Categories: Seva Bharathi

പഠനത്തോടൊപ്പം കൃഷിയും: ലോക്ഡൗണ്‍ കൃഷിയില്‍ നൂറുമേനി വിളവെടുത്ത് പ്രഗതി ബാലഭവനിലെ കുരുന്നുകള്‍

പ്രഗതി ബാലഭവനിലെ കുട്ടികള്‍ ഏറെ ശ്രദ്ധയോടെയാണ് കദളി വാഴ കൃഷി ചെയ്തത്. പരിപാലനവും ശുദ്ധിയോടെയാണ് പൂര്‍ത്തിയാക്കിയത്.

Published by

കോതമംഗലം:ലോക്ഡൗണ്‍ കാലത്ത് കൃഷിചെയ്ത കദളിവാഴകളില്‍നിന്നും വിളവെടുത്ത് പ്രഗതി ബാലഭവനിലെ കുരുന്നുകള്‍. പഠനത്തോടൊപ്പം കൃഷി പരിശീലനം എന്ന ആശയമുള്‍കൊണ്ടാണ് ബാലഭവനിലെ മിടുക്കന്‍മാര്‍ അപൂര്‍വമായി കണ്ടുവരുന്ന കദളി വാഴ കൃഷി ചെയ്തത്. ഏറെ പ്രത്യേകതകളുള്ളതാണ് കദളി വാഴ കൃഷി.മഹാവിഷ്ണു ക്ഷേത്രങ്ങളില്‍  നേദ്യത്തിന് ഉപയോഗിക്കുന്നത് കദളി വാഴപ്പഴമാണ്.  

ദൈവീക സാന്നിധ്യം ഏറെയുള്ളത് എന്ന് കരുതുന്ന കദളിവാഴയ്‌ക്ക് ശുദ്ധിയും വൃത്തിക്കും വലിയ പ്രധാന്യമാണ് ഉള്ളത്. ഇവ കൃഷി ചെയ്യുമ്പോള്‍ അശുദ്ധമായ വളങ്ങള്‍ പോലും പ്രയോഗിക്കരുതെന്നാണ് കര്‍ഷകര്‍ വിശ്വസിക്കുന്നത്.ശുദ്ധിയില്ലാത്ത സ്ഥലങ്ങളില്‍  ഇവ വളരില്ലെന്നാണ് വിശ്വാസം.

പ്രഗതി ബാലഭവനിലെ കുട്ടികള്‍ ഏറെ ശ്രദ്ധയോടെയാണ് കദളി വാഴ കൃഷി ചെയ്തത്. പരിപാലനവും ശുദ്ധിയോടെയാണ് പൂര്‍ത്തിയാക്കിയത്. ബാലഭവനിലെ ചിട്ടയായ ജീവിതം കുട്ടികള്‍ക്ക് പവിത്രമായ  കദളി വാഴ കൃഷിയിലും തുണയായി. വലിയ പരിശ്രമങ്ങളുടെ ഒടുവിലാണ്  മികച്ച വാഴക്കുലകള്‍ ലഭിച്ചത്. ഇവര്‍ക്ക് പൂര്‍ണ പിന്തുണയുമായി ബാലഭവന്‍ പ്രവര്‍ത്തകയും അമ്മയുമായ ദാക്ഷായണിയമ്മയും ഉണ്ടായിരുന്നു. കോതമംഗലത്തെ സേവാഭാരതി പ്രവര്‍ത്തകരുടെ  നിയന്ത്രണത്തിലുള്ള സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള തൃക്കാരിയൂര്‍ പ്രഗതി ബാലഭവന്‍ നിരാലംഭരായ നിരവധി കുട്ടികള്‍ക്ക് ആശ്രയമാണ്.

രാജ്യത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ അനേകം ജന സേവന കേന്ദ്രങ്ങളില്‍ ഒന്നാണ് പ്രഗതി ബാലഭവനും.കടുത്ത കൊറോണ നിയന്ത്രണ ചട്ടങ്ങളെ തുടര്‍ന്ന് പുറത്തുനിന്നുള്ളവര്‍ക്ക്  പ്രവേശനം നിര്‍ത്തിവച്ചതോടെ ബാലഭവനിലേക്കുള്ള സംഭാവനകളും നിലച്ചിരുന്നു. മഹാമാരിക്കെതിരായുള്ള വാക്സിന്‍ ഇന്ത്യയിലും നിലവില്‍ വന്നതോടെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സേവാകിരണ്‍- സേവാഭാരതി പ്രവര്‍ത്തകര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts