എസ്.ബി. പണിക്കര്‍
‘സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍
ന ബ്രൂയാല്‍ സത്യമപ്രിയം
പ്രിയം ച നാനൃതം ബ്രൂയാല്‍
ഏഷ ധര്‍മ സനാതനം’
സത്യം പറയണം. അതു പ്രിയമായി പറയണം. അപ്രിയമായ സത്യം പറയരുത്. ഇഷ്ടപ്പെടും എന്നു കരുതി അസത്യം പറയുകയുമരുത്. സത്യമായതെല്ലാം വിളിച്ചു പറയണം. സത്യമായതെല്ലാം വിളിച്ചു പറയണം എന്നല്ല ഉദ്ദേശിക്കുന്നത്. പറയുമ്പോള്‍ സത്യമായിരിക്കണം എന്നു മാത്രം. ബൃഹദാരണ്യകോപനിഷത്ത് പറയുന്നതിനനുസരിച്ച് സത്യവും ധര്‍മവും തമ്മില്‍ ഭേദമില്ല. ധര്‍മം സത്യം തന്നെയായതിനാല്‍ സത്യനിഷ്ഠനെ ധര്‍മനിഷ്ഠനെന്നും പറയുന്നു. ധര്‍മവാദിയെ സത്യവാദിയെന്നും പറയുന്നു. ‘യതോ ധര്‍മസ്തതോ ജയ’ എന്ന വാക്യം സുപ്രീം കോടതിയുടെ മുദ്രാവാക്യമാണ്.
അഹിംസയും സത്യഭാഷണവുമാണ് എല്ലാ ജീവികള്‍ക്കും ഏറ്റവും ഹിതമായിട്ടുള്ളതെന്നും അഹിംസ പരമമായ ധര്‍മമാണെന്നും അഹിംസ സത്യത്തില്‍ പ്രതിഷ്ഠിതമാണെന്നും, മഹാഭാരതം വനപര്‍വത്തില്‍ മാര്‍ക്കണ്ഡേയമുനി ധര്‍മപുത്രരെ ഉപദേശിക്കുന്നു.
പിതാവിന്റെ സത്യപരിപാലനത്തിനു വേണ്ടി ശ്രീരാമന്‍ വനവാസത്തിനു പോയത് ഏറെ പ്രസിദ്ധമായ കഥയാണല്ലോ?
അര്‍ധസത്യത്തിന് അസത്യത്തിനേക്കാള്‍ മൂര്‍ച്ചകൂടും. ഗുരുവായ ദ്രോണരെ വധിക്കുന്നത് മകന്‍ അശ്വത്ഥാമാവ് കൊല്ലപ്പെട്ടുവെന്ന അര്‍ധസത്യം യുധിഷ്ഠിരനെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടാണല്ലോ. (അശ്വത്ഥാമാ ഹതഃ ന നര കുഞ്ജരഃ).
ഒരുവനെ രക്ഷിക്കാന്‍ ചിലപ്പോള്‍ അസത്യം പറയേണ്ടി വരാം. അപ്പോളതു ധര്‍മമായി മാറും. നമ്മുടെ മുന്നിലൂടെ ഒരുവന്‍ പേടിച്ചോടുന്നു. ഏതാനും നിമിഷം കഴിയുമ്പോള്‍ നീട്ടിപ്പിടിച്ച കത്തിയുമായി മറ്റൊരുവന്‍ വരുന്നു. സന്ദര്‍ഭം കൊണ്ട് ഇവന്‍ ഓടിപ്പോയവനെ അന്വേഷിച്ചു നടക്കുകയാണെന്നു മനസ്സിലാകുന്നു. ‘ഒരുവന്‍ ഇതിലെ ഓടുന്നത് കണ്ടോ’ എന്ന് ‘കത്തിക്കാരന്‍’ ചോദിച്ചാല്‍ ‘കണ്ടില്ല’ എന്നു നാം പറയും. അത് അവന്റെ ജീവന്‍ രക്ഷിക്കാനാണ്.
‘സത്യമേവ ജയതേ, നാനൃതം’ എന്ന് മുണ്ഡകോപനിഷത്ത് പ്രഖ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക