തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ ഡയറിയുടെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത്. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് സ്വകാര്യ വിതരണത്തിന് ആയിരം ഡയറി വീതമാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അംഗങ്ങള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും മാത്രമായി പന്ത്രണ്ടായിരം ഡയറി സൗജന്യമായി നല്‍കാനാണ് തീരുമാനം. ഈയിനത്തില്‍ തന്നെ 12 ലക്ഷം രൂപ പാഴാകും.
ഇതിന് പുറമേ അച്ചടിക്കുന്ന ഡയറികളില്‍ ബഹുഭൂരിപക്ഷവും രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്കിടയിലും സൗജന്യമായി വിതരണം ചെയ്യുകയാണ്. ഈ ഇനത്തിലും ലക്ഷങ്ങള്‍ പാഴാകും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകളിലേക്കും ഏകെജി സെന്ററിലേക്കും കെപിസിസി ആസ്ഥാനത്തേക്കും നൂറുകണക്കിന് ഡയറികള്‍ വീതമാണ് അച്ചടിച്ച് സൗജന്യമായി എത്തിക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് സൗജന്യ ഡയറി വിതരണം പരമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശമുയര്‍ന്നെങ്കിലും അവഗണിക്കുകയായിരുന്നു.
അമ്പതിനായിരം ഡയറികളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക. ഇത് വിതരണത്തിന് തികയാതെ വരുമ്പോള്‍ പിന്നീട് വീണ്ടും അച്ചടിക്കുകയാണ് പതിവ്. ദേവസ്വത്തിന്റെ അമ്പത് ലക്ഷം രൂപയോളം ഇത്തരത്തില്‍ ഡയറി വിതരണ മാമാങ്കത്തിനായി പാഴാക്കുകയാണ്.
എല്ലാ വര്‍ഷവും പേരിന് കുറച്ച് ഡയറി വില്‍പ്പനയ്‌ക്കെത്തിക്കാറുണ്ട്. നൂറ് രൂപയാണ് നിരക്ക്. മുന്‍ വര്‍ഷം വില്‍പ്പന കുറവായതിനാല്‍ പിന്നീട് അമ്പത് രൂപയ്‌ക്ക് വില്‍ക്കുന്ന സാഹചര്യവുമുണ്ടായി. ഡയറിയുടെ പേരില്‍ ലക്ഷങ്ങളുടെ ധൂര്‍ത്തും ക്രമക്കേടുമാണ് ഗുരുവായൂര്‍ ദേവസ്വം നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: