Categories: Samskriti

രാപ്പാളപ്പന് ദധ്യന്നനിവേദ്യം

ധനുമാസം ഒന്നുമുതല്‍ 30 ദിവസവും ഭഗവാനു ദധ്യന്നം നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയില്‍  പുതുക്കാടിനടുത്ത് നന്ദിയാറിന്റെ  തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം.  

ദധിയും അന്നവുംചേര്‍ന്ന നിവേദ്യമാണ് ദധ്യന്നം. മഹാഭാരതയുദ്ധം നടന്നത് ധനുമാസത്തിലെ ഒന്നാംതീയതി മുതല്‍ 18 ദിവസമായിരുന്നു. ഭഗവാന്‍ കൃഷ്ണനും പരിവാരത്തിനും  മഹാഭാരതയുദ്ധത്തിനുപോകുമ്പോള്‍ പാഞ്ചാലി പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദധ്യന്നം. ദധ്യന്നം കഴിച്ചു സാരഥിയായി യുദ്ധത്തിനുപോയ കൃഷ്ണന് പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചു.  

സൂര്യോദയത്തിനുമുമ്പാണ് ഭഗവാന് ദധ്യന്നം നിവേദിക്കുക. അതുകൊണ്ടുതന്നെ ധനുമാസനാളുകളില്‍ രാപ്പാള്‍ ക്ഷേത്രത്തില്‍ ഉദയത്തിനുമുമ്പേ ക്ഷേത്രനട തുറന്ന് അഭിഷേകത്തിനുശേഷം  ഭഗവാന് ഈ നിവേദ്യം സമര്‍പ്പിക്കും. ഉണക്കലരി, പച്ചക്കുരുമുളക്, ഉറതൈര്, ഉപ്പ്, ഉപ്പുമാങ്ങ, ഇഞ്ചി എന്നിവചേര്‍ത്താണ് ദദ്ധ്യന്നം പാകം ചെയ്യുന്നത്.  

ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യമാണ് ഇത്. കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് ഭഗവാന് ഏറെ സന്തോഷം നല്‍കുന്നു. സന്താനലബ്ധി ബുദ്ധി ഉദരശക്തി, ശ്രേയസ്സ്,  അഭിവൃദ്ധി എന്നിവയ്‌ക്ക് ഏറെ ഉത്തമമാണ് ഈ നിവേദ്യം.   കുട്ടികള്‍ക്ക് ഈ ക്ഷേത്രത്തില്‍ ഇലയിട്ട് ദധ്യന്നം നല്‍കുന്ന പതിവുണ്ട്. രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെത്തി ദധ്യന്നം കഴിച്ച് ഫലമുണ്ടായിട്ടുള്ളവര്‍ അനവധിയാണ്. ഏതാനുംവര്‍ഷം മുമ്പ് ജര്‍മനിയില്‍നിന്നെത്തിയ ഡോക്ടര്‍ ദമ്പതിമാര്‍ രാപ്പാള്‍തേവരെ  പ്രാര്‍ഥിച്ച് ദധ്യന്നം വഴിപാടുനേര്‍ന്നു. രണ്ടുവര്‍ഷംതികയുംമുമ്പ് ഇവര്‍ക്ക് കുഞ്ഞു പിറന്നു.  

ഈ വര്‍ഷം ധനുമാസത്തില്‍ 29 ദിവസമേ ഉള്ളൂ എന്നതുകൊണ്ടുതന്നെ ഇക്കുറി മകരം  ഒന്നാംതീയതിവരെ ദധ്യന്നം വഴിപാട് ഉണ്ടായിരിക്കും.

ഓരോ 6 വര്‍ഷം കൂടുമ്പോഴും ഓത്തൂട്ട് നടക്കുന്ന  അത്യപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് രാപ്പാള്‍ ക്ഷേത്രം. ഓരോ അര്‍ധവ്യാഴവട്ടങ്ങള്‍  പിന്നിടുമ്പോഴും ചിങ്ങത്തിലെ തിരുവോണത്തിനുമുമ്പുവരുന്ന വെളുത്ത പഞ്ചമിദിനത്തിലാണ് രാപ്പാളില്‍ ഓത്തൂട്ട് ആരംഭിക്കുക. ഓത്ത് അറിയുന്ന  4 പേരെങ്കിലും ഉണ്ടെങ്കിലേ ഈ യജ്ഞം നടത്താനാവുകയുള്ളൂ.രാപ്പാളില്‍ ഇരുപതോളം പേര്‍ ഉണ്ടാകാറുണ്ട്.  രണ്ടരമാസത്തോളം ഓത്തൂട്ട് നീളും. സൂര്യോദയത്തോടെ തുടങ്ങിയാല്‍ രാത്രി 11 മണിവരെ നീളും. മധ്യാഹ്നത്തിലും സായംസന്ധ്യയിലം ഒന്നുനിര്‍ത്തിയശേഷം വീണ്ടു തുടരും. പട്ടുകോണകമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ടുകയ്യിലും വെണ്ണയുമേന്തി  ആറുവയസ്സുകാരനായ ഉണ്ണിക്കണ്ണന്റെ  വിഗ്രഹം.  

ക്ഷേത്രമതില്‍ക്കകത്തുവച്ച് കുട്ടികളെ ആരെങ്കിലും ശകാരിക്കുന്നത് ഭഗവാന് ഇഷ്ടമല്ല. അരുതാത്തത് ചെയ്താല്‍ വെണ്ണയേന്തിയ കയ്യില്‍ ചമ്മട്ടിയാകും ഉണ്ടാവുക. കുംഭമാസത്തിലെ വെളുത്തദ്വാദശി ആറാട്ടുവരുംവിധമാണ് ഇവിടത്തെ ഉത്സവം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക