തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിലുടനീളം ബിജെപിക്ക് മേല്‍ക്കൈയുണ്ടെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും ബിജെപി സംസ്ഥാന നേതാക്കള്‍ പര്യടനം നടത്തുമ്പോള്‍ വലിയ സ്വീകാര്യതയാണവര്‍ക്ക് ലഭിക്കുന്നത്. വലിയ പുരുഷാരം അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്നു.
ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ താര പ്രചാരകനാണ് വി. മുരളീധരന്‍. സംസ്ഥാനത്തെ നിരവധി വാര്‍ഡുകളില്‍ അദ്ദേഹം ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എത്തിക്കഴിഞ്ഞു. ഇപ്പോഴും വാര്‍ഡുകളില്‍ നിന്ന് വാര്‍ഡുകളിലേക്ക് യാത്രചെയ്യുന്നു. നഗരങ്ങളിലെ വലിയ ജനസഞ്ചയത്തുനു മുന്നിലും ഗ്രാമ പ്രദേശങ്ങളിലെ ചെറിയ ആള്‍ക്കൂട്ടത്തോടും അദ്ദേഹം സംസാരിക്കുന്നു. എല്ലായിടത്തും അദ്ദേഹത്തെ കേള്‍ക്കാന്‍ വോട്ടര്‍മാരെത്തുന്നു. കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല വി. മുരളീധരന്‍ വോട്ടര്‍മാര്‍ക്ക് സ്വീകാര്യനാകുന്നത്. സമകാലീന രാഷ്‌ട്രീയ സാഹചര്യത്തില്‍ വി. മുരളീധരനെന്ന ബിജെപി നേതാവിന്റെ വാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അതു തിരിച്ചറിഞ്ഞവര്‍ അദ്ദേഹത്തിനുമുന്നില്‍, ആ വാക്കുകള്‍ക്കായി കാത്തു നില്‍ക്കുന്നു.
ബിജെപിക്ക് ഇത്തവണ ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒട്ടുമിക്ക വാര്‍ഡുകളിലും വി. മുരളീധരനെത്തി. ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളിലും ജില്ലാ ഡിവിഷനുകളിലും പ്രചാരണത്തിനെത്തി. രാവിലെ മുതല്‍ തുടങ്ങുന്ന ഇടവേളകളില്ലാത്ത പ്രചാരണം. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുതല്‍ വാര്‍ഡ് കണ്‍വെന്‍ഷനുകളിലും സ്ഥാനാര്‍ഥി സംഗമവും വരെ. ഇവിടങ്ങളിലെല്ലാം ബിജെപി പ്രവര്‍ത്തകരല്ലാത്തവരും അദ്ദേഹത്തിന്റെ സംസാരം ശ്രവിക്കാനെത്തുന്നു. എല്ലായിടത്തും മാധ്യമ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാവിലെ തുടങ്ങുന്ന പര്യടനത്തിന് അകമ്പടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍. അവര്‍ക്ക് അദ്ദേഹം കേന്ദ്രമന്ത്രിയല്ല, സ്വന്തം മുരളിയേട്ടനാണ്. ഓരോ പ്രവര്‍ത്തകനോടും ചിരിച്ചും പരിചയം പുതുക്കിയാണ് യാത്ര. പ്രചാരണ വേദികളില്‍ കാത്തു നില്‍ക്കുന്ന പൊതു ജനങ്ങളുടെ ഇടയിലൂടെ തൊഴുകൈകളോടെ വേദിയിലേക്ക്. ഇതിനിടയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ ‘വോട്ട് കാര്യം’ മുഖാമുഖ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി. അവിടെയും ഊന്നിപ്പറയുന്നത് നരേന്ദ്രമോദിയുടെ വികസന പദ്ധതികളും അഴിമതിരഹിത ഭരണത്തിന്റെ ആവശ്യകതയും.
തിരുവനന്തപുരത്ത് പൂജപ്പുരയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം. പൂജപ്പുരയില്‍ തിങ്ങിനിറഞ്ഞ ജനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതികളുടെ പ്രയോജനം എങ്ങനെയാണ് ജനങ്ങളിലേക്കെത്തുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.
”കഴിഞ്ഞ അഞ്ചു വര്‍ഷം ബിജെപി ഭരിച്ച പാലക്കാട് നഗരസഭയാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ മുന്നില്‍ വയ്‌ക്കാനുള്ളത്. എല്ലാ മേഖലയിലും വികസനം നടപ്പിലാക്കുന്നതില്‍ പാലക്കാട് ബിജെപി വിജയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയത് പാലക്കാട് നഗരസഭയാണ്. കേന്ദ്രം പണം നല്‍കിയിട്ടും തിരുവനന്തപുരം അത് വിനിയോഗിച്ചില്ല. പാവങ്ങള്‍ക്ക്, വീടില്ലാത്തവര്‍ക്ക് വീടു വച്ചുനല്‍കാനും കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കി. തിരുവനന്തപുരത്തെ ഭരണക്കാര്‍ അതും വിനിയോഗിച്ചില്ല. 1.30 ലക്ഷം ജനങ്ങള്‍ മാത്രമുള്ള പാലക്കാട് നഗരസഭയില്‍ 3500 വീടുകള്‍ വച്ചു. തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ മുപ്പത്തയ്യായിരം വീടുകള്‍ നിര്‍മിച്ചു നല്‍കും.”
വേദിയില്‍ നിന്ന് പുറത്തിറങ്ങി, ഓരോരുത്തരോടും സംസാരിക്കുമ്പോഴും നരേന്ദ്ര മോദിയുടെ ഭാവിഭാരതത്തെ കുറിച്ചുള്ള പ്രതീക്ഷകളും സംശുദ്ധ ഭരണമെന്ന ആശയവുമാണ് അദ്ദേഹം പങ്കുവച്ചത്. എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബിജെപി തന്നെ അധികാരത്തിലെത്തണം.
വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ സ്ഥാനാര്‍ഥി സംഗമത്തില്‍ വി.മുരളീധരന്‍ പ്രസംഗിച്ചത് സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ടാണ്. ”കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 35 സീറ്റ് നേടി രണ്ടാംസ്ഥാനത്തെത്തി. അത് സിപിഎമ്മിനുള്ള മുന്നറിയിപ്പായിരുന്നു. ആറില്‍ നിന്നാണ് ബിജെപി
35ലെത്തിയത്. സദ്ഭരണം കാഴ്ചവയ്‌ക്കണമെന്ന സിപിഎമ്മിനുള്ള മുന്നറിയിപ്പുണ്ടായിരുന്നു ബിജെപിയുടെ ആ വിജയത്തിനു പിന്നില്‍. സിപിഎം സദ്ഭരണം നടത്തുന്നതില്‍ പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ 35 ല്‍ നിന്ന് ബിജെപിയുടെ അംഗസംഖ്യ അമ്പതും കടന്ന് ഭരണത്തിലേക്കെത്തും. സിപിഎമ്മിനെ പാഠം പഠിപ്പിക്കാന്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ തയാറായിക്കഴിഞ്ഞു…”
ആവേശത്തിലേറിയ ജനങ്ങളുടെ കരഘോഷം അവസാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി ഭരണത്തിലെത്തിയാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് വി. മുരളീധരന്റെ വിശദീകരണം. ആ വാക്കുകള്‍ക്ക് കാതോര്‍ത്ത് ജനങ്ങളും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: