കാസര്‍കോട്: സിപിഎമ്മിന്റെ ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന കാസര്‍കോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലം നിലനിര്‍ത്താനാകുമോ എന്നതില്‍ സിപിഎമ്മിന് ആശങ്ക. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകവും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന കെ. കുഞ്ഞിരാമന് എംഎല്‍എയുടെ ഭീഷണിയും കേരളമാകെ ചര്‍ച്ച ചെയ്തതാണ് സിപിഎമ്മിന്റെ ആശങ്കയ്ക്കുള്ള കാരണം.
കാസര്‍കോട് നഗരസഭ, ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂര്‍ പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ഉദുമ നിയമസഭാമണ്ഡലം. മണ്ഡലം രൂപീകരിച്ച 1977 മുതല്‍ 2016 വരെ ഒരു തവണ മാത്രമാണ് സിപിഎമ്മിന് മണ്ഡലം നഷ്ടമായത്. 1987ല്‍ യുഡിഎഫിലെ കെ.പി. കുഞ്ഞിക്കണ്ണന് വിജയിച്ചു. 2011ലും 2016ലും കെ. കുഞ്ഞിരാമനാണ് ഇവിടെ നിന്നു നിയമസഭയിലെത്തിയത്.
2019 ഫെബ്രുവരി 17നാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസുകാരായ ശരത്ലാലിനെയും കൃപേഷിനെയും സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുന്നത്. സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നിരവധി തവണ ശ്രമം നടന്നു. കൊല നടന്ന് ഒരു വര്‍ഷവും പത്തു മാസവും പിന്നിട്ടപ്പോള്‍ കേസ് ക്രൈംബ്രാഞ്ചില്‍ നിന്ന് സിബിഐ ഏറ്റെടുത്തു. കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഇത്.
കൊലപാതകത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് 2019 ലെ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു. അന്ന് ഉദുമ മണ്ഡലത്തില്‍ സിപിഎം കനത്ത തിരിച്ചടി നേരിട്ടു. രാജ്മോഹന്‍ ഉണ്ണിത്താന് അന്ന് ഉദുമയില്‍ 8937 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പെരിയ പഞ്ചായത്ത് സിപിഎമ്മിനെ കൈവിട്ടു. 17 സീറ്റുകളുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഒമ്പത് സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം പിടിച്ചു. ഏഴ് സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ശരത്ലാല്, കൃപേഷ് എന്നിവരുടെ വാര്‍ഡായ കല്യോട്ടും യുഡിഎഫാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കെ. കുഞ്ഞിരാമന് എംഎല്‍എ പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം പുറത്തായത്. തോല്‍വിക്കു പിന്നാലെ എംഎല്‍എയുടെ ഭീഷണിയും സിപിഎമ്മിന് ക്ഷീണമുണ്ടാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമായിരുന്നു ഉദുമയില്‍. സിപിഎമ്മില്‍ നിന്ന് കെ. കുഞ്ഞിരാമന്, യുഡിഎഫില്‍ നിന്ന് കെ. സുധാകരന്, ബിജെപിയില്‍ നിന്ന് ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് എന്നിവരായിരുന്നു മത്സരിച്ചത്. 3832 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞിരാമന് വിജയിച്ചത്.
ഇത്തവണ ഉദുമ മണ്ഡലത്തില്‍ കെ. കുഞ്ഞിരാമനു നറുക്കുവീഴാനുള്ള സാധ്യത കുറവാണ്. സി.എച്ച്. കുഞ്ഞമ്പു, പത്മാവതി, വി. രമേശന് തുടങ്ങിയവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. എന്നാല്‍, സംസ്ഥാന നേതാക്കളില്‍ ആരെയെങ്കിലും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. പെരിയ ഇരട്ടകൊലപാതകത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തേല്‍വി നേരിടേണ്ടി വന്ന സിപിഎമ്മിന് ഇത്തവണ മണ്ഡലത്തില്‍ കാലിടറാനുള്ള സാധ്യതയാണുള്ളത്. ഹക്കീം കുന്നിലായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: