അണുവിനെ ചെറുക്കാന്‍ എന്തുചെയ്യും? പ്രതിരോധശക്തി കൂട്ടണം. അതിന് പറ്റിയ മാര്‍ഗമാണ് തേന്‍ എന്ന് വൈദ്യ വിദഗ്ധര്‍. പൂമ്പൊടിയും പൂന്തേനും നുകര്‍ന്ന് തേനീച്ചകള്‍ രൂപപ്പെടുത്തിയ അമൃതാണ് തേന്‍. നാവിന് മധുരവും ശരീരത്തിന് കരുത്തും നല്‍കുന്നതിന് തേന്‍ കഴിഞ്ഞ് മറ്റൊന്നില്ലതന്നെ.
കൊറോണക്കാലമാണ്. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനായി നാം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടുന്നു. അവിടെ അലമാരകളില്‍ നിറയെ തേനുണ്ട്. പല രൂപത്തിലും അലങ്കാരത്തിലുമുള്ള ആകര്‍ഷകമായ തേന്‍കുപ്പികള്‍. മര്യാദവില. അങ്ങനെ നാം തേന്‍ കുടിക്കാന്‍ തുടങ്ങുന്നു. പ്രതിരോധശക്തി കനത്തുവെന്ന് വിശ്വസിക്കുന്നു.
പക്ഷേ സൂപ്പര്‍മാര്‍ക്കറ്റിലെ ഈ തേന്‍ നമുക്ക് നല്‍കുന്നത് പ്രതിരോധമല്ല; രോഗമാണെന്ന് ഗവേഷകര്‍. അതൊന്നും പാവം തേനീച്ച മനസാ വാചാ അറിയാതെ ആരോ ഉണ്ടാക്കുന്നതാണത്രേ. മിക്ക കുപ്പികളിലും പകുതിയിലേറെ വെറും പഞ്ചസാരക്കുഴമ്പ്. നേരം വെളുത്ത് പഞ്ചസാര കുഴമ്പ് അകത്താക്കിത്തുടങ്ങിയാല് കിട്ടുക പ്രതിരോധശേഷിയല്ല, മറിച്ച് പൊണ്ണത്തടിയും കൊളസ്ട്രോളും പ്രമേഹവുമൊക്കെ. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഇക്കാര്യം നമ്മോട് പറയുന്നതിങ്ങനെ- പൊണ്ണത്തടിയന്മാര്ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെയാണ്. ശരീരത്തിലെ അധികരിച്ച കൊഴുപ്പും തന്മൂലമുണ്ടാകുന്ന തടിയും പ്രതിരോധശക്തി ദുര്‍ബലമാക്കുന്നു; കോവിഡിനെ ക്ഷണിച്ചുവരുത്തുന്നു.
ഇവിടെ ഒരു ചോദ്യം നിങ്ങള്‍ ചോദിച്ചേക്കാം. ഈ തേനീച്ചകള്‍ക്ക് എന്തുപറ്റി? പക്ഷേ കുഴപ്പം തേനീച്ചകളുടേതല്ല. മനുഷ്യരുടെ ആര്‍ത്തിയാണ്. ദല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് ഈയിടെ നടത്തിയ ഒരു പരിശോധനയാണ് മായം കിനിയുന്ന തേന്‍തുള്ളികളെ ജനമധ്യത്തില്‍ തുറന്നുകാട്ടിയത്. കോവിഡ് കാലത്ത് തേനിന് വന്‍ ഡിമാന്റാണ്. പക്ഷേ തേനീച്ച കര്‍ഷകര്‍ പട്ടിണിയിലും. അഞ്ചുവര്‍ഷം മുന്‍പ് തേനിന് കിട്ടിയിരുന്ന വിലയുടെ പകുതിപോലും ഇന്നവര്‍ക്ക് കിട്ടുന്നില്ല. മനം മടുത്ത് ഒരുപാട് കര്‍ഷകര്‍ തേനീച്ച വളര്‍ത്തല്‍ ഉപേക്ഷിച്ചു. എങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകൡലെല്ലാം നിറയെ തേനാണ്. അതിന്റെ രഹസ്യം കണ്ടെത്താനാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് മുന്നിട്ടിറങ്ങിയത്. വിപണിയില്‍ കിട്ടുന്ന പ്രമുഖ ബ്രാന്‍ഡ് തേന്‍ മുഴുവന്‍ അവര്‍ സംഭരിച്ചു. ഇന്ത്യയിലെ അംഗീകൃത ലബോട്ടറികൡലും വിദേശത്തെ അത്യാധുനിക ലബോറട്ടറികളിലും പരിശോധിച്ചു. ഫലം ഇങ്ങനെയായിരുന്നു- പരിശോധന നടത്തിയ 13 മുഖ്യ തേന്‍ ബ്രാന്റുകളില്‍ പത്തിലും നിറഞ്ഞുനില്ക്കുന്നത് തേനല്ല. സാക്ഷാല്‍ പഞ്ചസാരക്കുഴമ്പ്.
തേനിലും പഞ്ചസാരയിലുമുണ്ട് മധുരം. പക്ഷേ പഞ്ചസാര ആരോഗ്യത്തിന് അപകടകാരിയാണ്. ആവശ്യമില്ലാത്തത്ര കലോറി ഊര്‍ജം അത് ഉല്പാദിപ്പിക്കും. അത് പൊണ്ണത്തടിയിലേക്കും പ്രമേഹത്തിലേക്കും മറ്റനേകം രോഗങ്ങളിലേക്കും നയിക്കും. പക്ഷേ പ്രകൃതിയില്‍നിന്ന് തേനീച്ചകള്‍ പാകം ചെയ്തെടുക്കുന്ന തേന്‍ ആവട്ടെ അക്ഷയമായ ഊര്‍ജത്തിന്റെ ഖനിയാണ്. എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, ഫഌവനോയിഡുകള്, മിനറലുകള്‍, മറ്റ് ഫൈറ്റോകെമിക്കലുകള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് തേനിന് കരുത്തു പകരുന്നത്. ഹൃദയരോഗങ്ങള്‍ക്ക് ആശ്വാസമേകാനുംകുടലിന്റെ ആരോഗ്യം നിലനിര്‍ത്താനുമൊക്കെയുള്ള ശക്തി അവയാണ് തേനിന് പകര്ന്നുനല്കുന്നത്. അണുക്കളെ ചെറുക്കാനുള്ള ശേഷി (ആന്റി മൈക്രോബിയല്‍), നീര് ഇല്ലാതാക്കാനുള്ള ശേഷി (ആന്റി ഇന്‍ഫഌമേറ്ററി), അപകടകാരികളായ ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള ശേഷി (ആന്റി ഓക്സിഡന്റ്) ഇതൊക്കെ തേനിന് മാത്രം സ്വന്തം.
അതുകൊണ്ടുതന്നെയാണ് ലാഭക്കൊതിയന്മാരായ കമ്പനികള്‍ തേനില്‍ ചേര്‍ക്കുന്ന പഞ്ചസാരക്കുഴമ്പ് (ഷുഗര്‍ സിറപ്പ്) മൊത്തമായും ചില്ലറയായും വില്ക്കാനിറങ്ങിയത്. അവര്‍ക്കതിന് കമ്പനികളുണ്ട്. വെബ്സൈറ്റുണ്ട്. കര്‍ക്കശമായ പരിശോധനകളിലും കണ്ടെത്താന്‍ കഴിയാത്തതാണ് തങ്ങളടെ ഉല്‍പ്പന്നമെന്ന വാഗ്ദാനവുമുണ്ട്. ഇത്തരം സിറപ്പുകള്‍ വരുന്ന പ്രധാന വഴി ചൈനയാണെന്നും സെന്റര്‍ േഫാര്‍ സയന്‍സ് പറയുന്നു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫിസായ്)യുടെ കര്‍ക്കശ പരിശോധന പോലും അവ മറികടക്കുമത്രേ. അതുകൊണ്ട് ഇന്ത്യയിലും തുടര്‍ന്ന് ജര്‍മ്മനിയിലും സെന്റര്‍ തേന്‍ പരിശോധന നടത്തി. സി-3, സി-4 എന്നീ പഞ്ചസാരകളുടെ സാന്നിധ്യം, ഫോറിന് ഒളിഗോ സാക്കറൈഡുകള്‍, സ്പെസിഫിക് റൈസ്മാര്ക്കര്, ട്രേഡ് മാര്‍ക്കര്‍ ടെസ്റ്റ് ഫോര്‍ റൈസ് ഇങ്ങനെ നിരവധി ടെസ്റ്റുകള്‍. ഒടുവില്‍ അത്യാധുനിക സങ്കേതമായ ന്യൂക്ലിയര്‍ മാഗ്നറ്റിക് റസൊണന്‍സ് സ്പെക്ട്രോസ്കോപ്പ് പരീക്ഷണം. പ്രധാന 13 ബ്രാന്റുകളില്‍ ഈ ടെസ്റ്റുകളെല്ലാം വിജയകരമായി നേരിട്ട് അഗ്നിശുദ്ധി വരുത്തിയത് മൂന്നേ മൂന്ന് തേന്‍കുപ്പികള്‍ മാത്രം- സഫോള ഹണി, മാര്‍ക്ക്ഫെഡ് സോഹ്ന, നേച്ചേഴ്സ് നെക്ടാര്‍. ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. അധികാരികള്‍ അടിയന്തരമായി ഉണര്ന്നെണീക്കാത്തപക്ഷം നാട്ടാരുടെ ആരോഗ്യം അപകടത്തിലാവും. മറ്റൊരുപകടം കൂടിയുണ്ട്. തേനീച്ച വളര്‍ത്തലുകാരുടെ എണ്ണം കുറയുന്നതിനനുസരിച്ച് തേനീച്ചകളും ഇല്ലാതാവുന്ന അവസ്ഥ. തേനീച്ചകളുടെ അഭാവം പരാഗണത്തെ ബാധിക്കും. പരാഗണത്തിലെ കുറവ് ഭക്ഷ്യധാന്യ ഉല്പാദനത്തെയും.
വാല്‍ക്കഷണം: ക്രിസ്മസ് കഴിഞ്ഞതോടെ ലണ്ടന്‍ നഗരത്തില്‍ ക്രിസ്മസ് മരങ്ങള്‍ മടക്കയാത്ര തുടങ്ങി. വാടക വാങ്ങി, മരത്തിന്റെ ഉടമകള്‍ മടക്കിക്കൊണ്ടുപോകുന്നതാണവ. ഓരോ വര്‍ഷവും ഇംഗ്ലണ്ടില്‍ 80 ലക്ഷം ക്രിസ്മസ് ട്രീകള്‍ ആവശ്യമുണ്ടെന്നാണ് കണക്ക്. ക്രിസ്മസ് കഴിഞ്ഞാല്‍ അവയൊക്കെ കുപ്പത്തൊട്ടിയിലെത്തും. ചീഞ്ഞുണങ്ങി ഗ്രീന്‍ഹൗസ് വാതകമായ മീതേന്‍ അന്തരീക്ഷത്തിലേക്ക് അഴിച്ചുവിടും. കൃത്രിമ മരങ്ങള്‍ അതിലും അപകടകരം. അവ കാര്‍ബണ്‍ പാദമുദ്ര വര്‍ധിപ്പിക്കും. അതുകൊണ്ടാണ് കുറെ ഇംഗ്ലീഷുകാര്‍ ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചത്. വലിയ ചട്ടികളില്‍ വളര്‍ത്തുന്ന ക്രിസ്മസ് മരങ്ങള്‍ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുക. ക്രിസ്മസ് കഴിയുമ്പോള്‍ അവരത് തിരികെ കൊണ്ടുപോകും. വളമിട്ട്, വെള്ളമൊഴിച്ച് വെട്ടിയൊതുക്കി പരിപാലിക്കും. അങ്ങിനെ ഏഴ് വര്‍ഷം വരെ അവയെ വാടകയ്ക്ക് കൊടുക്കുമത്രേ. ഒടുവില്‍ എവിടെയെങ്കിലും നട്ട് വളര്‍ത്തും. പ്രകൃതിയെ സ്നേഹിക്കാനുള്ള ഈ പുതുവഴി നമുക്കും അനുകരിച്ചുകൂടേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: