Categories: World

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റുമരിച്ചു; സംഭവം മുസ്ലിം യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ

സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ പെണ്‍കുട്ടിക്കുനേരെ ഷെഹ്സാദ് വെടിയുതിര്‍ക്കുകയായിരുന്നു

Published by

ഇസ്ലാമാബാദ്: മുസ്ലിം യുവാവിന്റെ വിവാഹാഭ്യര്‍ഥന മാതാപിതാക്കള്‍ നിരസിച്ചതിന് പിന്നാലെ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസിക്കുന്ന സോണിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ പ്രദേശത്തുതന്നെ താമസിക്കുന്ന ഷെഹ്സാദാണ് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. 

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് റാവല്‍ പിണ്ടിയിലെ കോറല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ പെണ്‍കുട്ടിക്കുനേരെ ഷെഹ്സാദ് വെടിയുതിര്‍ക്കുകയായിരുന്നു. 

കൊലപാതകവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഷെഹ്സാദിന്റെ അമ്മയാണ് വിവാഹ ആലോചനയുമായി സോണിയയുടെ മാതാപിതാക്കളെ സമീപിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള  സോണിയയുടെ ആഗ്രഹം ചൂണ്ടിക്കാട്ടിയാണ് മതാപിതാക്കള്‍ ഇതു നിരസിച്ചത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക