കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ചോതി നക്ഷത്രവും ഏകാദശിയും ചേര്‍ന്ന ശുഭദിനത്തിലാണ് മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി ‘നിരവധി പരമാനന്ദ പീയൂഷ’ രൂപമായ ഗുരുവായൂരപ്പ സമക്ഷം അതിരമണീയമായ ഭാഗവത സംക്ഷിപ്ത ഭക്തികാവ്യം ‘ശ്രീമന്നാരായണീയം’ സമര്‍പ്പിച്ചത്. വൃശ്ചികം 28 നാരായണീയ ദിനമായി ആചരിച്ചു തുടങ്ങിയത് അങ്ങനെയാണ്.
ഗുരുവായൂരപ്പനെ ദര്‍ശിക്കാനുള്ള സൗഭാഗ്യത്തെക്കുറിച്ച് ‘ഹന്ത! ഭാഗ്യം ജനാനാം’ എന്ന് പ്രഥമശ്ലോകത്തില്‍ തന്നെ ഭട്ടതിരിപ്പാട് കീര്‍ത്തിക്കുന്നു. സാന്ദ്രാനന്ദാവബോധാത്മകവും അനുപമിതവും കാലദേശങ്ങള്‍ക്കതീതവുമായ ഗുരുവായൂരപ്പനെ വര്‍ണിക്കുന്ന അര്‍ഥ ഗംഭീരമായ പ്രഥമശ്ലോകം ചട്ടമ്പിസ്വാമികള്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ വ്യാഖ്യാനിച്ചതായാണ് പറയപ്പെടുന്നത്.
ഭാഗവതത്തെ 1034 ശ്ലോകങ്ങളില്‍ ഒതുക്കി നിത്യേന ഭക്തര്‍ക്ക് പാരായണം ചെയ്യുന്നതിനായി ഭഗവാന്റെ അംശാവതാരമായ വ്യാസമഹര്‍ഷിയുടെ അവതാരമായ മേല്‍പ്പുത്തൂര്‍ രചിച്ച ശ്രീമന്നാരായണീയവും ‘ഹന്ത! ഭാഗ്യം ജനാനാം’ തന്നെയാണ്.
നാരായണീയം പഠിക്കുന്നവരുടെയും പാരായണം ചെയ്യുന്നവരുടെയും എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നു. ഭാഗവതത്തിലെ കഥകളും തത്വങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ച,് സംഗ്രഹിച്ച് അര്‍ഥപുഷ്ടിയോടെ, ശബ്ദപ്രൗഢിയോടെ, കാവ്യ സൗരഭത്തോടെ അവതരിപ്പിക്കുന്ന നാരായണീയത്തിലെ ഓരോ പദത്തിനും പാദത്തിനും മാസ്മര ശക്തിയുണ്ട്. ‘സുകൃതി ജനദൃശാം പൂര്‍ണ പുണ്യാവതാരമായ’ വാതവ്യാധിഹരന്റെ മുന്നിലിരുന്ന് ആലേഖനം ചെയ്ത ഈ കാവ്യം ദിവൗഷധമായി ഭക്തരുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കി ആത്മാവിലേക്ക് ഊര്‍ന്നിറങ്ങി ആനന്ദത്തെ പ്രദാനം ചെയ്യുന്നു എന്നതു തന്നെയാണ് ഈ മഹത്കൃതിയുടെ ആകര്‍ഷണം.
സന്ദര്‍ഭമനുസരിച്ച് വൃത്തങ്ങളും പദങ്ങളും അക്ഷരങ്ങളും എല്ലാം ഭക്തി ഭാവത്തിന്റെ അനര്‍ഗള പ്രവാഹം കൈവിടാതെ, ഉചിതമായി അതും അനേകം സമസ്തപദങ്ങളിലൂടെ അവതരിപ്പിക്കുന്ന മേല്‍പുത്തൂരിന്റെ ശൈലി അത്യന്തം ശ്ലാഘനീയം തന്നെ.
വാതരൂപം ധരിച്ചു വന്ന ശക്തനായ തൃണാവര്‍ത്തനെ ഭഗവാന്‍ നിഗ്രഹിക്കുന്നത് വിവരിക്കുന്ന 43ാം ദശകത്തിലെ പത്താമത്തെ ശ്ലോകത്തില്‍ വാതരോഗ വിധ്വംസനത്തിനായുള്ള മേല്‍പ്പുത്തൂരിന്റെ ‘വാതാത്മകം..’ എന്നു തുടങ്ങുന്ന പ്രാര്‍ഥന വാതാലയേശനായ ഭഗവാനോട് വാതരോഗ നിവാരണത്തിനായി നമുക്കും ആവര്‍ത്തിക്കാം.
എട്ടാം ദശകത്തിലെ ‘അസ്മിന്‍ പരാത്മന്‍…’ എന്നു തുടങ്ങുന്ന പതിമൂന്നാമത്തെ ശ്ലോകവും ശരീരമനോവ്യാധികളെ അകറ്റി നിര്‍ത്താനായി ഭക്തര്‍ ഉരുവിടുന്നു.
ശ്രീമന്നാരയണീയാമൃത പാനത്തിലൂടെ ഭക്തി ഉറയ്‌ക്കാനായി നമുക്ക് ‘ഗുരു പവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം’ എന്ന് മേല്‍പ്പുത്തൂര്‍ അപേക്ഷിച്ചതു പോലെ നമുക്കും ഗുരുവായൂരപ്പനെ ശരണം പ്രാപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക