കണ്ണൂർ : ജോജുവിന്റെ മുത്തപ്പൻ കടൽ കടക്കുകയാണ്. കങ്കാരുവിന്റെ നാട്ടിൽ പുന്നാട് സ്വദേശി പണിയുന്ന വീടിന്റെ പൂജാമുറിയിൽ പ്രാർത്ഥനകളും പൂജകളുമേറ്റുവാങ്ങി അനുഗ്രഹം ചൊരിയാൻ. പൂജാമുറിയിൽ വെക്കാൻ ഒരു മുത്തപ്പ രൂപം വേണമെന്ന മീത്തലെ പുന്നാട് സ്വദേശി ആനൂപ് പുതുശ്ശേരിയുടെ വാക്കും ആഗ്രഹവുമാണ് ജോജു പുന്നാട് എന്ന ശില്പി തന്റെ കരവിരുതിനാൽ തേക്ക് തടിയിൽ യാഥാർഥ്യമാക്കിയത്. ഭക്തിയുള്ളവരാരും ഒരു നോക്ക് കാൺകെ വണങ്ങി നിന്നുപോകുന്ന മനോഹര ദാരുശില്പമായി അത് രൂപപ്പെട്ടപ്പോൾ ശില്പി ജോജുവിനും വാട്സ് ആപ്പിലൂടെ ശിൽപ്പം കണ്ട ഇതിന്റെ ഉടമയാകാൻ പോകുന്ന അനൂപിനും പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃതി .
അഞ്ചടി ഉയരവും മൂന്നടി വീതിയും രണ്ടര അടി കനവുമുള്ള തെക്കു തടിയിലാണ് ജോജു ജീവൻ തുടിക്കുന്ന ഈ മുത്തപ്പ ശിൽപ്പം കൊത്തി എടുത്തിരിക്കുന്നത്. പറശ്ശിനി മടപ്പുരക്ക് മുന്നിൽ മുത്തപ്പൻ, തിരുവപ്പൻ, നായ എന്നിവർ ചേർന്ന് നിൽക്കുന്നതാണ് ശിൽപ്പം. വ്യാളിയും, കിംപുരുഷനുമടക്കം അവധി രൂപങ്ങളും ചാരുതയോടെ ഇതിനൊപ്പം കൊത്തി എടുത്തിരിക്കുന്നു. ശിൽപ്പം പൂർത്തിയാക്കുന്നതിനായി മൂന്ന് മാസത്തെ കഠിനാദ്ധ്വാനം വേണ്ടി വന്നു വെന്ന് ജോജു പറഞ്ഞു.
മീത്തലെ പുന്നാട് ശ്രീ വിഹാറിൽ ജോജുവിന് ശില്പകലയിൽ ഗുരുക്കന്മാരില്ല. ശിൽപ്പകല പഠിക്കാൻ എവിടെയും പോയിട്ടില്ല. സ്വന്തം അമ്മ ഭാർഗ്ഗവിയാണ് തന്റെ കഴിവുകൾ കണ്ടെത്തുന്നതെന്നും പ്രോത്സാഹിപ്പിക്കുന്നതും . അതിനാൽ അമ്മതന്നെയാണ് തന്റെ ഗുരു എന്ന് ജോജു പറഞ്ഞു.
മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടിയിലെ മനോഹരമായ ക്ഷേത്ര കവാടം നിർമ്മിച്ചത് ജോജുവാണ്. സിമന്റ് കൊണ്ടാണ് ഈ കവാടം നിർമ്മിച്ചിരിക്കുന്നത്. ജോജു നിർമ്മിച്ച മറ്റൊരു സിമന്റ് ശില്പമാണ് തലശ്ശേരി ജഗൻ നാഥ ക്ഷേത്രക്കുളത്തിലെ ഗജമുഖ സ്തംഭം. ഇവ കൂടാതെ സ്വകാര്യ വ്യക്തികൾക്കായി, ശ്രീ നാരായണ ഗുരു, മത്സ്യ കന്യകയടക്കമുള്ള നിരവധി ശില്പങ്ങളും ജോജു നിർമ്മിച്ചിട്ടുണ്ട്. നിരവധി വീടുകളിലെ കിണറുകൾക്കും ഈ ചെറുപ്പക്കാരൻ കണ്ണിനിമ്പം തുളുമ്പുന്ന രീതിയിലുള്ള ശിൽപ്പ ചാരുതയോടെ തന്റെ കരവിരുതിന്റെ ചാതുര്യം തെളിയിച്ചു കഴിഞ്ഞു.
ദുബായി ഫെസ്റ്റിവെലിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ കഴിഞ്ഞ തവണ ജപ്പാൻ, ചൈന, യമൻ, സിറിയ എന്നീ രാജ്യങ്ങളുടെ പവലിയൻ നിർമ്മിച്ചത് ജോജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. വർഷങ്ങളായി ഇരിട്ടി മേഖലയിൽ ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രകളിൽ ജോജുവിന്റെ ചലിക്കുന്നതും ചലിക്കാത്തതുമായ ടാബ്ലോകൾ ജനഹൃദയങ്ങളെ ആകർഷിച്ചു വരുന്നു. പ്രവർത്തി മുഴുവൻ പൂർത്തിയാക്കിക്കഴിഞ്ഞ മുത്തപ്പ ശിൽപ്പം തിങ്കളാഴ്ചയോടെ കടൽ കടന്ന് ആസ്‌ത്രേലിയയിലെ അനൂപിന്റെ പുതിയ ഗൃഹത്തിലെ പൂജാമുറിയിലേക്ക് യാത്രയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: