ഭാരത സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തില്ല എന്ന ‘കണ്ടുപിടിത്തം’ എതിരാളികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടത്തുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയവരാരും ഇത്തരത്തിലൊരാരോപണം ഉന്നയിച്ചിട്ടില്ല. മാത്രമല്ല, ഗാന്ധിജി, അംബേദ്കര്‍, ഗോവിന്ദ വല്ലഭ് പന്ത്, മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ ഉന്നതരായ നേതാക്കള്‍ ആര്‍എസ്എസിന്റെ പരിശീലന ശിബിരങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് സായുധസമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറുമായി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ ഡോക്ടര്‍ജി തന്റെ അവസാന നാളുകളിലായതിനാല്‍ അത് നടന്നില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത ഒരു സംഘടനയാണ് ആര്‍എസ്എസ് എങ്കില്‍ ഈ നേതാക്കള്‍ അതിനെ പ്രശംസിക്കുകയോ അതിന്റെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ ആര്‍എസ്എസിനെ പ്രശംസിച്ചു എന്നുള്ളത് ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതുകൊണ്ടാണ്.
അക്കാലത്ത് കോണ്‍ഗ്രസ് ആയിരുന്നു സ്വാതന്ത്ര്യസമരത്തിനുള്ള പൊതുവേദി. കോണ്‍ഗ്രസ് നേതൃത്വം നടത്തിയ സമരത്തില്‍ സോഷ്യലിസ്റ്റുകള്‍, ഹിന്ദുമഹാസഭക്കാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിനുള്ള പ്രവര്‍ത്തനം പലവേദികളില്‍ നിന്നുമായാല്‍ ശക്തി കുറയും എന്നതായിരുന്നു കാരണം. അതുകൊണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സമരത്തിലാണ് പങ്കെടുത്തിരുന്നത്. ആര്‍എസ്എസില്‍ അംഗത്വം ലഭിക്കാന്‍ എടുക്കേണ്ട പ്രതിജ്ഞയില്‍ ‘മാതൃഭൂമിയെ (ഹിന്ദു ഭൂമിയെ)വൈദേശിക ഭരണത്തില്‍നിന്ന് മോചിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കും’ എന്നുണ്ടായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കും എന്ന് പ്രതിജ്ഞയെടുക്കുന്ന വ്യക്തികള്‍ക്കുമാത്രമേ ആര്‍എസ്എസില്‍ അംഗത്വം ലഭിക്കുമായിരുന്നുള്ളൂ എന്നത് സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ്.
കമ്യൂണിസ്റ്റു നേതാക്കളും തോമസിനെതിരെ
എന്നാല്‍ ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്ന ആരോപണം ഉന്നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയാണുണ്ടായത്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഈ വഞ്ചന മാധ്യമങ്ങളും നേതാക്കളും അന്നു തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെ 42 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകാര്‍, ആര്‍എസ്എസിന്റെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് വിചിത്രമാണ്. സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടി. സ്വാതന്ത്ര്യസമര കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളായ ഇഎംഎസ്, ഡാങ്കെ, രാമമൂര്‍ത്തി സുന്ദരയ്യ, എ.കെ. ഗോപാലന്‍, ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്നിവരും ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്ന ആരോപണം ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഉപ്പുസത്യഗ്രഹത്തില്‍ ആര്‍എസ്എസ്
ഇത്രയും എഴുതാന്‍ കാരണം ദേശാഭിമാനി പത്രത്തില്‍ പി.വി. തോമസ് എഴുതിയ ‘മോഹന്‍ ഭാഗവതിന്റെ ഗാന്ധിഭക്തി’ എന്ന ലേഖനമാണ്. ആര്‍എസ്എസിനെപ്പോലുള്ള മഹത്തായ പ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കളവുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് പ്രസ്തുത ലേഖനം. 1930 ലെ ഉപ്പു സത്യഗ്രഹത്തില്‍ ആര്‍എസ്എസ് പങ്കെടുത്തില്ല എന്ന് തെളിയിക്കാന്‍ തോമസ് പറയുന്നത് ആര്‍എസ്എസ് സ്ഥാപകനായ ഡോ.ഹെഡ്ഗേവാറിന്റെ ‘ആത്മകഥ’ യില്‍ നിന്നുള്ളതാണ്. സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ട ഓരോരുത്തരും സംഘചാലകിന്റെ അനുവാദം വാങ്ങിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുപോലും. എന്നാല്‍ ആര്‍എസ്എസ് സ്ഥാപകന്‍ തന്നെ ഈ സമരത്തില്‍ പങ്കെടുത്ത് ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയുണ്ടായി. ഡോ. ഹെഡ്ഗേവാര്‍ ആത്മകഥ എഴുതിയിട്ടില്ല. എഴുതിയിട്ടില്ലാത്ത ആത്മകഥയിലെ ഉദ്ധരണി കണ്ടെത്താന്‍ തോമസിന് എന്ത് അദ്ഭുത കഴിവാണുള്ളത് എന്നറിയില്ല. ഈയൊരു ഒറ്റ കാര്യം മതി ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കാന്‍. തോമസിന്റെ രണ്ടാമത്തെ അദ്ഭുതകരമായ ഉദ്ധരണി മഹാത്മാഗാന്ധിയുടേതാണ്. ലോകത്തില്‍ എല്ലാവരും മനസ്സിലാക്കി വച്ചിരിക്കുന്നത് 1948 ജനുവരി 30 ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു എന്നാണ്. എന്നാല്‍ തോമസ് 1948 ഒക്ടോബര്‍ 27 ന് (ഗാന്ധിജി കൊല്ലപ്പെട്ട് ഒമ്പത് മാസങ്ങള്‍ക്കുശേഷം) ആര്‍എസ്എസിനെതിരെ ഗാന്ധിജി പൊട്ടിത്തെറിച്ചു എന്നുപറഞ്ഞിരിക്കുന്നു. വാഹ് എന്ന സ്ഥലത്ത് സംഘപ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലി നല്ലതാണെന്നു പറഞ്ഞ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനോട് ഗാന്ധിജി പൊട്ടിത്തെറിച്ചുപോലും. ”പക്ഷേ ഇതു മറക്കരുത്. ഹിറ്റ്ലറിന് നാസികളും മുസ്സോളിനിയുടെ ഫാസിസ്റ്റുകളും ഇതുതന്നെയാണ് ചെയ്തത് എന്ന് ഗാന്ധിജി പറഞ്ഞു. സ്വയംസേവക സംഘം ഏകീകൃത ഭരണത്തില്‍ വിശ്വസിക്കുന്ന ഒരു വര്‍ഗീയ സംഘടനയാണ്” ഗാന്ധിജി പൊട്ടിത്തെറിച്ചപ്പോള്‍ ദൃക്സാക്ഷിയായി തോമസ് ഉണ്ടായിരുന്നു എന്ന് അവകാശപ്പെടാതിരുന്നതിന് ആയിരം നന്ദി.
നട്ടാല്‍ കുരുക്കാത്ത നുണകളെഴുതാന്‍ തോമസിനെപ്പോലുള്ളവര്‍ക്കു മാത്രമേ കഴിയൂ. അത്തരത്തിലുള്ള കളവുകള്‍ പ്രസിദ്ധീകരിക്കാന്‍ ദേശാഭിമാനിക്കും. ബിജെപി ഭരണ കാലത്ത് ഏറ്റവും അധികം അവഹേളിക്കപ്പെട്ട ദേശീയ നേതാവ് ഗാന്ധിജിയായിരുന്നുപോലും. ഗോഡ്സെയുടെ പേരില്‍ അമ്പലവും പാലവും എല്ലാം സംഭവിച്ചത് ഇക്കാലത്താണത്രേ. ഇതു സംഭവിച്ചപ്പോള്‍ ഭാഗവത് എന്തു ചെയ്യുകയായിരുന്നു എന്ന് തോമസ് ചോദിക്കുന്നു. ഇതു കേട്ടാല്‍ തോന്നുക സിപിഎം അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു എന്നാണ്. ഗാന്ധിജിയുടെ ഛായാചിത്രത്തിന് നേരെ വെടിയുതിര്‍ത്തതിനെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു എന്നും തോമസ് പറയുന്നു. ഏത് ആഭ്യന്തര മന്ത്രിയാണ് ഇത് ചെയ്തതെന്ന് തോമസ് പറയുന്നില്ല. ആര്‍എസ്എസ് വിരോധം മൂലം തോമസിന് വിഭ്രാന്തി ഉണ്ടായിട്ടുണ്ടാവണം അല്ലെങ്കില്‍ ഇത്തരത്തിലുള്ള കളവുകള്‍ പടച്ചുവിടുക സാധ്യമല്ല.
വീണ്ടും പറയുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് ഹെഡ്ഗേവാര്‍ ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഭവിച്ചു എന്നത് സമ്മതിക്കുന്നു. എന്നാല്‍ ഈ സമരം കോണ്‍ഗ്രസ്സ് നേതൃത്വത്തിലാണ് നടന്നത് എന്നത് ഓര്‍ക്കണം. ഉപ്പു സത്യഗ്രഹത്തില്‍ ആര്‍എസ്എസ് പങ്കെടുത്തില്ല എന്നു പറയുന്ന തോമസ് അതില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പങ്കെടുത്തിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. 1925 ലാണ് ആര്‍എസ്എസ് തുടങ്ങിയത്. തുടക്കത്തില്‍ കുറെ കിശോര പ്രായക്കാരും ആയിരുന്നു ആര്‍എസ്എസില്‍ ഉള്ളത്. മുതിര്‍ന്നവരുടെ എണ്ണം വളരെ കുറവും. 1930 ല്‍ സ്വാഭാവികമായും സംഘത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ എണ്ണം കുറവായിരുന്നു. അതുകൊണ്ടു കൂടിയാണ് സംഘചാലകന്മാരില്‍നിന്ന് അനുവാദം വാങ്ങിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നത് വിലക്കണം എന്നുണ്ടായിരുന്നെങ്കില്‍ അത് അദ്ദേഹം വ്യക്തമാക്കുമായിരുന്നു.
1930 ലെ ഉപ്പുസത്യഗ്രഹത്തില്‍ ഡോക്ടര്‍ജി അടക്കം നൂറുകണക്കിന് സ്വയംസേവകര്‍ അറസ്റ്റു വരിച്ചു. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനത്തെ ബ്രിട്ടീഷുകാര്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. 1932 ല്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്കി. അന്നിറക്കിയ സര്‍ക്കുലറില്‍ ”സര്‍ക്കാരിന്റെ ജോലിയുള്ള ഒരാളും ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയോ അംഗമാകുകയോ ചെയ്യാവുന്നതല്ല” എന്ന വിലക്കുണ്ടായിരുന്നു.
ഒളിത്താവളങ്ങള്‍ ഒരുക്കിയതും ആര്‍എസ്എസ്
1942 ലെ ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പൗരന്മാരെന്ന നിലയില്‍ പങ്കെടുക്കുവാന്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ സംഘപ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കി. അന്ന് ചിമൂറില്‍ നടന്ന സമരത്തില്‍ ബാപ്പുജി റായ് റൂര്‍ക്കര്‍ എന്ന സ്വയംസേവകന്‍ പോലീസു വെടിവയ്‌പ്പില്‍ മരിക്കുകയും ചെയ്തു. ചിമൂര്‍ സമരത്തില്‍ ആയിരക്കണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു. സമരത്തിന് നേതൃത്വം നല്‍കിയ ദാദാ നായിക്കെന്ന സ്വയംസേവകനെ വധശിക്ഷയ്‌ക്ക് വിധിച്ചു. സിന്ധില്‍ ഹെമുകലായി എന്ന സ്വയംസേവകനെ പട്ടാളം അറസ്റ്റ് ചെയ്തു കോര്‍ട്ടുമാര്‍ഷലിന് വിധേയനാക്കുകയും വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. 1942 ആഗസ്റ്റ് 11ന് പാറ്റ്നയിലെ സെക്രട്ടറിയേറ്റിനു മുന്നില്‍ മൂവര്‍ണ പതാക ഉയര്‍ത്തിയ ആറ് പേര്‍ പോലീസ് വെടിവെപ്പില്‍ മരിച്ചു. അതില്‍ രണ്ടു പേര്‍-ദേവി പ്രസാദ് ചതുരായ, ജഗത്പതി കുമാറും സ്വയംസേവകരായിരുന്നു.
1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പ്രധാന നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയതും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. ദല്‍ഹി സംഘചാലകായിരുന്ന ലാലാ ഹന്‍സ്രാജ് ഗുപ്തയുടെ വീട്ടിലാണ് അരുണ അസഫലി ഒളിവില്‍ താമസിച്ചത്. 1967 ല്‍ ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി പത്രത്തില്‍ അരുണാ അസഫലി ഇക്കാര്യം പറയുന്നുണ്ട്. പ്രശസ്ത സോഷ്യലിസ്റ്റ് നേതാവായ അച്യുത് പട്വര്‍ത്ത് സ്വയംസേവകരുടെ വീട്ടില്‍ പലതവണ ഒളിവില്‍ താമസിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ സംഘത്തിന്റെ വിമര്‍ശകനായിരുന്ന സാനെ ഗുരുജി പൂനെ സംഘചാലകിന്റെ വീട്ടില്‍ താമസിച്ചിരുന്നു. വസന്ത്ദാദാ പാട്ടീലിന് ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും സ്വയംസേവകരായിരുന്നു.
ഇത്തരത്തില്‍ അനേകം സംഭവങ്ങള്‍ എടുത്തു കാണിക്കാന്‍ സാധിക്കും. അന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയും ലക്ഷ്യവും അതിന്റെ നേതാവായ ഗുരുജി ഗോള്‍വല്‍ക്കറിന്റെ നീക്കങ്ങളുമെല്ലാം ഉള്‍പ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു. 1943 നവംബര്‍ 30 ലെ സിഐഡി റിപ്പോര്‍ട്ടില്‍ ഗോള്‍വല്‍ക്കര്‍, മധ്യപ്രദേശിലെ പരിശീലന ശിബിരത്തില്‍ പങ്കെടുത്ത് പട്ടാളക്കാരെപ്പോലെ പരിശീലനം നേടേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞതായി ഇതില്‍ പറയുന്നു. അദ്ദേഹം പറഞ്ഞു: ”വൈദേശികരും നമ്മളും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈദേശികരെ ഈ മണ്ണില്‍നിന്ന് തൂത്തെറിയാന്‍ നമുക്ക് സാധിക്കണം.” 1943 ലെ റിപ്പോര്‍ട്ട് ഇപ്രകാരം പറയുന്നു. ആര്‍എസ്എസിന്റെ ആത്യന്തിക ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്ന് ഓടിച്ച് സ്വാതന്ത്ര്യം നേടണം എന്നതാണ്.
തോമസ് മനസ്സിലാക്കേണ്ട കാര്യം ആര്‍എസ്എസിന്റെ ദേശസ്നേഹം, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയ്‌ക്ക് ധാരാളം തെളിവുകളുണ്ട്. ശരിയാണ്.ആര്‍എസ്എസ് പ്രചരണത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അക്കാലത്തുണ്ടായിരുന്ന മാധ്യമങ്ങള്‍, ജീവിച്ചിരുന്ന വ്യക്തികള്‍ എന്നിവര്‍ രേഖപ്പെടുത്തിയ തെളിവുകള്‍ ആര്‍എസ്എസിന് അനുകൂലമായുണ്ട്. അതിനെ കള്ളപ്രചരണം കൊണ്ട് ഇല്ലാതാക്കാനാവില്ല. ആത്മകഥയെഴുതിയിട്ടില്ലാത്ത ഹെഡ്ഗേവാറിന്റെ ആത്മകഥയില്‍നിന്ന് ഉദ്ധരിക്കുക, ഗാന്ധിജി മരിച്ച് ഒന്‍പത് മാസങ്ങള്‍ക്കുശേഷം അദ്ദേഹം ആര്‍എസ്എസിനെ വിമര്‍ശിച്ചു എന്നു പറയുക തുടങ്ങിയവ മാന്യതയുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല.
എന്തായാലും ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ ഉജ്ജ്വലമായ ചരിത്രം ഇന്ന് ലഭ്യമാണ്. എന്നാല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷ് ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും നേതാജി അടക്കമുള്ള ദേശീയ നേതാക്കന്മാരെ അവഹേളിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് ചരിത്രം ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: