Categories: Kerala

കോവിഡിനിടെ ചീഫ് സെക്രട്ടറിക്ക് ചായസത്ക്കാരത്തിന് ചെലവായത് മൂന്ന് ലക്ഷം; തുക അനുവദിച്ച് പൊതുഭരണ വകുപ്പ്

ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം പൊതുഭരണവകുപ്പ് തുക അനുവദിച്ചു

Published by

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ചായസത്ക്കാരത്തിന്(ലൈറ്റ് റീഫ്രഷ്‌മെന്റ്) ചെലവായത് മൂന്ന് ലക്ഷത്തിലധികം രൂപ. ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം പൊതുഭരണവകുപ്പ് തുക അനുവദിച്ചു. നേരിട്ടുള്ള യോഗങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഇത്രയും തുക ചായസത്ക്കാരത്തിന് വേണ്ടിവന്നത്. 

യോഗങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കണമെന്നും നേരിട്ടുള്ളവ ഒഴിവാക്കണമെന്നും നിര്‍ദേശിച്ച് കോവിഡിന്റെ തുടക്കത്തില്‍ ഉത്തരവിറക്കിയതും ചീഫ് സെക്രട്ടറി തന്നെ. 2020 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലെ ചായസത്ക്കാരത്തിനായി 3,01,099 രൂപ ബില്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇതു സംബന്ധിച്ച ഫയല്‍ പൊതുഭരണ വകുപ്പിലേക്ക് അയച്ചത്. 

സെപ്റ്റംബറില്‍ 1,50,529 രൂപയും ഒക്ടോബര്‍ മാസത്തില്‍ 1,50,570 രൂപയും ചെലവായി. ചീഫ് സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും ‘ലൈറ്റ് റീഫ്രഷ്‌മെന്റ്’ ചെലവ് എന്നാണ് ഫയലിലുള്ളത്. തുടര്‍ന്നാണ് തുക അനുവദിച്ച് പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി ജി ഹരിപ്രിയ ഉത്തരവിറക്കിയത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക