കൊല്ലം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നടക്കാന്‍ പോകുന്ന മുഖ്യപരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയക്കുഴപ്പം. പരീക്ഷയെഴുതേണ്ട മാധ്യമത്തിലാണ് ഏവര്‍ക്കും സംശയം. ഈ തസ്തികയുടെ വിവരണാത്മക പരീക്ഷ കഴിഞ്ഞ തവണ ഇംഗ്ലീഷിലായിരുന്നു.
എന്നാല്‍ അന്ന് മലയാളത്തില്‍ പരീക്ഷ എഴുതിയവര്‍ കോടതിയെ സമീപിക്കുകയും അവരുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിന് പരിഗണിക്കാനുള്ള ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇത്തവണ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ ആണെന്ന് പിഎസ്സി അറിയിച്ചെങ്കിലും ഉത്തരം മലയാളത്തില്‍ എഴുതാനാകുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. സിവില്‍ സര്‍വീസ്, കെഎഎസ് പരീക്ഷകള്‍ പോലും മലയാളത്തില്‍ എഴുതാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷ ഇംഗ്ലീഷില്‍ എഴുതണമെന്ന പിഎസ്സിയുടെ തീരുമാനം ഉചിതമല്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍.
2017ല്‍ പിഎസ്സി ഇറക്കിയ വിജ്ഞാപനത്തില്‍ 64,000 അപേക്ഷകളാണ് ഈ തസ്തികയ്ക്ക് ലഭിച്ചത്. എന്നാല്‍ 2018ല്‍ ഇവര്‍ക്കായി ആദ്യഘട്ട പരീക്ഷ നടത്തിയെങ്കിലും അപേക്ഷകരില്‍ വലിയൊരു വിഭാഗം ആളുകളും പരീക്ഷയെഴുതാന്‍ എത്തിയില്ല. യോഗ്യതകള്‍ വ്യത്യസ്തമായിട്ടും കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന് അസിസ്റ്റന്റിനൊപ്പം ഇവരുടെ ആദ്യഘട്ട പൊതുപരീക്ഷ നടത്തിയത് വിവാദത്തിനിടയാക്കി. തുടര്‍ന്ന് വിഷയത്തില്‍ കോടതി ഇടപെട്ടതോടെ ആദ്യഘട്ട പരീക്ഷ പിഎസ്സി മരവിപ്പിച്ചു. ഇതോടെ ആദ്യ പരീക്ഷ വെറുതെയായി.
പിന്നീട് അപേക്ഷകരോട് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ പിഎസ്സി ആവശ്യപ്പെട്ടതോടെ 64,000 അപേക്ഷകര്‍ എന്നുള്ളത് 12,000 ആയി. ചിലര്‍ കോടതിയില്‍ പോയി അനുകൂലവിധി നേടിയെങ്കിലും മുഖ്യപരീക്ഷയ്ക്ക് വെറും 670 പേര് മാത്രമാണ് യോഗ്യത നേടിയത്. ഇവരുടെ പട്ടികയാണ് പിഎസ്സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഫെബ്രുവരിയില്‍ തന്നെ മുഖ്യപരീക്ഷ നടത്താനാണ് കമ്മീഷന്റെ തീരുമാനം. പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പ് എഴുതുന്ന മാധ്യമത്തില്‍ വ്യക്തത വരുത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. നിയമനം ലഭിക്കുന്നവര്‍ സര്‍വീസില്‍ മുഴുനീളെ ഉപയോഗിക്കേണ്ട ഭാഷയും മലയാളമാണ്. വിവരണാത്മകരീതിയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന മുഖ്യപരീക്ഷയ്ക്ക് ശേഷം അഭിമുഖത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: