ആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദാലത്തുമായി മന്ത്രിമാര്‍. ഇത്രയും നാള് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന അദാലത്താണ് ഇത്തവണ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം അവശേഷിക്കെ എങ്ങിനെയും വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന തന്ത്രമാണ് ഇടതുസര്‍ക്കാര്‍ പയറ്റുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നേരിട്ടാണ് ഇത്തരത്തില്‍ അദാലത്ത് നടത്തിയിരുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും, വെറും ധൂര്‍ത്താണ് നടക്കുന്നതെന്നുമായിരുന്നു അക്കാലത്ത് ഇടതുപക്ഷത്തിന്റെ വിമര്‍ശനം. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം ഇടതു സര്‍ക്കാരും പയറ്റുകയാണ്.
ഒരു ഭാഗത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്തുകയും, മറു ഭാഗത്ത് സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാര്‍ അദാലത്ത് എന്ന പേരില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന് നടത്തുന്നു എന്നതാണ് വിമര്‍ശനം.
പൊതുജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും എത്രയും പെട്ടെന്ന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് സംഘടിപ്പിക്കുന്ന ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിലുള്ള ‘സാന്ത്വന സ്പര്‍ശം’ അദാലത്ത് ഫെബ്രുവരി 1, 2, 4 തീയതികളില്‍ നടക്കുമെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ജനുവരി 28ന് മുമ്പ് സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. 24ന് ഉച്ച മുതല്‍ ഇതിനുള്ള സൗകര്യം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: