ഇന്ത്യയിലെ കര്‍ഷകര്‍, പ്രധാനമായും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദല്‍ഹിയില്‍ നിലയുറപ്പിച്ചിരിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ അരാജകത്വത്തിന്റെ പാചകക്കൂട്ടാണ് അവര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
അവര്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള റെയില്‍ സര്‍വീസ് തടസ്സപ്പെടുത്തി. നൂറ് കണക്കിന് ട്രാക്ടറുകള്‍ നിരത്തിയാണ് ഇതെല്ലാം തടഞ്ഞിരിക്കുന്നത്. ജനങ്ങളെ പ്രതിഷേധത്തിനായി തലസ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യുന്നു. ആള്‍ക്കൂട്ട പ്രതിഷേധത്തിലൂടെ പ്രശ്‌ന പരിഹാരത്തിനായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തുറന്നുവിട്ട ഭൂതമിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കപ്പെട്ട കര്‍ഷകരുടെ മരണത്തിന് ഇടയാക്കുകയുമാണ്.
ഇതിന്റെയെല്ലാം അനന്തരഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയില്‍ എല്ലായിടത്തും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നതിന് അനുമതി നല്‍കുന്ന നിയമത്തിന് എതിരെയാണ് ഈ പ്രതിഷേധം എന്നതാണ് ഏറെ വിചിത്രം. സ്വമേധയാ കരാര്‍ അടിസ്ഥാനത്തിലുള്ള കൃഷിയില്‍ ഏര്‍പ്പെടുന്നതിനും ഉത്പന്നങ്ങള്‍ പാഴാകാതെ, വ്യാപാരികള്‍ക്ക് പരിധിയില്ലാതെ വിളകള്‍ സംഭരിക്കുന്നതിനും, മിച്ചം വരുന്നവ കയറ്റുമതി ചെയ്യുന്നതിനും വില സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമത്തിനെതിരെയാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. താങ്ങ് വില എടുത്തുകളയുകയോ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി വേണ്ടെന്ന് വയ്‌ക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, പുതിയ കാര്‍ഷിക നയം പിന്‍വലിക്കുകയും താങ്ങുവിലയ്‌ക്ക് നിയമം വഴി സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യാതെ ഇടനിലക്കാരും എപിഎംസിയെ നിയന്ത്രിക്കുന്നവരും സമരത്തില്‍ നിന്ന് പിന്മാറില്ല എന്നാണ് പറയുന്നത്.
കാര്‍ഷികനിയമത്തില്‍ ന്യൂനതകള്‍ കണ്ടേക്കാം. ഇക്കാര്യത്തില്‍ മനസ്സുതുറന്നുള്ള കൂടിയാലോചനകളും ചര്‍ച്ചകളുമാണ് ആവശ്യം. അന്ത്യശാസനം പുറപ്പെടുവിക്കുന്നത് ഒരുതരത്തിലും ഗുണം ചെയ്യില്ല. ഈ നിയമം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് പ്രക്ഷോഭകര്‍ക്ക് കോടതികളെ സമീപിക്കാം. അതല്ലെങ്കില്‍ ഈ നിയമം റദ്ദാക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് വരെ കാത്തിരിക്കാം. ഈ മാര്‍ഗ്ഗം അല്ല അവര്‍ തെരഞ്ഞെടുത്തത്. പ്രക്ഷോഭകര്‍ പൊതു ഉത്തരവുകളെ മാനിക്കുകയോ, നിയമത്തിലോ ഭരണഘടനയിലോ കോടതി നടപടിക്രമങ്ങളില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം കാരണം 3,500 കോടി രൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ മനസ്സിലാക്കുന്നില്ല. സൈന്യത്തിനാവശ്യമായ ധാന്യങ്ങള്‍, പഴങ്ങള്‍, അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതില്‍ പലവിധ തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. എന്നുമാത്രമല്ല, കൊറോണ വൈറസ്, ചൈനീസ് പ്രകോപനം എന്നീ രണ്ട് ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരപ്പെടുത്തേണ്ടതും ആവശ്യമാണ്. കോടതികള്‍ പ്രതിഷേധം വിലക്കുകയോ, പ്രതിഷേധക്കാരെ ബല പ്രയോഗത്താല്‍ നീക്കം ചെയ്യാന്‍ ജനാധിപത്യവാദിയായ പ്രധാനമന്ത്രി ശ്രമിക്കുകയോ ഇല്ല എന്നതാണ് മറ്റൊരു വിരോധാഭാസം.
പ്രതിഷേധക്കാരുടെ നേതാക്കള്‍ ധനികരും രാഷ്‌ട്രീയക്കാരുടെയിടയില്‍ വന്‍ സ്വാധീനമുള്ളവരുമാണ്. പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ഇക്കാര്യം മനസ്സിലാകും. പ്രതിഷേധക്കാര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം, ആവശ്യമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പാചകശാല, തണുപ്പിനെ അതിജീവിക്കുന്നതിനുള്ള വസ്ത്രങ്ങള്‍, മസാജ് ചെയറുകള്‍, ഹെല്‍ത്തി ഫുഡ് തുടങ്ങിയവയെല്ലാം സജ്ജമാക്കിക്കൊണ്ടാണ് പ്രതിഷേധക്കാരെ കൂടെ നിര്‍ത്തിയിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ, കര്‍ഷക സംഘടനാ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നക്‌സലുകള്‍, മുസ്ലിം മതമൗലികവാദികള്‍, ഖാലിസ്ഥാന്‍ വാദമുയര്‍ത്തുന്നവര്‍ എന്നിവരുടെ പിന്തുണയാണ് പ്രക്ഷോഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. പിന്തുണ നല്‍കുവന്നവര്‍ക്കെല്ലാം അവരുടേതായ വ്യക്തമായ അജണ്ടയുണ്ട് താനും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ അകാരണമായ ഒരാവശ്യവും അംഗീകരിക്കില്ല. ആശങ്കകള്‍ ദൂരീകരിക്കുന്നതിനും ന്യായമായ കാര്യങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുകയുമില്ല. രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കുക എന്ന വാഗ്ദാനം പാലിക്കുന്ന കാര്യത്തില്‍ നിന്ന് പിന്മാറിക്കൊണ്ട് നരേന്ദ്രമോദി ആരേയും നിരാശപ്പെടുത്തുകയുമില്ല.
അമര്‍ഭൂഷണ്‍
റോ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി
(ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് കടപ്പാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: