്‍ വ്യക്തിയുണ്ടാാവില്ല. ജ്ഞാനം ഒരുവനെ സത്യത്തിലേക്കും കര്‍മം ധര്‍മത്തിലേക്കും നയിക്കണം. സ്വര്‍ണപാത്രം കൊണ്ട് മൂടിയിരിക്കുകയാണ് ശാശ്വതമായ സത്യം.  

പാത്രത്തിന്റെ തിളക്കത്തില്‍ ഭ്രമിച്ചു വശാകുന്ന നമ്മള്‍ പലപ്പോഴും സത്യം അറിയാതെ പോകുന്നു. അതിഭൗതികമായ ഈ തിളക്കത്തില്‍ പ്രലോഭിതനാവരുത്. പ്രലോഭിതനാക്കാതെ  പൂഷാവേ, എന്നെ സത്യദര്‍ശത്തിന് പ്രാപ്തനാക്കൂ എന്നാണിവിടെ പ്രാര്‍ഥന.  

സത്യം പറയാനുള്ളതാണ്. കര്‍മം ചെയ്യാനുള്ളതാണ്. സത്യം വദ, ധര്‍മം ചര എന്നു പ്രമാണം. വാഗ്രൂപേണ സത്യം പുറത്തുവരണം. സ്വര്‍ണത്തിന്റെ മൂടി, അടപ്പ് മാറണം. മാറ്റണം. എങ്കിലേ എനിക്ക് കര്‍മം ചെയ്യാനും സത്യം പറയാനും കഴിയൂ. ഒരു കനകപാത്രം കൊണ്ട് മൂടപ്പെട്ടിരിക്കുന്ന സത്യത്തിന്റെ മുഖം തുറക്കേണമേ എന്ന സങ്കല്‍പം, ആരെയും ഉത്തേജിപ്പിക്കും.  

ആഗ്നേയ നയ സുപഥാ: സൂര്യദേവനോടു മാത്രമല്ല പ്രാര്‍ഥന. അഗ്നി ദേവനോടും നേര്‍വഴി കാട്ടാന്‍ ഈശാവാസ്യം അപേക്ഷിക്കുന്നു. മനോഹരമായ മന്ത്രം ഇതാ:  

‘അഗ്നേനയ സുപഥാ രായേ അസ്മാന്‍  

വിശ്വാനി ദേവവയുനാനി വിദ്വാന്‍

യുയോധ്യ സ്മജ്ജു ഹുരാണമേനോ

ഭൂയിഷ്ഠാം തേന നമ ഉക്തിം വിധേമ’  

അഗ്നി സ്വരൂപാ അവിടുന്ന് എന്റെ സര്‍വസ്വമാകുന്നു. എല്ലാ കര്‍മങ്ങളേയും ജ്ഞാനങ്ങളേയും അറിയുന്ന അങ്ങ് എന്നെ നല്ലവഴിയില്‍ കൂടി കൊണ്ടു പോകേണമേ? അതുമാത്രം പോരാ, ചതിക്കുന്ന സ്വഭാവത്തോടു കൂടിയ പാപത്തെ എന്നില്‍ നിന്ന് അകറ്റുകയും വേണം. അങ്ങനെ ചെയ്താല്‍ ഞാന്‍ വിശുദ്ധനാകും. അങ്ങേയ്‌ക്കു ഞാന്‍ നമസ്‌ക്കാര വചനങ്ങള്‍ പറയുന്നു.  

പിതൃയാനം, ദേവയാനം എന്ന് രണ്ട് മരണാനന്തര ഗതികള്‍. ധൂമം, രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനമാസങ്ങളാറ്. ഇവയെല്ലാം പിതൃയാനം. അഗ്നി, പകല്‍, വെളുത്ത പക്ഷമാസങ്ങളാറ്. ഇവയെല്ലാം ദേവയാനം. ക്രമമുക്തിക്കുള്ള ഉത്തമമാര്‍ഗം ദേവയാനം. ദേവയാനം എന്ന നല്ലവഴിക്കായി അഗ്നിദേവനോട് പ്രാര്‍ഥന. ‘അഗ്നേ നയ സുപഥാ’.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക