കൊച്ചി: മേല്‍ക്കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും ഇതില്‍ അസൗകര്യമുണ്ടെങ്കില്‍ അക്കാര്യം മജിസ്‌ട്രേറ്റ് പ്രത്യേകം വ്യക്തമാക്കണമെന്നും ഹൈക്കോടതി. പീഡനക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ അന്നു തന്നെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറും ഹൈക്കോടതിയുടെ ഭരണവിഭാഗവും പരിഗണിക്കേണ്ട വിഷയമായതിനാല്‍ കൂടുതല്‍ പറയുന്നില്ല. ഹര്‍ജിക്കാരന്‍ ഉന്നയിച്ച പരാതി ശരിയാണെങ്കില്‍ ഗൗരവമുള്ള വിഷയമാണ്. ജാമ്യാപേക്ഷ കഴിയുന്നതും അന്നുതന്നെ പരിഗണിക്കാനാണ് നിര്‍ദേശിച്ചത്. ഇതു പാലിച്ചില്ലെന്നു മാത്രമല്ല, ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ, കാരണമൊന്നും പറയാതെ ജാമ്യാപേക്ഷ രണ്ടു തവണ മാറ്റിവച്ചു. മറ്റെന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ അക്കാര്യം മജിസ്‌ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
ജയിലിലായ ഭര്‍ത്താവിനെ മോചിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അടൂര്‍ പഴകുളം സ്വദേശി അബ്ദുള്‍ റഹ്‌മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ കഴിയുമെങ്കില്‍ അന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 25ന് കീഴടങ്ങിയ പ്രതിയെ അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ ജാമ്യാപേക്ഷ കോടതി തുടര്‍ച്ചയായി രണ്ടു തവണ മാറ്റി. പിന്നീട് നവംബര്‍ 27ന് തള്ളി. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തു പ്രതിക്ക് ജാമ്യം അനുവദിച്ചു. മജിസ്‌ട്രേറ്റിന്റെ നടപടി പരിശോധിക്കാന്‍ വിധിയുടെ പകര്‍പ്പ് കീഴ്‌ക്കോടതികളുടെ ഭരണച്ചുമതലയുള്ള സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: