ന്യൂദല്‍ഹി: അനന്തമായി നീളുന്ന കേരളത്തിലെ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സഭാ തര്‍ക്കത്തില്‍ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസഭകളുടേയും നേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ്് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചത്. നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് യാക്കോബായ വിഭാഗത്തെയും പ്രധാനമന്ത്രി കാണും. മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
ഓര്‍ത്തഡോക്സ് സഭയുടെ ദല്‍ഹി ഡയോസിസ് ബിഷപ്പ് യൂഹന്നാന്‍ മാര്‍ ദിമിത്രിയോസ്, കണ്ടനാട് ഈസ്റ്റ് ഡയോസിസ് ബിഷപ്പ് ഡോ. തോമസ് മാര്‍ അത്താനാസിയോസ്, സഭാ സിനഡ് സെക്രട്ടറിയും ചെന്നൈ ബിഷപ്പുമായ യൂഹന്നാന്‍ മാര്‍ ദിയസ് കോറസ് എന്നിവരാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ വിഷയങ്ങള്‍ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കും. ഇരു സഭകളും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ ക്രൈസ്തവ സമുദായത്തിന്റെ പ്രശ്നങ്ങളും പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് സഭാ നേതൃത്വങ്ങളുടെ നീക്കം.
പ്രണയം നടിച്ചുള്ള മതംമാറ്റവും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ എണ്പതു ശതമാനവും സംഘടിത മത ന്യൂനപക്ഷത്തിനു ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും സഭാ നേതൃത്വം നേരത്തെ ഉന്നയിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ കേരളത്തിലെ സഭകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനസംഖ്യാപരമായി അനുദിനം പിന്നിലേക്ക് പോകുന്ന ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കൂടിക്കാഴ്ച വഴിയൊരുക്കും. നാളെ യാക്കോബായ വിഭാഗത്തിന്റെ കൂടി കൂടിക്കാഴ്ചയ്ക്ക് ശേഷം സഭാ പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരെയെങ്കിലും ചുമതലപ്പെടുത്താനും സാധ്യതയുണ്ട്.
സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ രമ്യമായ പ്രശ്ന പരിഹാരം സാധ്യമാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടേയും നിലപാട്. കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ സഭാ തര്‍ക്കത്തെ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കുക മാത്രമാണ് ചെയ്തതെന്ന അതൃപ്തി സഭാ നേതൃത്വങ്ങള്‍ക്കും ക്രൈസ്തവര്ക്കിടയിലുമുണ്ട്. പ്രശ്ന പരിഹാരത്തിനായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കാതിരുന്നതിന്റെ കാരണവും അതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മിസോറാം ഗവര്‍ണറുടേയും ഇടപെടലോടെ അതീവ സങ്കീര്‍ണമായ വിഷയത്തില്‍ സഭകളും ചര്‍ച്ചയ്ക്ക് സന്നദ്ധതയ്ക്ക് തയാറായെന്ന് വ്യക്തം. പ്രശ്ന പരിഹാര ചര്‍ച്ചകളല്ല പ്രധാനമന്ത്രി നടത്തുന്നത്. ഇരു സഭാ നേതൃത്വത്തിനും പറയാനുള്ളത് കേള്‍ക്കുക മാത്രമാണ്. ഇതിന് ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കൂ. ജനുവരി ആദ്യവാരത്തില്‍ കത്തോലിക്കാ സഭാ നേതൃത്വവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: