Categories: Article

അമ്മ മനസ്സിന്റെ പാട്ടുകാരി

അഗതിയായ പെണ്‍കുഞ്ഞ്, അനാഥ ഗര്‍ഭം പേറുന്ന യുവതി, വേശ്യാത്തെരുവില്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുന്ന സ്ത്രീ, മാനസിക വിഭ്രമത്തിനടിപ്പെട്ട വിധവ, ബലാത്സംഗത്തിന് വിധേയയായ കുഞ്ഞ്, അമ്മ ഉപേക്ഷിച്ച പൈതല്‍....സുഗതകുമാരി അവരുടെയെല്ലാം തീവ്രവേദന തന്നിലേക്കാവാഹിച്ച് കവിതയെഴുതി. അവരെ സംരക്ഷിക്കാന്‍ കൂടൊരുക്കി.

Published by

”പേടിയാണമ്മേ, വരൂ നീ

എനിക്കിനിത്തീരവയ്യമ്മേ,

വരൂ വേഗം, എന്തൊരു ദാഹമാണമ്മേ..!”

അമ്മയെ വിളിച്ചുകരയുന്ന കുട്ടിയുടെ വികാരം സുഗതകുമാരി വര്‍ഷങ്ങള്‍ക്ക് മുമ്പ് കവിതയില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് നമുക്കിടയിലെ ഓരോ കുട്ടിയുടെയും തേങ്ങലായി. സംരക്ഷണമില്ലാത്ത, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത ഓരോ കുട്ടിയുടേയും തേങ്ങല്‍. വേദനയനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന അമ്മമനസ്സായിരുന്നു സുഗതകുമാരിക്ക്.

‘ആര്‍ദ്രതയുടെഗായത്രി’ എന്നാണ് സുഗതകുമാരിയെ അയ്യപ്പ പണിക്കര്‍ വിശേഷിപ്പിച്ചത്. ദുഃഖവും ദുരിതവും ദുരന്തവുമനുഭവിക്കുന്ന സ്ത്രീയുടെ നാവായി അവര്‍ മാറി. അപമാനിക്കപ്പെടുന്ന സ്ത്രീയുടെ ആത്മാലാപം കവിതയായപ്പോള്‍ ആ സ്ത്രീക്ക്  നീതിയും സംരക്ഷണവും ലഭിക്കാന്‍ അവര്‍ തെരുവിലിറങ്ങി. ആദ്യകവിതാ സമാഹാരമായ മുത്തുച്ചിപ്പിയിലെ ‘അഭയാര്‍ത്ഥിനി’ എന്ന കവിത മുതല്‍ ‘മണലെഴുത്ത്’ എന്ന കവിതാസമാഹാരത്തിലെ ‘വനിതാ കമ്മീഷന്‍’ വരെയുള്ള കവിതകളില്‍ സ്ത്രീക്കുവേണ്ടിയുള്ള പോരാട്ടമുണ്ട്. കുഞ്ഞുങ്ങള്‍ക്കായുള്ള കരുതലുണ്ട്.

അഗതിയായ പെണ്‍കുഞ്ഞ്, അനാഥ ഗര്‍ഭം പേറുന്ന യുവതി, വേശ്യാത്തെരുവില്‍ വില്‍പ്പനയ്‌ക്കുവച്ചിരിക്കുന്ന സ്ത്രീ, മാനസിക വിഭ്രമത്തിനടിപ്പെട്ട വിധവ, ബലാത്സംഗത്തിന് വിധേയയായ കുഞ്ഞ്, അമ്മ ഉപേക്ഷിച്ച പൈതല്‍….സുഗതകുമാരി അവരുടെയെല്ലാം തീവ്രവേദന തന്നിലേക്കാവാഹിച്ച് കവിതയെഴുതി. അവരെ സംരക്ഷിക്കാന്‍ കൂടൊരുക്കി.  

‘ലജ്ജതോന്നിപ്പോ,യെന്റെ

സോദരീ നിന്നോടൊപ്പം

ദുഃഖിതമാണെന്‍ സ്‌നേഹ-

പൂര്‍ണ്ണമാം മനുഷ്യത്വം

ഹൃത്തിനാല്‍ പുണരട്ടെ

നിന്നെ ഞാന്‍, കരത്താല-

ല്ലത്രയുന്നതമല്ലോ നിന്ദ്യ-

മെന്‍ മനുഷ്യത്വം!’

വീട്ടില്‍ ഭക്ഷണം യാചിച്ചെത്തിയ അഭയാര്‍ത്ഥി സ്ത്രീയെ മനസാ തഴുകുകയാണ് കവി. ബംഗാളില്‍ നിന്ന് അഭയാര്‍ത്ഥിയായി എത്തിയ അവളുടെ കൈകളിലേക്ക് നാണയമെറിഞ്ഞു കൊടുത്തപ്പോഴും അവളുടെ ആവശ്യം തീരുന്നില്ല. ഇത്തിരി ഭക്ഷണം വേണം, ഉടുക്കാനൊരു സാരിയും. അഭയാര്‍ത്ഥിനി എന്ന കവിത കണ്ണുനനയ്‌ക്കും.

കയ്യിലെ ഒറ്റവളയില്‍ നോക്കി സങ്കടപ്പെടുന്ന ബാലികയായ അമ്മയുടെ ദയനീയതയാണ് ‘ഒറ്റവള’ എന്ന കവിത. മറ്റേ കയ്യില്‍ കൂടി ഒരു വളയുണ്ടായിരുന്നെങ്കിലെന്നാണ് അവളുടെ ആഗ്രഹം. അവളുടെ അടുത്തിരിക്കുന്ന തുണിക്കെട്ടനങ്ങുന്നു. അതിലൊരു കുഞ്ഞ്…

‘അപ്പുറത്തൊരു തുണി-

ക്കെട്ടൊന്നു ചലിക്കുന്നു

കൊച്ചൊരു മുഖം പൊങ്ങി

വരുന്നു വിശപ്പോടെ

ഉണര്‍ന്നു മനോരാജ്യം-

വിട്ടുബാലിക, ചെന്നു

കുനിഞ്ഞു മാറില്‍ ചേര്‍ത്തു

പിടിപ്പൂ കിടാവിനെ…’

കൗമാര കൗതുകത്തോടൊപ്പം മാതൃത്വവും പേറേണ്ടിവരുന്ന സ്ത്രീകളുടെ നിസ്സഹായതയാണ് കരള്‍പി

ളര്‍ക്കും വിധം സുഗതകുമാരി ആവിഷ്‌കരിക്കുന്നത്. കേഴുന്ന പൈതലിനെ ചുംബിച്ചും താലോലിച്ചും താരാട്ടുപാടിയും ഒഴിഞ്ഞ വലംകയ്യിനെ നോക്കി ദുഃഖിച്ചും നടന്നു മറയുന്ന ബാലികയായ അമ്മയുടെ ചിത്രം മനസ്സില്‍ നിന്നും മായാത്ത വിധമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

മദിരാശിയിലെ തെരുവില്‍ പുരുഷനുമായി വിലപേശി നില്‍ക്കുന്ന മുഖത്ത് ശിശുഭാവമുള്ള പെണ്ണിനെയാണ് ‘സാരേ ജെഹാംസെ അച്ഛാ…’ എന്ന കവിതയില്‍ ആവിഷ്‌കരിക്കുന്നത്.

”മനം മുറിഞ്ഞ് ചോരത്തുള്ളി

യിറ്റു വീഴുന്നു കുഞ്ഞേ,

കാതരമാമെന്‍ മന

സ്സിവളെ തലോടുന്നു

താരുപോലൊരു പൈതല്‍,

അറിവില്ലാത്തോള്‍, പാവം…”

ഇവളെ കുളിപ്പിച്ച് വാര്‍മുടി മിനുക്കി സ്‌കൂള്‍ യൂണിഫോം അണിയിച്ച് പുസ്തകക്കെട്ടുമായി സ്‌കൂളിലേക്ക് അയച്ചാല്‍ ഉഷസ്സുപോലെ പ്രകാശിക്കുമെന്ന് കവി പറയുന്നു. ”ഇതെഴുതാന്‍ ലോകത്തേക്കും, സുന്ദരമാകും ദേശം!…” അത്തരമൊരു ഭാവിക്കായി എത്രനാള്‍ കാത്തിരിക്കണമെന്ന വിലാപവും കൂടിയാണ് കവിത. പിഴച്ചുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കുന്ന തീരാ സങ്കടങ്ങളും സ്വപ്‌നങ്ങളുമാണ് ‘പെണ്‍കുഞ്ഞ്-90’ എന്ന കവിതയിലെ പ്രതിപാദ്യം.  

മന്ദബുദ്ധിയായ മകളെക്കുറിച്ചുള്ള ഒരമ്മയുടെ ആകുലതകളാണ് ‘കൊല്ലേണ്ടതെങ്ങനെ’  എന്ന കവിതയില്‍. അച്ഛനുപേക്ഷിച്ചു പോയ ആ കുഞ്ഞിന് താങ്ങുംതണലും അമ്മയാണ്. പ്രായമായ അമ്മ. താനില്ലാത്ത അവസ്ഥയില്‍ മകളുടെ നിലനില്‍പ്പിനെ കുറിച്ചു ചിന്തിക്കുന്നു. ”ആകാതെയായി കഠിനം പണിയൊന്നു, മമ്മ/പോകാറുമായി, മകളെ തുണയാരു നാളെ…” എന്നു വിലപിക്കുന്നു.

‘ആരൂട്ടുമാരുകഴുകി തുടച്ചുറക്കു-

മാരീ മുടിച്ചുരുള്‍കള്‍ ചീകിയൊതുക്കി വെക്കും

ആരീയഴുക്കുകളെടുത്തിടുമെന്നു,മെന്റെ

യാരോമലിന്നിരുളിലാരു കരംപിടിക്കും?

കാര്യംവിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോ

ളാരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചുകൊള്ളും?

ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാ

നാരുണ്ടു ദൈവവുമൊരമ്മയുമെന്നി മന്നില്‍!’

തീരാവേദന നല്‍കിക്കൊണ്ട് കൂരിരിട്ടും കണ്ണീരുമായി ചില കുഞ്ഞുങ്ങള്‍ പിറക്കുന്നതെന്തുകൊണ്ടാണ്?. അമ്മയുടെ ദുഃഖം അണപൊട്ടി ഒഴുകുന്നു. അമ്മയെന്നു വിളിക്കാതെ ആ കുഞ്ഞ് അമ്മയ്‌ക്കൊപ്പം മുപ്പത്തിയേഴുകൊല്ലം ജീവിച്ചു. അമ്മയാത്രയാകുമ്പോള്‍ എങ്ങനെ അവളെ തനിച്ചാക്കി പോകും?  

‘പൊന്നോമനേ, വെടികയില്ല, തനിച്ചു നിന്നെ

യിന്നോളമെന്റെ യെരിനെഞ്ഞിലണച്ചു പോറ്റി

ഒന്നായ് നമുക്കുമിവിടം വെടിയേണമെന്നേ

യമ്മയ്‌ക്കു തോന്നി, വഴിയില്ല, പൊറുക്കു തങ്കം…’

കൊല്ലേണ്ടതെങ്ങനെ എന്നാണവര്‍ ആലോചിക്കുന്നത്. നോവാതെ, വേവാതെ, എല്ലാം മറക്കുന്നൊരുറക്കമായി ഞങ്ങള്‍ക്ക് പോകാനിയിരുന്നെങ്കില്‍! വേദനക്കടലിന്നപ്പുറത്തെത്തുമ്പോഴെങ്കിലും എന്നോമല്‍ ആദ്യമായി അമ്മ എന്നു വിളിക്കാതിരിക്കില്ല.

‘ആ വിളിയില്‍ ഞാന്‍  

മുങ്ങീടവേ, കണ്‍നിറ

ഞ്ഞെന്നൊപ്പം കുളിരാര്‍ന്നു

നിന്നരുളുമേ

ഹാ! ലോകമാതാവുമേ!’

ആ അമ്മ സമാശ്വസിക്കുന്നതിങ്ങനെയാണ്. ആര്‍ക്കും ഉത്തരം നല്‍കാനാകാത്തൊരു ചോദ്യം കൂടി അവര്‍ ചോദിക്കുന്നു…

‘രാവും നിലാവുമഴകും പുലരിത്തുടിപ്പും

പൂവും ചമച്ച കര, മെന്തിനു തീര്‍ത്തു നമ്മെ?’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by