പമ്പയില്‍ നിന്ന് തിരിച്ച് നീലിമല കയറി, അപ്പാച്ചിമേടും പിന്നിടുമ്പോള്‍ ശബരീപീഠത്തിലെത്താം. അപ്പാച്ചി മേട്ടില്‍ എത്തുന്നതോടെ വലിയ കയറ്റം അവസാനിക്കുന്നു. അല്പം കൂടി നടക്കുമ്പോള്‍ സമതലപ്രദേശമായ ശബരീപീഠമാണ്. ശബരിയെന്ന താപസി തപസ്സു ചെയ്ത സ്ഥലമാണ് ഇതെന്ന് പറയപ്പെടുന്നു. ശബരി രാമായണത്തിലെ ശബരി ആണോ, അതോ ശബരിമലയുടെ പ്രാന്തങ്ങളില്‍ പാര്‍ത്തിരുന്ന ഭക്തയായിരുന്നോ എന്നത് വിവാദ വിഷയമാണ്. പണ്ടത്തെ ബുദ്ധമത വിദ്യാപീഠങ്ങളിലൊന്നാണെന്ന് വാദിക്കുന്നവരുമുണ്ട്.
ശ്രീരാമനും ലക്ഷ്മണനും സീതയെ തിരഞ്ഞുള്ള യാത്രയില്‍ ശബരിയുടെ ആശ്രമത്തിലെത്തി ആതിഥ്യം സ്വീകരിച്ചു. ശബരിയുടെ ആശ്രമമിരിക്കുന്ന സ്ഥലം ശബരിമലയെന്ന് അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനില്‍ക്കുമെന്നും രാമന് അനുഗ്രഹിച്ചു. ശബരിപീഠത്തില്‍ പ്രത്യേകം കെട്ടിയിട്ടുള്ള തറയില്‍ കന്നി അയ്യപ്പന്മാര് തേങ്ങയുടയ്ക്കും.
ശബരിയെപറ്റി മറ്റൊരു കഥ കൂടി പറയുന്നുണ്ട്. ശബരി പൂര്വജന്മത്തില് ചിത്രകവചന്‍ എന്ന ഗന്ധര്‍വ രാജാവിന്റെ പുത്രിയായ മാലിനിയായിരുന്നു. വീതിഹോത്രനാണ് ശബരിയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും മാലിനിക്ക് കല്മാഷന് എന്ന കാട്ടാളന് കാമുകനായി ഉണ്ടായിരുന്നു. ഇതറിഞ്ഞ വീതിഹോത്രന്‍, ‘നീ കാട്ടാളസ്ത്രീയായി മാറട്ടെ’ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി കേണ മാലിനിയോട് ശ്രീരാമനില്‍ നിന്നും ശാപമോക്ഷം ലഭിമെന്നും പറഞ്ഞു. ശ്രീരാമന്റെ വനവാസകാലത്ത് സീതയെ കണ്ടെത്തുന്നതിനുള്ള വഴി ശബരി ശ്രീരാമന് കാണിച്ചുകൊടുത്തു കൊണ്ട് കണ്ണുകളടച്ചു. പെട്ടന്ന് അവളുടെ രൂപം മാറി ഗന്ധര്വകുമാരിയായി മാറുകയായിരുന്നു. തുടര്‍ന്ന് വീതിഹോത്രന്‍ തിരിച്ചെത്തി അവളെ ഗന്ധര്‍വ ലോകത്തേക്കു കൊണ്ടു പോയി. ഇതാണ് ശബരിയുടെ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: