വാഷിങ്ടൻ: യുഎസ് സെനറ്റിലേക്ക് ജോർജിയ സംസ്ഥാനത്ത് നടക്കുന്ന റൺ ഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിങ് സമാപിച്ചപ്പോൾ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ സർവ്വകാല റിക്കാർഡ്. മൂന്ന് മില്യൻ വോട്ടർമാരാണ് ഏർലി വോട്ടിങ്ങിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഡിസംബർ 31നാണ് ഏർലി വോട്ടിങ് സമാപിച്ചത്.
ആകെയുള്ള റജിസ്ട്രേർഡ് വോട്ടർമാരിൽ 38 ശതമാനം ഇതിനകം വോട്ടു രേഖപ്പെടുത്തി കഴിഞ്ഞു (3001017). ഇതിനു മുമ്പു 2008 ൽ നടന്ന യുഎസ് സെനറ്റ് മത്സരങ്ങളിൽ 2.1 മില്യൻ വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നത്. ഡിസംബർ 5ന് അമേരിക്ക മുഴുവൻ ഉറ്റുനോക്കുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. ഇരുപാർട്ടികൾക്കും അതിനിർണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ബൈഡനും കമലഹാരിസും ഭരണം ഏറ്റെടുത്താൽ നിർണായക തീരുമാനങ്ങൾ അംഗീകരിക്കേണ്ട സെനറ്റിൽ ആർക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതാണ് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുക.
റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള രണ്ടു സെനറ്റർമാരാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികള്‍ക്കെതിരെ ഇവിടെ മത്സരിക്കുന്നത്. സെനറ്റിൽ ഇതുവരെയുള്ള കക്ഷിനില റിപ്പബ്ലിക്കൻ (50), ഡമോക്രാറ്റ് (48). ജോർജിയായിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള രണ്ടു റിപ്പബ്ലിക്കൻ സെനറ്റർമാരെയും പരാജയപ്പെടുത്താൻ ഡമോക്രാറ്റിക് പാർട്ടിക്ക് കഴിഞ്ഞാൽ തന്നെ കക്ഷിനില 50–50 എന്ന നിലയിൽ ആയിരിക്കും. രണ്ടു സീറ്റിലും കുറഞ്ഞത് ഒരു സീറ്റിലെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ജയിച്ചാൽ യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തും. മറിച്ചായാൽ ഭൂരിപക്ഷം തീരുമാനിക്കുക വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: