തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നടപടി കൈക്കൊള്ളാതെ സര്‍ക്കാര്‍. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെങ്കിലും തുടര്‍നടപടികള്‍ കൈക്കൊള്ളാനാവില്ലെന്ന നിലപാടില്‍ ധനകാര്യവകുപ്പ് ഉറച്ചു നില്ക്കുന്നു
. വിജിലന്‍സ് പരിശോധന നടത്തിയ ബ്രാഞ്ചുകളില്‍ കെഎസ്എഫ്ഇയുടെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് കടുത്ത നടപടികള്‍ കൈക്കൊള്ളാനാവില്ലെന്ന നിലപാടില്‍ ധനകാര്യവകുപ്പെത്തിയത്.
നവംബര്‍ 27നാണ് വിജിലന്‍സ് കെഎസ്എഫ്ഇയുടെ 36 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയത്. ബ്രാഞ്ചുകളില്‍ പൊള്ളചിട്ടികള്‍ വ്യാപകമായി ചേര്‍ക്കപ്പെടുന്നു, ജീവനക്കാരും ബന്ധുക്കളും ബിനാമിപേരുകളില്‍ ചിട്ടികളില്‍ ചേരുന്നു, കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടികള്‍ മറയാക്കപ്പെടുന്നു, ട്രഷറികളില്‍ ചിട്ടിയുടെ എഫ്ഡി കെട്ടിവയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നു, തവണകള്‍ക്ക് നല്കുന്ന ചെക്കുകള്‍ പലതും മാറാതെ വരുന്നു തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായി തള്ളിയാണ് പരിശോധന നടത്തിയ കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് തള്ളിയത്. റെയ്ഡ് വിവാദമായതോടെ കെഎസ്എഫ്ഇയുടെ എല്ലാ ബ്രാഞ്ചുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗത്തിന് നിര്‍ദേശം നല്കി. ഈ റിപ്പോര്‍ട്ട് 30 ഓടെ സമര്‍പ്പിക്കും.
വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ തള്ളിയാണ് ഓഡിറ്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചിട്ടി നിയമനുസരിച്ച് ട്രഷറിയില്‍ പണമടച്ച് അസി. രജിസ്ട്രാരുടെ പേരില്‍ എഫ്ഡി രേഖയും ഫോമും അഞ്ച് ശതമാനത്തിന്റെ മുദ്രപത്രവും സബ് രജിസ്ട്രാര്‍ക്കു മുന്നില്‍ ഹാജരാക്കിയാല്‍ മാത്രമേ ഒരു ചിട്ടി ആരംഭിക്കാന്‍ പറ്റൂ. ചില വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇത് മനസിലാവാത്തതാണെന്നാണ് കെഎസ്എഫ്ഇ പറയുന്നത്. ജീവനക്കാര്‍ക്ക് ചിട്ടി തുടങ്ങുന്നതിന് കെഎസ്എഫ്ഇയില്‍ വിലക്കില്ല. രണ്ട് ലക്ഷം രൂപയ്ക്കുമുകളില്‍ തുക നേരിട്ട് സ്വീകരിക്കാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ കൊറോണക്കാലത്ത് ചില ഉപഭോക്താക്കളുടെ ചെക്കുകള്‍ മടങ്ങിയിട്ടുണ്ടെന്നും ഇതിനു പലിശയീടാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ഇത് ഗുരുതര വീഴ്ചയല്ലെന്നും ഓഡിറ്റ് വിഭാഗം പറയുന്നു.
എന്നാല്‍ കെഎസ്എഫ്ഇയില്‍ വ്യാപകമായി പൊള്ളചിട്ടികളുണ്ടെന്നും വന്‍തുകയുടെ ചിട്ടികളില്‍ പലതിലും വേണ്ടത്ര വരിക്കാരില്ലാത്തപ്പോള്‍ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ ചിട്ടികള്‍ ആരംഭിക്കുന്നുവെന്നും വന്‍തുകയുടെ ചിട്ടികളില്‍ സംശയകരമായ രീതിയില്‍ ഭാഗഭാക്കാവുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കുന്നില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ചിട്ടി തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ ചില ബ്രാഞ്ചുകള്‍ക്ക് കഴിഞ്ഞില്ല. ചില ചിട്ടികളില്‍ ജീവനക്കാര്‍ തന്നെ ബിനാമി പേരുകളില്‍ അംഗങ്ങളാവുന്നുവെന്നും ഗുരുതരവീഴ്ചകള്‍ പരിശോധിക്കണമെന്നുമാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്. വിജിലന്‍സിന്റെ റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിച്ച് വിജിലന്‍സിനെ തിരിച്ച് അറിയിക്കണം എന്നാണ് നിയമം. എന്നാല്‍ വിജിലന്‍സ് കണ്ടെത്തലുകള്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.
വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെ കെഎസ്എഫ്ഇയില്‍ ജീവനക്കാര്‍ അതത് ബ്രാഞ്ചുകളില്‍ ചിട്ടി തുടങ്ങുന്നത് വിലക്കി കെഎസ്എഫ്ഇ ഉത്തരവിറക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ബ്രാഞ്ചില്‍ ഒഴികെ മറ്റിടങ്ങളില്‍ ചിട്ടി തുടങ്ങാന്‍ തടസമില്ലെന്ന് ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു. ചെക്കുകള്‍ മാറാതെ മടങ്ങിയ കേസുകളില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തവണയടയ്ക്കുന്നതില്‍ വീഴ്ച വന്ന കേസുകളില്‍ പലിശയീടാക്കാതെയും വീതപലിശ നിലനിര്‍ത്തിയും തുക അടയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ചെയര്മാന് കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് കണ്ടെത്തലുകളെക്കുറിച്ച് തങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും തന്നിട്ടില്ലെന്നു ചെയര്മാന് പറഞ്ഞു. എന്നാല്‍ പരിശോധന സംബന്ധിച്ച കണ്ടെത്തലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കെഎസ്എഫ്ഇ അധികൃതരെ അറിയിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നുമാണ് വിജിലന്‍സ് നിലപാട്.
പരിശോധനയുടെ പേരില്‍ ഇടഞ്ഞ ആഭ്യന്തരവകുപ്പും ധനവകുപ്പും തമ്മില്‍ റിപ്പോര്‍ട്ടിന്റെ പേരിലും ശീതസമരം ശക്തമാവുകയാണ്. പരിശോധനയെ പരസ്യമായി വിമര്‍ശിച്ച തോമസ് ഐസക്കിന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന് തള്ളിപ്പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: